Monday, December 11, 2006
വീരഭദ്രന് ഇല്ലാത്ത മിനി മീറ്റ്
( ബഹു : പൊന്നമ്പലം, വീരഭദ്ര വിരോധി ആയതാണ് സംഭവം ഇങ്ങനെ ആകാന്‍ കാരണം)
ശ്രീജിത്തിന്റെ അറിയിപ്പനുസരിച്ച് ഫോറത്തില്‍ എത്തിയപ്പോള്‍ അവിടെ പൊന്നമ്പലവും കുട്ടിച്ചാത്തന് എന്ന ബ്ലോഗറും റെഡിയായിരുന്നു. പിന്നീട് ആര്‍ദ്രവും, കിരണ്‍സും മഴനൂലും വേറെ ഒരു Would Be Blogger ആയ സ്മിതയും എത്തിച്ചേര്‍ന്നു. Transit-ഇല് നിന്നും കോള്‍ഡ് കോഫിയും കുടിച്ച് പിന്നീട് കൈരളിയില്‍ നിന്നും കേരളാ ഭക്ഷണവും കഴിച്ച് പിരിഞ്ഞ മീറ്റ്, മീറ്റുകളുടെ അപ്പച്ചനാകുകയായിരുന്നു (Father of All meets).
നമ്മള് ഇങ്ങനെ ആഴ്ച്കയ്ക്കാഴ്ച്കയ്ക്ക് മീറ്റു നടത്തിയാല്‍ മറ്റു ദേശക്കാര്‍ എന്തു കരുതും എന്ന ചോദ്യത്തിന്, നമ്മുടെ മീറ്റില്‍ പങ്കെടുക്കാന്‍ ഒരു ബ്ലോഗര്‍ക്ക് പരമാവധി യാത്ര ചേയ്യേണ്ട ദൂരം 15 കിലോമീറ്റര്‍ മാത്രമാണെന്നും അതു കൊണ്ട് നമുക്കു തോന്നുമ്പോള്‍ ഒക്കെ നമ്മള് മീറ്റ് നടത്തുമെന്നും ആണയിട്ട ബാംഗളൂര്‍ ബ്ലോഗേര്‍സ് വിട പറയാന്‍ മടിയ്ക്കുന്ന മനസ്സുമായി ഫോറത്തിന്റെ മുന്പില് നിന്നും സ്വയം പിരിഞ്ഞു പോകുകയാണുണ്ടായത്.. വീരഭദ്രനു മുന്‍പ് ഊണുകഴിയ്ക്കില്ല എന്ന് പറഞ്ഞ മഴനൂല്, കടുവ എന്ന ചങ്ങാതിയോടൊപ്പം വീരഭദ്രശാല അന്വേഷിച്ച് പോകുകയും ഉണ്ടായി
(ചിത്രങ്ങള്‍ ആര്‍ദ്രം പോസ്റ്റുന്നതാണ്)
Wednesday, December 06, 2006
അത്താഴ വിശേഷങ്ങള്‍: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

അവസാനം ചന്ദ്രക്കാറന് വിജയിച്ചു. മദ്യ വിഷമാണെങ്കിലും അത് കുടിച്ചില്ലെങ്കില്‍ വിഷമമാണെന്ന് തഥാഗതനെ ബോധ്യപ്പെടുത്തി. തഥാഗതന് തന്റെ പെഗുമായി.
കിരണ്‍ പാടുന്നു. രംഗത്ത് പാട്ടു കേട്ട് ഉറങ്ങിപ്പോയ അജിത്തും കണ്ണുകള്‍ ആര്‍ദ്രമായ ആര്‍ദ്രവും.
ചന്ദ്രക്കാറന്റെ കത്തി കേട്ട് നെറ്റിയില്‍ കൈ വച്ച മഴനൂല്. ബോറടിച്ച് വേറെ ഒരു പണിയും ഇല്ലാതെ സ്വന്തം മൊബൈല്‍ ആകാശത്തേക്കെറിഞ്ഞ് പിടിക്കുന്ന ശ്രീജിത്ത്.
ബില്ലു വന്നപ്പോള്‍ ഞെട്ടിയ കുട്ടപ്പായി. അടുത്ത്, ഉറക്കം നടിക്കുന്ന ശ്രീജിത്തും എഴുന്നേറ്റോടാന്‍ തുടങ്ങുന്ന മഴനൂലും.
