Wednesday, February 13, 2008

ഇനിയൊരിക്കലും, പ്രണയം...


പ്രണയത്തിന്റെ തീക്കനല്‍ കോരിയിട്ട്,
പ്രളയാഗ്നിപോലെയെന്നുള്ളം ദഹിപ്പിച്ച്,
പ്രയാണ്യേപന്ഥാവിലൊന്നായലഞ്ഞിത്ര-
പ്രത്യക്ഷേ നീയെന്റെ ഹൃദയം പിളര്‍ന്നതിന്‍,
പ്രകൃത്യവേദന നീ അറിയുന്നുവോ...?

ഇനിയൊരിക്കലും, ആര്‍ക്കും, പ്രണയം നൊമ്പരങ്ങള്‍ നല്‍കാതിരിക്കട്ടെ
എന്ന പ്രാര്‍ത്ഥനയോടെ...
ഏവര്‍ക്കും Happy Valentine's Day...
സ്നേഹപൂര്‍വ്വം,
സതീര്‍ത്ഥ്യന്‍

Sunday, February 03, 2008

റിവേഴ്സ് നൊസ്റ്റാള്‍ജിയ...

ബാംഗളൂര്‍ നീ സുന്ദരിയാണ്! നിന്നെത്തട്ടിവരുന്ന കാറ്റിന് ഒരു മാദക ഗന്ധമാണ്... പച്ചനോട്ടിന്റെ മണത്തില്‍ foriegn perfume ഗന്ധം മേമ്പൊടി ചേര്‍ത്തൊരു ഫ്യൂഷന്‍ സുഗന്ധം... ചുറ്റിലും ഒരു കാന്തിക വലയം... അറിയാതെ അടുത്തെത്തുന്നവരെ പോലും, നിന്നിലലിയിക്കുന്ന ഈ ആകര്‍ഷണം നീ എങ്ങനെ തീര്‍ത്തു? ഒരു നിയോഗം പോലെ, ശൈത്യകാലത്തെ ഒരു പ്രഭാതത്തില്‍, നിന്നെത്തേടി ഞാനുമെത്തി. ഇഴഞ്ഞു നീങ്ങിയ ബസ്സില്‍ നിന്നും തത്രപ്പെട്ടു പുറത്തിറങ്ങുമ്പോഴേക്കും, കടുത്ത തണുപ്പ് എന്നെ പിടികൂടി. അതു തടയാന്‍ ഒന്നും കൈയ്യില്‍ കരുതിയിരുന്നുമില്ല. കൂട്ടിയിടിക്കുന്ന പല്ലുകളെ അടക്കി നിര്‍ത്താന്‍ ഞാന്‍ പാടുപെട്ടു. അറിയാത്ത ഒരു ഭാഷാ base ല്‍, മുറിത്തമിഴും, fillet ചെയ്ത കുറച്ചു മലയാളം വാക്കുകളും ചേര്‍ന്ന ശബ്ദാവലികള്‍ ചെവിയില്‍ തട്ടിയിട്ടും, തലയ്ക്കകത്തു കയറാതെ നിന്നു. ലക്ഷ്യം വച്ചു വന്ന address തേടി, ഞാന്‍ കയറിയ ഓട്ടോ ചലിച്ചുതുടങ്ങിയപ്പോള്‍, അന്ന് ശീതക്കാറ്റേറ്റ് ഞാന്‍ വിറച്ചു... ഇന്നിപ്പോള്‍ ഡിസംബറില്‍ പോലും നിനക്കെന്നെ തണുപ്പിക്കാന്‍ കഴിയാതെ വരുന്നു.. ചിലപ്പോള്‍ മാര്‍ച്ചില്‍ ഞാനിവിടെ കാശ്മീര്‍ കാണുന്നു... നിന്നെ ഞാന്‍ കുറ്റം പറയില്ല... കുറ്റം നമുക്ക് Globalization നും, Global Warming നും നല്‍കാം...

നീയെനിക്ക് എന്നും പ്രിയപ്പെട്ടവളല്ലേ... Computer തരംഗങ്ങള്‍ നിന്റെ സിരകളിലൂടൊഴുകുമ്പോള്‍ ഏതോ ഒരു നിര്‍വൃതിയോടെ നീ തരളിതയാവുന്നു! അതിന്റെ ആവേഗത്തില്‍ ഞാനും പങ്കുചേര്‍ന്നു എന്നറിഞ്ഞാല്‍ നിനക്കു സന്തോഷമാവില്ലേ..? അല്ലെങ്കില്‍ ഞാനെന്തിനു പറയുന്നു; എല്ലാം നീ അറിയുന്നുണ്ടല്ലൊ!! പക്ഷേ, സ്വാര്‍ത്ഥതാല്പര്യങ്ങളുടേയും, ആഡംബരക്കാറുകളുടേയും ആധിക്യം കാരണം നീ വീര്‍പ്പുമുട്ടുന്നതു ആരും അറിയുന്നില്ലല്ലോ? അറിഞ്ഞതായ് ഭാവിക്കുന്നില്ലല്ലോ?... ശൈശവത്തില്‍ നിന്നെ താ‍ലോലിച്ചവര്‍ക്കും, യൌവ്വനത്തില്‍ നിന്നെ സ് നേഹിച്ചവര്‍ക്കും, നിന്റെ അകാലവാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുനില്‍ക്കാനാവില്ല... എനിക്കും... കാരണം ഞാനും നിന്നെ സ് നേഹിക്കുന്നു...

സംസ്കാരങ്ങളുടെ പരിഛേദനങ്ങളും, സന്നിവേശങ്ങളും നീ എത്ര കണ്ടു.. ധനികന്‍ ധനികനായും, ദരിദ്രന്‍ ദരിദ്രനായും വളരുന്നു.. അങ്ങനെ വലിയ ധനികനും, വലിയ ദരിദ്രനും എത്രയേറെ ഉണ്ടാവുന്നു.. നിന്നെ സ് നേഹിക്കാനെത്തിയവര്‍ തന്നെ നിന്നെ കളങ്കപ്പെടുത്താനായ് ശ്രമിക്കുന്ന കാഴ്ച്ചയും ഞാന്‍ കണ്ടു.. പക്ഷേ, നിന്നെ കളങ്കപ്പെടുത്താനോ, മലിനമാക്കനോ, നിന്നെ സ് നേഹിക്കുന്നവര്‍ സമ്മതിക്കില്ല.. എങ്കിലും, നിന്നെ വധിക്കാന്‍ ശ്രമിക്കുന്ന ചാവേറുകളെ, കരളുറപ്പോടെ തടയാന്‍ മുന്നിട്ടിറങ്ങുന്നവര്‍ എത്ര പേരുണ്ടാവും നിന്റെ കാമുകവൃന്ദത്തില്‍.. എന്തുതന്നെയായാലും, നീ എല്ലാവരേയും സ് നേഹിച്ചു...

ഒടുവില്‍ നിന്നെ പ്രലോഭിപ്പിച്ച് നിന്റെ കഴുത്തില്‍ മിന്നുകെട്ടിയ രാഷ്ടീയക്കാരന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പുഴുത്ത നോട്ടുകെട്ടുകള്‍ക്ക് വേണ്ടി, അവന്‍ ആര്‍ക്കെല്ലാം നിന്നെ കാഴ്ച്ചവെച്ചു എന്നും എനിക്കറിയില്ല... പക്ഷേ, എണ്ണിയാല്‍ തീരാത്തത്ര രാഷ്ട്രീയക്കുഞ്ഞുങ്ങളെ നീ പെറ്റിട്ടു.. മുലപ്പാലിനൊപ്പം നിന്റെ ചോരയും നീരും വറ്റുന്നത് നീ അറിഞ്ഞോ? നിന്നെ വെട്ടിമുറിച്ച് വോട്ടുബാങ്കുകളാക്കിയും, നിന്നെ വിറ്റ് സമ്പാദ്യം ബാങ്കുകളിലിട്ടും നിന്റെ മക്കള്‍ വളര്‍ന്നുവന്നത് നീ അറിഞ്ഞോ? നിറുകയിലെ സിന്ദൂരത്തിനരികെ, വെള്ളിവരകള്‍ തെളിയുന്നത് നീ കാണുന്നുണ്ടോ? അപ്പോഴും നീ എല്ലാവരേയും സ് നേഹിച്ചു...!

നിനക്കുവേണ്ടി ചില ശബ്ദങ്ങള്‍ ഉയരുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്.. വളരെ നേര്‍ത്ത സ്വരമാണെങ്കില്‍ കൂടി, ഞാനും അതില്‍ പങ്കുചേരാം.. കാരണം നിന്നെ വെറുക്കാന്‍ എനിക്കാവില്ല.. നീയെനിക്കു പ്രണയത്തിന്റെ വാടാമല്ലികള്‍ തന്നു... നെടുവീര്‍പ്പുകള്‍ കൈമാറാന്‍ ചോലകള്‍ തന്നു... ഒരുപാട് ബന്ധങ്ങളും, സൌഹൃദങ്ങളും, സ് നേഹവും തന്നു... നിന്നില്‍ പടരുവാനായുന്ന കാലുഷ്യം പ്രണയത്തില്‍ പടര്‍ന്നുവെങ്കിലും, നീയെനിക്ക് പ്രതീക്ഷകള്‍ തന്നു... മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന എന്നെ നിന്റെ മക്കളാരും തിരിഞ്ഞുനോക്കിയില്ലെങ്കിലും, നീയെനിക്ക് ആറുമാസത്തെ അവധിക്കാലം തന്നു...