ഗോ കാര്‍ട്ടിങ്ങ്: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

മുന്നില്‍ നിന്നും പിന്നിലേയ്ക്ക്: ചന്ദ്രക്കാറന്, മഴനൂല്, ശ്രീജിത്ത്, ആര്‍ദ്രം, അതിനും പിന്നിലുള്ളവരെ കാണാന്‍ മേല.
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍.
ചന്ദ്രക്കാറന് വണ്ടി ഫ്ലാഗ് ഓഫ് ചെയ്യുമ്പോള്‍ എല്ലാവരേയും കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു.

മത്സരഓട്ടത്തിനിടയ്ക്ക് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ സ്വത്തുക്കള്‍ ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന് നല്‍കണമെന്ന് വില്പത്രത്തില് ഒപ്പിടുന്ന കുട്ടപ്പായി. പിന്നില്‍ കിരണ്‍സ്.
ഈ റേസ് എപ്പൊ ജയിച്ചു എന്ന് ചോദിച്ചാല്‍ മതി എന്ന ആത്മവിശ്വാസവുമായി ഈ അമേസിങ്ങ് റേസിനു മുന്‍പ് കുട്ടപ്പായി.

പീലിക്കുട്ടിയും രാധയും റേസിനു മുന്‍പ്. ജഡ്ജസ് പ്ലീസ് നോട്ട്: കൈ ഉയര്‍ത്തിക്കാട്ടുന്നത് പീലിക്കുട്ടി.
പീലിക്കുട്ടിയും രാധയും റേസിനു ശേഷം. ട്രാക്കിനരികില്‍ ഇട്ടിരുന്ന പകുതിയിലധികം ടയറുകള്‍ ഇടിച്ച് ട്രാക്കിലേയ്ക്ക് ഇട്ടതിന്റെ ആത്മവിശ്വാസം അവരുടെ മുഖത്ത്. നിലം തൊട്ട് നില്ക്കുന്ന കാര്‍ട്ടിങ്ങ് വണ്ടിയുടെ അടിയില്‍ പോയി ആ മുഖം പകര്‍ത്താന്‍ ആയില്ല. എല്ലാരും ഒന്ന് ക്ഷമി.
Tuesday, December 05, 2006
ഉത്ഘാടന ചിത്രങ്ങള്‍: നാലാം മീറ്റ്
മീറ്റ് ഉത്ഘാടനം ആസ്വദിക്കുന്ന കുട്ടപ്പായി.
നാലാം മീറ്റ് ശ്രീജിത്തിനെ ബൂലോകത്തിലെ ഏറ്റവും വലിയ മണ്ടനുള്ള അവാര്‍ഡായ പൊന്നാടയും തലപ്പാവും നല്കി ആദരിച്ചപ്പോള്‍ (ഇത് സാധാരണ കര്‍ണ്ണാടകയിലെ മണ്ടന്മാര്ക്കാണ് നല്‍കാറുള്ളത്. യവന് അവരേക്കാളും വലിയ മണ്ടന്‍ ആയതുകൊണ്ട് ഇത് തന്നെ കൊടുത്തു) .
കന്നട ഭാഷ സ്വന്തം ബ്ലോഗില്‍ ഉപയോഗിച്ച ഒരേയൊരു ബാംഗ്ലൂര്‍ ബ്ലോഗര്‍ ആയ കുട്ടപ്പായിയെ തഥാഗതന് കര്‍ണ്ണാടകയിലെ പരമ്പരാഗത വസ്ത്രമായ ഉത്തരീയം അണിയിച്ച് അഭിനന്ദിക്കുന്നു.

അല്പ്പന് മീറ്റിന് തലപ്പാവും പൊന്നാടയും കൊടുത്താല്‍ അതും തണല്‍ എന്നതിന്റെ ഉദാഹരണമായി കിട്ടിയ സമ്മാനങ്ങള്‍ വച്ച് ശ്രീജിത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. പിറകില്‍ ലവന് ചെയ്യാമെങ്കില്‍ എനിക്കായിക്കൂടേ എന്നും പറഞ്ഞ് ഒരുങ്ങുന്ന കുട്ടപ്പായി.