കാതങ്ങള്‍ അകലെയിരുന്ന് ഞാന്‍ പറയട്ടെ; പ്രിയ ബാംഗളൂര്‍, ഇപ്പൊഴും ഞാന്‍ നിന്നെ സ് നേഹിക്കുന്നു...

Wednesday, August 15, 2007

കുറുമാനാണു താരം (ബാംഗ്ലൂരിലും) -3

യോഗം ആരംഭിച്ചു.എല്ലാരുടെയും മുന്നില്‍ ഒരു കസേരയില്‍ കുറുമാനെയും പ്രതിഷ്ഠിച്ചു.പെട്ടെന്ന്‌ ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടപ്പയിബ്ലോഗ്ഗര്‍ വേദിയിലേക്ക്‌ ഓടിക്കയറി അവിടൊക്കെ ചുറ്റിപ്പറ്റി നിന്നു.ആള്‍ അധ്യക്ഷനാണത്രേ (സത്യം പറയാലോ കണ്ടാല്‍ പറയൂല).എന്തായാലും ഒരു വിധത്തില്‍ എല്ലാരുടെയും സഹായത്തോടെ ഒരധ്യക്ഷപ്രസംഗം(എന്നും പറയാം)പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചെത്തി.അടുത്തതായി നടന്നത്‌ മീറ്റിന്റെ പ്രധാന ലക്ഷ്യമായ പുസ്തകപ്രകാശനമാണ്‌. കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' ശ്രീ ബെന്നി കൊച്ചുത്രേസ്യക്ക്‌ (അതായത്‌ എനിയ്ക്ക്‌)നല്‍കിക്കൊണ്ട്‌ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.തഥവസരത്തില്‍ ഒട്ടുമിക്ക എല്ലാ ബ്ലോഗ്ഗേര്‍സും അവരവരുടെ കാമറകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചുമ്മാ ഫ്ലാഷടിക്കുകയും അതെല്ലാം മുന്നിലിരുന്ന ശ്രീ കുറുമാന്റെ തലയില്‍ തട്ടി റിഫ്ലക്റ്റ്‌ ചെയ്യുകയും ചെയ്തു. അങ്ങനെ ഉദ്ദേശിച്ചതിലും കൂടുതല്‍ ഉജ്ജ്വലപ്രഭയോടെ കുറുമാന്റ ബുക്ക്‌ (അല്ല നമ്മടെ സ്വന്തം ബുക്ക്‌) ബാംഗ്ലൂരിലൂടെ തന്റെ ജൈത്രയാത്ര ആരംഭിച്ചു.

ബെന്നി,ലോനപ്പന്‍ ,കുട്ടിച്ചാത്തന്‍ എന്നിവരുടെ പ്രസംഗങ്ങള്‍ക്കു ശേഷം കുറുമാന്‍ ബുക്കിനെ പറ്റിയും ബ്ലോഗ്ഗിനെപറ്റിയും തന്റെ മാനസപുത്രനായ ബൂലോഗ കാരുണ്യം എന്ന സംരംഭത്തെപറ്റിയുമൊക്കെ മനോഹരമായ ഒരു പ്രസംഗം നടത്തി. എവിടെയെങ്കിലും ഒളിച്ചിരുന്ന്‌ ബ്ലോഗ്‌ എഴുതാന്‍ മാത്രമല്ല നാലു പേരുടെ മുന്നില്‍ നിന്ന്‌ പ്രസംഗിക്കാനും താന്‍ ഒട്ടും പിന്നിലല്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു ആ പ്രകടനം.