റിപ്പോര്‍ട്ട്: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്
പീലിക്കുട്ടിയായിരുന്നു ആദ്യമെത്തിയത്. മൂന്ന് മണിക്ക് തുടങ്ങാന്‍ നിശ്ചയിച്ച മീറ്റിന് രണ്ടേമുക്കാലോടെ തന്നെ എത്തി തന്റെ ശുശ്കാന്തി തെളിയിച്ചു പീലിക്കുട്ടി. വെള്‍ക്കം ഡ്രിങ്ക് എന്ന സാധനം ആദ്യമേ കുടിച്ച് തീര്‍ക്കാനുള്ള ഒരു ത്വരയുടെ ഭാഗമാണ് ഇതെന്ന് ചില ദോഷൈകദൃക്കുക്കള്‍ ആരോപണം ഉന്നയിച്ചെങ്കിലും അത് പീലിക്കുട്ടിയുടെ പ്രഭാവത്തിനുമുന്നില്‍ വിലപോയില്ല. തുടര്‍ന്നെത്തിയ ശ്രീജിത്തും മഴനൂലും ഈ കുട്ടിയുടെ പീലി കണ്ട് വീണു പോയി എന്നുപറഞ്ഞ ദോഷൈകദൃക്കുക്കള്‍ മുന്നേ പറഞ്ഞവര്‍ തന്നെയാണോ എന്ന വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഒരു സ്ഥിതീകരണം ഇതു വരെ കമ്മിറ്റി ആപ്പീസില് ലഭിച്ചിട്ടുമില്ല. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പിറകില്‍ നിന്ന് ഒരു വിളി വന്നു. “ഡ്രൈവര്‍ര്‍ര്‍...”. “യെസ്, സര്” എന്നും പറഞ്ഞ് മഴനൂല് തിരിഞ്ഞു നോക്കി. മുറ്റത്ത് ഒരു തഥാഗതന്. അദ്ദേഹം സ്വന്തം ഡ്രൈവറെ വിളിച്ചപ്പോള്‍ മഴനൂല് തിരിഞ്ഞ് നോക്കിയത് ടിപ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണെന്നാണ് പൊതുവേയുള്ള സംസാരം.
അധികം വൈകാതെ ഒരു കാല് ഗോകര്‍ണ്ണത്തും മറ്റേക്കാല് കാസര്‍ഗോഡിലും വയ്ക്കുന്ന തരത്തില്‍ നടന്നുകൊണ്ട് തെങ്ങിനൊക്കെ എന്താ ഒരു വാട്ടം എന്ന് മട്ടില്‍ ആകാശത്ത് കണ്ണും നട്ട് കുട്ടപ്പായി ആഗതനായി. അവിടത്തെ ലോക്കല്‍ പയ്യന്‍സ് ആര്‍ദ്രവും ഉടനേ തന്നെ എത്തി. തുടര്‍ന്നങ്ങോട്ട് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എം.ജി.റോഡിന്റെ അപ്പുറത്ത് ഒരു വലിയ കുഴി ആണെന്ന് അത്ര നാളും വിശ്വസിച്ചിരുന്ന ചന്ദ്രക്കാറനും, ബാംഗ്ലൂര്‍ സിറ്റിയുടെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ യാത്ര ചെയ്തു വരികയായിരുന്ന രാധയും, ഓട്ടോയിലിരുന്ന് ലൈവ് അപ്ലേറ്റ് കൊടുത്തുകൊണ്ട് കിരണും ആര്.ടി.നഗറിലെ പട്ടേത്സ് ഇന്‍ എന്ന റിസോര്‍ട്ടില്‍ കുട്ടപ്പായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് ബദ്ധപ്പെട്ട് സ്ഥലത്ത് എത്തിച്ചേര്‍ന്നു. നാട്ടില്‍ നിന്ന് വന്ന ഒരാളെ കെട്ടുകെട്ടിച്ച് പായ്ക്ക് ചെയ്തു വിട്ടതിനു ശേഷം മാത്രമേ വരാന്‍ പറ്റുകയുള്ളൂ എന്നുപറഞ്ഞ അജിത്ത് വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നതിനാല്‍ പരിപാടികള്‍ അദ്ദേഹത്തിനുവേണ്ടി കത്തുനില്‍ക്കാതെ ഉടന്‍ തുടങ്ങാന്‍ തീരുമാനമായി.
ഏകദേശം നാലരയോടുകൂടി മുന്നുമണിയ്ക്ക് തുടങ്ങാനിരുന്ന മീറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. കാണാന്‍ അറുപത് പറയുമെങ്കിലും മനസ്സുകൊണ്ട് ഇരുപത് മാത്രമാണെന്ന് സ്വയം അവകാശപ്പെടുന്ന തഥാഗതനാണ് മീറ്റ് ഉത്ഘാടനം ചെയ്തത്. പരമ്പരാഗത രീതിയില്‍ ഉത്ഘാടനം ചെയ്യാന്‍ ഏഴു തിരിയിട്ട വിളക്കോ, അറ്റ്ലീസ്റ്റ് ഒന്നു മുറിക്കാന്‍ ഒരു നാടയോ ഒരുക്കാക്കുന്നതില്‍ സംഘാടകര്‍ അലംഭാവം വരുത്തിയതിനാല്‍ ഹാളിലെ ലൈറ്റ് ഓണ്‍ ചെയ്താണ് ഈ മഹത്തായ കൂട്ടുചേരല്, ഉത്ഘാടനം ചെയ്യപ്പെടുകയുണ്ടായത്. മുന്‍നിശ്ചയിച്ച പ്രകാരം നടക്കേണ്ടിയിരുന്ന കവലപ്രസംഗങ്ങള്‍, മറ്റുള്ളവരെ കാത്ത് നിന്ന നേരം കൊണ്ട് കുട്ടപ്പായി, തഥാഗതന്, ശ്രീജിത്ത് എന്നിവര്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ അതൊഴിവാക്കി നേരെ വ്യക്തിപരിചയത്തിലേയ്ക്ക് കടക്കാന്‍ സംഘാടകസമിതി തീരുമാനമെടുക്കുകയാണുണ്ടായത്.
പുതുതായി വാങ്ങിയ ക്യാമറയുടെ ഉത്ഘാടന പടം പിടുത്തം ചന്ദ്രക്കാറന് തകൃതിയായി നടത്തുന്നതിനിടയില്‍, തഥാഗതന് തന്നെക്കുറിച്ച് നാലു പുറത്തില്‍ കവിയാതെ ഉപന്യസിച്ചു. കണ്ടിരുന്ന കിരണ്‍ ഉടന്‍ പത്തില്‍ എട്ട് മാര്‍ക്ക് നല്കി എന്ന് സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകളുണ്ട്. വേദിയുടെ മൂലയ്ക്ക് ഇരുന്നിരുന്ന മഴനൂലുകള്‍ അവിടെ നിന്നുകൊണ്ട് ആനക്കൊമ്പ് പോലെ പുറത്തേയ്ക്ക് നീളുന്ന പുകക്കുഴലുകള്‍ കൊണ്ട് സ്മോക്ക് ഇഫക്റ്റ് നല്‍കിയത് ആ വൈകുന്നേരം വര്‍ണ്ണാഭമാക്കി. അടഞ്ഞ ആ മുറിയ്ക്കുള്ളില്‍ ശബ്ദം മാറ്റൊലി കൊണ്ട് ഡോള്‍ബി ഇഫക്റ്റ് നല്‍കുന്നുണ്ടായിരുന്നതിനെ ആര്‍ദ്രം പ്രകീര്‍ത്തിക്കുകയുണ്ടായി. മലയാളം ചാറ്റില്‍ പണ്ടുമുതലേ ഉണ്ടായിരുന്ന തഥാഗതനും കിരണും പഴയ കാല അനുഭവങ്ങള്‍ പങ്കുവച്ചത് സദസ്യരില്‍ കൌതുകമുണര്‍ത്തി. സ്വന്തമായി വെബസൈറ്റുകള്‍ നടത്തുന്ന കിരണും അജിത്തും മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ടീമും പോര്‍ട്ടല്‍ നടത്തിപ്പിന്റെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍ പട്ടി ചന്തയ്ക് പോയ പോലെ ഇരുന്ന കുട്ടപ്പായി ഒരു മൂലയിലിരുന്ന് കോട്ടുവായ് മത്സരത്തിന് പങ്കാളിത്തം ക്ഷണിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി പ്രതിഷേധിച്ചു. ആദ്യമായി മീറ്റിന് ഉണ്ടായ സ്ത്രീസാന്നിധ്യമായ പീലിക്കുട്ടിയും രാധയും തങ്ങളും വളര്‍ന്ന് വരുന്ന ബ്ലോഗ് വസന്തമാണെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടേയിരുന്നു.