ഇനി നടന്ന പരിപാടി മീറ്റില്‍ പങ്കെടുക്കാതിരുന്ന എല്ല ബ്ലോഗ്ഗേര്‍സിനും വന്‍ നഷ്ടമായി എന്നു അറിയിച്ചുകൊള്ളട്ടെ.തഥാഗതന്‍ സര്‍വ്വശക്തിയുമെടുത്ത്‌ അവിടെ ഉള്ള എല്ലാ ബ്ലോഗ്ഗേര്‍സിനെയും പരിചപ്പെടുത്തി അഥവാ വാനോളം പുകഴ്ത്തി.മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന ശ്രീ ശ്രീജിത്തിനെ അനുസ്മരിച്ചു കൊണ്ടാണ്‌ അദ്ദേഹം ആരംഭിച്ചത്‌(ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സിന്റെ രോമാഞ്ചവും നെടുംതൂണുമായ ശ്രീജിത്‌ ഇപ്പോള്‍ അമേരിക്കയില്‍ 'എന്റെ ബാംഗ്ലൂര്‍ എത്ര സുന്ദരം' എന്ന പാട്ടും പാടി കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കുകയാണ്‌) ഇനി ഒരു പോസ്റ്റു പോലും ഇട്ടില്ലെങ്കിലും വേണ്ടില്ല എല്ലാ മീറ്റിലും കൃത്യമായി പങ്കെടുത്ത്‌ പുകഴ്തലുകള്‍ എറ്റുവാങ്ങുമെന്ന്‌ നവാഗതബ്ലോഗ്ഗേര്‍സ്‌ മനസ്സില്‍ ദൃഢപ്രതുജ്ഞ എടുത്തു. എല്ലാവരും തലകുലുക്കിയും പുഞ്ചിരിച്ചും ചമ്മി മുഖം കുനിച്ചുമൊക്കെ പ്രശംസകള്‍ ഏറ്റുവാങ്ങിയപ്പോള്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ്‌ ശ്രീ മഴനൂല്‍ പ്രതികരിച്ചത്‌. ഈ ക്രൂരകൃത്യം നടന്ന സമയത്ത്‌ ഹാളിനു പുറത്തിരുന്ന മഴനൂല്‍ ഒന്നിനു പുറകേ ഒന്നായി നല്ല വെളുത്ത പുകച്ചുരുളുകള്‍ ഉയര്‍ത്തി വിട്ടാണ്‌ തന്റെ സാന്നിധ്യം അറിയിച്ചത്‌. ചെങ്കൊടി വെട്ടിത്തയ്ച്ച പാന്റും അദ്ദേഹത്തെ മീറ്റിലെ പ്രധാന നോട്ടപ്പുള്ളിയാക്കി മാറ്റി.(ഈ മഴനൂല്‍ന്നു പറയുന്ന സംഭവം ഒരു മനുഷ്യനാണോ അതോ പ്രേതമാണോ എന്ന ആശങ്ക ഇപ്പോള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ട്‌. കാരണം ഒറ്റ ഫോട്ടൊയില്‍ പോലും അദ്ദേഹത്തിന്റെ രൂപം പതിഞ്ഞിട്ടില്ല !!!)