ഏറ്റവും പ്രിയങ്കരമായ ബ്ലോഗുകള്‍ ഓരോരുത്തരോടും ചോദിച്ചപ്പോള്‍ മുന്‍മീറ്റുകള്‍ പോലെ തന്നെ ഇത്തവണയും മൊത്തമായും ചില്ലറയായും അരവിന്ദന് വിജയിയായി തന്നെ നിന്നു. ബാംഗ്ലൂര്‍ ചോരയാണ് ആ രക്തത്തില്‍ ഓടുന്നത് എന്ന ഒരു പ്രാദേശിക വാദം അപ്പോള്‍ ഉയരുകയുണ്ടായി. ദില്‍ബാസുരനും തൊട്ടുപിന്നേയെത്തിയത് ആ വാദം അരക്കിട്ടുറപ്പിച്ചു. തുടര്‍ന്ന് വിശാലന്റെ അടുത്തൂടെ പോയ കാറ്റൊന്ന് കൊള്ളാന്‍ യോഗമുണ്ടായിരുന്നെങ്കില്‍ എന്ന് പലരും നെടുവീര്‍പ്പിടുകയും യൂറോപ്പില്‍ പോയി ബോര്ഡറില് കള്ളനും പോലീസും കളിച്ച കുറുമാന്റെ പച്ചയായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരത്തിനു തുല്യമായ ഒന്നും ഇന്നേ വരെ ബ്ലോഗില്‍ കണ്ടിട്ടില്ലെന്ന് ഐക്യകണ്ഠേന അഭിപ്രായമുയരുകയും ചെയ്തു. ഇതിന്റെ ഇടയ്ക്ക് ചില ലോലഹൃദയരെ ശ്രീജിത്ത് കണ്ണുരുട്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പേരും ഇടയ്ക്ക് പറയിപ്പിക്കുകയുണ്ടായെങ്കിലും അത് കടലില്‍ കലക്കിയ കായം പോലെ ആരും ശ്രദ്ധിച്ചില്ല. അങ്ങിനെ കൊച്ച് കൊച്ച് തമാശകളും അഭിപ്രായങ്ങളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ചടങ്ങില്‍ ചിലര്‍ ആകാശത്ത് സ്റ്റിയറിങ്ങ് വീല്‍ തിരിക്കുന്നതും കസേരയില്‍ ആക്സിലറേറ്റര്‍ പോലെ ചവിട്ടുന്നതും കണ്ട് കാര്യം മനസ്സിലാക്കിയ തഥാഗതാധ്യക്ഷന്‍ ചടങ്ങ് അടുത്തയിനത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചു.
ബിഗ് സൈസ് വണ്ടികള്‍ ഓടിച്ച് പരിചയിച്ച വലിയ പുലികള്‍ക്ക് കുഞ്ഞ് കാര്‍ട്ടിങ്ങ് വണ്ടി കൌതുകമുളവാക്കുന്നതായിരുന്നു. ചിലരെങ്കിലും ഇത് ആദ്യം പരീക്ഷിക്കുന്നതും. അതു കൊണ്ട് തന്നെ ആദ്യത്തെ കുറച്ച് നേരത്തെ കാത്തിരുപ്പ് ആശങ്കകളുടെതും സ്റ്റ്രാറ്റെജി പ്ലാനിങ്ങുകളുടേതുമായി. താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച രാധ-പീലിക്കുട്ടി കൂട്ടുകാരികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പിന്നീട് താത്പര്യം കാണിച്ചതോടുകൂടി എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുക്കുന്ന ഒരു പരിപാടിയായി അതുമാറി. ഡ്രൈവറെ വച്ചോടിക്കാന്‍ പറ്റിയ കാര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നതിനാല്‍ തഥാഗതന് ഈ ഇനത്തില്‍ പങ്കെടുക്കാതെ പിന്മാറുകയാണുണ്ടായത്.
ആവേശപൂര്‍ണ്ണമായ മത്സരമായിരുന്നു ചന്ദ്രക്കാറനും മഴനൂലും ശ്രീജിത്തും ആര്‍ദ്രവും തമ്മില്‍ നടന്നത്. എങ്കിലും, തലയുടെ ഇരട്ടി വലിപ്പമുണ്ടായിരുന്ന ഹെല്‍മെറ്റുകളിട്ട് തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് നടന്ന ഇവര്‍ ആരെയൊക്കെയോ എപ്പോഴൊക്കെയോ വെട്ടിച്ച് കടന്നുപോയെങ്കിലും ആര്‍ക്കും പരസ്പരം മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നതിനാല്‍ വിജയിയെ കണ്ടുപിടിക്കാനാകാതെ പിരിയുകയായിരുന്നു. ഇടയ്ക്ക് ട്രാക്കിനു ചുറ്റും നിരത്തിയിട്ടിരുന്ന ടയറുകളുടെ ഗുണനിലവാര പരിശോധന ചന്ദ്രക്കാറന് നടത്തിയെങ്കിലും അത് പീലിക്കുട്ടി-രാധ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ടയര്‍ ടെസ്റ്റിന് കാറിന്റെ പരിശോധനാനിലവാരത്തിന്റെ പത്തിലൊന്നുപോലും എത്തിയില്ല. ട്രാക്കില്‍ സ്വന്തം വണ്ടിയോടിക്കുന്നതിനുപകരം ട്രാക്കിലേയ്ക്ക് ടയര്‍ ഇടിച്ചിട്ടിട്ട് അവിടുത്തെ തൊഴിലാളികളെ തലങ്ങും വിലങ്ങും ഓടിക്കുന്ന നവീനമായ ഒരു കാര്‍ട്ടിങ്ങ് രീതിയാണ് അവര്‍ അവിടെ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് കാര്‍ട്ടിങ്ങ് കഴിഞ്ഞയുടനേ നടന്ന പത്രസമ്മേളനത്തില്‍ രണ്ടും പേരും അവകാശപ്പെട്ടു. ആള്‍ത്തിരക്ക് കൂടുതലായിരുന്നതിനാല്‍ അടുത്ത് റൌണ്ടില്‍ മാത്രം ഇടം കിട്ടിയ കുട്ടപ്പായിയും ഈ ഇനം നന്നായി ആസ്വദിക്കുന്നത് കാണാമായിരുന്നു. അനുവദിക്കപ്പെട്ട ആറ് ചുറ്റുകള്‍ക്ക് ശേഷം നിര്‍ത്താന്‍ ആവശ്യപ്പെട്ട ജീവനക്കാരോട് “ബ്രെയ്ക്കെവിടെ?” എന്ന് ചോദിച്ച് കുട്ടപ്പായി വീണ്ടും ചുറ്റല് തുടര്‍ന്നു. അവസാനം കുട്ടപ്പായി ബ്രേക്ക് കണ്ടു പിടിച്ചപ്പോഴേക്കും മൂന്ന്-നാല് റൌണ്ട് വീണ്ടും കഴിഞ്ഞിരുന്നു.
കാര്‍ട്ടിങ്ങിന്റെ ആവേശവുമായി എല്ലാവരും ഓടിയെത്തിയത് തീന്‍മേശയിലേയ്ക്കാണ്. സ്വാഭാവികമായും തന്റെ കഴിഞ്ഞ റൌണ്ടിലെ പകടനം മെച്ചപ്പെടുത്താനുള്ള ഒരു വേദിയായി എല്ലാവരും ഇതിനെക്കണ്ടു. കൂടുതല്‍ റൌണ്ടുകള്‍ വേഗത്തില്‍ തീര്‍ക്കുവാനായി അവനവനുമായി എല്ലാവരും നടത്തിയ ഈ മത്സരത്തില്‍ എല്ലാവരും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ആല്‍ക്കഹോള്‍ അടങ്ങിയ ശീതളപാനീയത്തിന്റെ മത്സരത്തില്‍ കുട്ടപ്പായി ആദ്യമേ തോറ്റു പിന്മാറിയെങ്കിലും മഴനൂലും ചന്ദ്രക്കാറനും തഥാഗതനും ആവേശപൂര്‍വ്വം മത്സരിച്ചു. കഴിഞ്ഞ മീറ്റില്‍ താന്‍ സ്ഥാപിച്ച വ്യക്തിഗത റെക്കോര്‍ഡ് ചന്ദ്രക്കാറന് മെച്ചെപ്പെടുത്തി. മദ്യനൂല്‍ പക്ഷെ മീറ്റിനു ശേഷവും ബാറുകളില്‍ നിന്ന് ബാറുകളിലേയ്ക്ക് സഫറോം കീ സിന്ദജി അങ്ങിനെയൊന്നും ഖതം ഹോ ജാതേ നഹീ ഹേം എന്നും പറഞ്ഞ് കൊണ്ട് കിട്ടുന്നിടത്തെല്ലാം ഒരു പിടി മണ്ണുവാരിയിട്ട് പ്രയാണം തുടര്‍ന്നതായാണ് അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവിട്ട ശ്രീജിത്ത് പറഞ്ഞ് പരത്തിയതായി അറിവായിട്ടുള്ളത്. തഥാഗതന് പക്ഷെ തന്റെ കഴിവിന്റെ പരമാവധി അവിടെ വച്ച് തന്നെ കഴിച്ച് തീര്‍ത്തു.
കഴിഞ്ഞ മീറ്റിന് ആവേശം വാനോളമുയര്‍ത്തിയ വെറുതേ കിടന്ന് തര്‍ക്കിക്കല്‍ മത്സരം ഇത്തവണയും അതിന്റെ ഔന്നിത്യങ്ങളില്‍ തന്നെ നിലകൊണ്ടു. കഴിഞ്ഞ തവണത്തെ വിജയിയായ ചന്ദ്രക്കാറന് തന്നെ ഇത്തവണയും വിജയിച്ച് ഈ രംഗത്തെ അനിഷേധ്യ ജേതാവാണെന്ന് തെളിയിച്ചു. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍നിന്നും വിഭിന്നമായി ഇത്തവണ ശക്തമായ വെല്ലുവിളികളാണ് ചന്ദ്രക്കാറന് നേരിടേണ്ടി വന്നത്. തഥാഗതന് ഇന്നല്ലെങ്കില്‍ നാളെ ഈ കിരീടം ഞാന്‍ മേടിച്ചെടുക്കും എന്നും പറഞ്ഞ് കട്ടയ്ക്ക് കട്ടയ്ക് നിന്നു മത്സരം തീപാറുന്നതരമാക്കി. മറ്റുള്ളവരുടെ നാക്ക്, ഊണ് കഴിച്ച പാത്രം നക്കിത്തുടയ്ക്കുകയും കൂടെ ചെയ്തതിനു ശേഷം വെറുതേ ഇരിക്കേണ്ട ഒരു സ്ഥിതിവിശേഷമായിരുന്നു പിന്നീട് കുറേ നേരം. അതിനൊരറുതി കൊടുത്തു കൊണ്ട് വെറൈറ്റി എന്റെര്‍ടെയിന്റ്മെന്‍സ്റ്റിനു മറ്റ് സഹൃദയരുടെ ഇടപെടല്‍ മൂലം തുടക്കമായി.
ബ്ലോഗ്സ്വരയുടെ മുന്നണിപ്പോരാളിയും പിന്നണിഗായകനുമായ കിരണിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ചില പാട്ടുകളുമായി ഈ ഇനത്തിന് തുടക്കമായി. എല്ലാവരേയും സ്വന്തം സ്വരം കൊണ്ട് ഉടന്‍ തന്നെ കിരണ്‍ കയ്യിലെടുത്തു. തുടര്‍ന്ന് പീലിക്കുട്ടിയും മഴനൂലും തങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ പാട്ടിന്റെ ഈ വേദി അലങ്കരിച്ചു. അറിയാവുന്ന പണിയ്ക്ക് പോയാല്‍ മതി എന്ന ഒരു തത്വസംഹിതയുടെ വക്താക്കളായ കുട്ടപ്പായി, ആര്‍ദ്രം, അജിത്ത് തുടങ്ങിയവര്‍ കൈ കൊട്ടുന്നതിന്റെ നവീന പ്രവണതകള്‍ ഏതൊക്കെയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. കൊച്ചി മീറ്റിന്റെ ഗായകസംഘം തലവനായ ശ്രീജിത്ത്, പല ഭീഷണികള്‍ക്കുമുന്നിലും പതറാതെ നിന്നുവെങ്കിലും പാടാനുള്ള തന്റെ ആഗ്രഹം തൊണ്ട ശരിയല്ല എന്ന കാരണത്താല്‍ ബലികഴിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ മുഖം വിഷാദാര്‍ദ്രമാക്കി. അജിത്ത് ഏറ്റിരുന്ന കോമഡി ഷോ, മറ്റുള്ളവര്‍ ഏറ്റിരുന്ന ഏകാങ്ക നാടകം എന്നിവ സമയക്കുറവുമൂലവും പീലിക്കുട്ടി, രാധ എന്നിവര്‍ ഏറ്റിരുന്ന കഥാപ്രസംഗം കോസ്റ്റ്യൂംസിന്റെ അഭാവം മൂലവും വേണ്ട എന്ന് വയ്ക്കേണ്ടി വന്നത് ഭാഗ്യത്തിന് ആരും ശ്രദ്ധിച്ചുകണ്ടില്ല.
രാത്രി പത്തു മണിയോടെ മീറ്റിന് തിരശ്ശീല വീണു. സ്വന്തം വണ്ടിയിലല്ലാതെ വന്നവരെ ചന്ദ്രക്കാറന് കൊണ്ടു വിട്ടു. മറ്റുള്ളവര്‍ അവനവന്റെ പാടുനോക്കിപ്പോയി, മഴനൂല് ബാര്‍ നോക്കിയും. എല്ലാവര്ക്കും എന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ രസകരമായ ഒരു അനുഭവമായി ഈ മീറ്റ് എന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ ഏറ്റുപറഞ്ഞു. അടുത്ത മീറ്റ് ഉടന്‍ തന്നെ നടത്താമെന്ന തീരുമാനവുമായിട്ടാണ് എല്ലാവരും പിരിഞ്ഞത്.
മീറ്റിന്റെ ഇടയില്‍ വീണുകിട്ടിയ ചില രസകരമായ സംഭവങ്ങള്‍ കൂടിച്ചേര്‍ക്കാതെ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമാകുന്നതെങ്ങിനെ?
കുട്ടപ്പായി: എന്റെ ഒരു കൂട്ടുകാരന് ടെസ്കോ എന്ന കമ്പനിയിലുണ്ട്.
ശ്രീജിത്ത്: ടെസ്കോയോ? എന്താ സ്പെല്ലിങ്ങ്?
കുട്ടപ്പായി: ടി.ഇ.എസ്.കോ
---
കാര്‍ട്ടിങ്ങ് നടക്കുന്ന പവലിയനില്‍ പെട്ടെന്ന് ചന്ദ്രക്കാറന്റെ മുന്നില്‍ എല്ലാവരും തടിച്ചുകൂടി. എല്ലാവരും ചന്ദ്രക്കാറന് അഭിമുഖമായി നിന്ന് ചന്ദ്രക്കാറന്റെ സംസാരം കേള്‍ക്കാന്‍ നില്‍ക്കുന്നത് കണ്ട് ചന്ദ്രക്കാറന് കോള്മയിര് കൊണ്ടു. ചന്ദ്രക്കാറന്റെ പിന്നില്‍ നിന്ന പെണ്‍കുട്ടി അവിടുന്ന് മാറിയപ്പോള്‍ ഈ പുരുഷാരവും ഓരോ വഴിക്ക് പിരിഞ്ഞു. അപ്പോഴാണ് തന്റെ ഫാന്‍സിന്റെ ഉള്ളിലിരുപ്പ് ചന്ദ്രക്കാറന് മനസ്സിലാകുന്നത്.
---
ചന്ദ്രക്കാറന്: പാലക്കാടിനെക്കുറിച്ച് എന്നോട് തര്‍ക്കിക്കരുത്. പെട്രോള്‍ കട ചോദിച്ചാല്‍ മണ്ണെണ്ണക്കട കാണിച്ച് കൊടുക്കുന്നവരാണ് ആ നാട്ടുകാര്‍. ഞാന്‍ അവിടെ കുറേക്കാലം തെണ്ടിത്തിരിഞ്ഞ് നടന്നിട്ടുള്ളതാണ്.
തഥാഗതന്: തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഒരാളോട് പാലക്കാട്ടുകാര്‍ അങ്ങിനെയേ പറയാറുള്ളൂ.
---
കളരിയും പതിനെട്ടടവും പയറ്റും ചര്‍ച്ചാവിഷയമായപ്പോള്‍ ശ്രീജിത്ത് മൌനം പൂണ്ടു. ഇതുകണ്ട തഥാഗതന്
“നീ എന്താടാ മിണ്ടാതിരിക്കുന്നത്?”
“ഓ, ഞാന്‍ കുറച്ച് കാലമായി അങ്കത്തിന് പോകാറില്ല. കഴിഞ്ഞ അങ്കത്തിന് കൈ ഉളുക്കിയത് ഇതു വരെ ഭേദമായില്ല”