ചര്‍ച്ചയില്ലാതെ എന്തോന്നു മീറ്റ്‌!! കമന്റ്‌/പോസ്റ്റ്‌ അഗ്രഗേറ്ററുകളുടെ പ്രസക്തി- ഇതായിരുന്നു ചര്‍ച്ചാവിഷയം. ചര്‍ച്ച എന്നു കേട്ടതും അവിടെവിടെയോ ഫോട്ടോ പിടിച്ചുകൊണ്ടു നടന്നിരുന്ന ചന്ത്രക്കാറന്‍ ഓടിവന്ന്‌ മുന്നില്‍ തന്നെയുള്ള കസേരയിലിരുന്നു.ആമുഖമായി പ്രസ്തുത വിഷയത്തെ പറ്റി ഒരു പ്രസംഗം നടത്തിയ ശേഷം കുമാറേട്ടനും മുന്നില്‍ തന്നെ സീറ്റു പിടിച്ചു.തുടര്‍ന്നവിടെ നടന്നത്‌ ഘനഗംഭീരമായ വാക്‌പയറ്റായിരുന്നു.ചന്ത്രക്കാറനും കുമാറേട്ടനുമായിരുന്നു പ്രധാന പോരാളികള്‍.വിരലിലെണ്ണവുന്ന ചില ബ്ലോഗേര്‍സും തങ്ങളെ കൊണ്ടാവുന്ന പോലെ ചര്‍ച്ചയില്‍ പങ്കെടുത്തു.ഇവിടെ ശ്രീ ഇക്കാസിനെ പറ്റി പറയാതെ വയ്യ.ചില ടെക്നിക്കല്‍ ടേംസൊക്കെ കേട്ടപ്പോള്‍ 'ഇതു നമ്മടെ സ്വന്തമല്ലേ' എന്ന മട്ടിലിരുന്ന അദ്ദേഹത്തോട്‌ ചില സംശയങ്ങള്‍ ചര്‍ച്ചക്കാര്‍ ചോദിച്ചെന്നോ അപ്പോള്‍ ഇക്കാസ്‌ ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ട്‌ 'ശ്ശൊ ബാംഗ്ലൂരിലും മഴയ്ക്ക്‌ പച്ചവെള്ളം തന്നാണോ മോളീന്നു വീഴുന്നതെന്ന്‌' ഗവേഷണം നടത്തിയെന്നോ ഒക്കെ ചില അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുണ്ട്‌.ഇതിനിടെ മൂന്നു വനിതാബ്ലോഗ്ഗേര്‍സ്‌, അവിടെ പുറത്തു വച്ചിരുന്ന കാപ്പി,സമോസ എന്നിവയുടെ ഗുണപരിശോധനയ്ക്കായി ഹാളില്‍ നിന്ന്‌ ഒളിച്ച്‌ ഇറങ്ങിപ്പോയി.അവര്‍ക്ക്‌ ഒരു സഹായത്തിനായി പത്തു പതിനഞ്ചു ബ്ലോഗ്ഗേര്‍സും.'ഇനി ഞങ്ങളായിട്ടെന്തിനാ' എന്നും പറഞ്ഞ്‌ ബാക്കിയുള്ളവരും കൂടി ചര്‍ച്ച നിര്‍ത്തി വച്ച്‌ പുറത്തേക്കു വന്ന്‌ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കിയ ശേഷം ചര്‍ച്ച പുനരാരംഭിച്ചു.അവസാനം ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പോയിന്റ്സ്‌ എടുത്ത്‌ പോസ്റ്റാക്കണം എന്ന എല്ലവരുടെയും അഭ്യര്‍ത്ഥന ചന്ത്രക്കറന്‍ സ്വീകരിച്ചതോടെ ചര്‍ച്ചയ്ക്കു തിരശീല വീണു. പക്ഷേ ഇവര്‍ രണ്ടു പേരുമായിരുന്നില്ല അവിടുത്തെ താരം. ഒരു സൈഡില്‍ ചീവീടു പോലെ കുമാറേട്ടന്‍. മറ്റേ സൈഡില്‍ ചെണ്ടകൊട്ടുന്നതു പോലെ ചന്ത്രക്കാറന്‍. ഇവര്‍ക്കു നടുവില്‍ അചഞ്ചലനായി അക്ഷോഭ്യനായി ചൈനാ വന്മതില്‍ പോലെ നിലകൊണ്ട ആ മഹാന്‍. അതേ കലേഷണ്ണന്‍!! അദ്ദേഹം ഈ വര്‍ഷത്തെ ക്ഷമ,സഹനശക്തി എന്നിവയ്ക്കുള്ള നോബല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന്‌ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രഖ്യാപിക്കുന്നു.

ശ്രീ ദില്‍ബാസുരന്‍..ഒരു ബാംഗ്ലൂര്‍ ബ്ലോഗറല്ലെങ്കിലും അതിന്റെ യാതൊരഹങ്കാരവും കാണിക്കാതെ മീറ്റിലേക്ക്‌ വിളിച്ച്‌ ആശംസകള്‍ അറിയിച്ച ദില്‍ബു തന്റെ മനസ്സും വിശാലമാണെന്ന്‌ തെളിയിച്ചു.റൂം മേറ്റിന്റെ ഫോണ്‍ അടിച്ചു മാറ്റിയാണ്‌ ദില്‍ബു ഈ സ്‌നേഹപ്രകടനം നടത്തിയതെന്ന്‌ ചില ഗള്‍ഫ്‌ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.അതു കേട്ട ഉടനെ തന്നെ 'കണ്ടാല്‍ പറയൂലല്ലോ ഇത്രയ്ക്കു ദാരിദ്ര്യമാണെന്ന്' എന്നു ചില നാടന്‍ ബ്ലോഗേര്‍സ്‌ ഞെട്ടലും രേഖപ്പെടുത്തിക്കഴിഞ്ഞു.

(അടുത്ത പോസ്‌റ്റോടെ ഈ പരിപാടി ഞാന്‍ തീര്‍ക്കും ഉറപ്പ്‌)

Tuesday, August 14, 2007

കുറുമാനാണു താരം (ബാംഗ്ലൂരിലും) - 2

സമയം ഇഴഞ്ഞു നീങ്ങി.ബ്ലോഗ്ഗര്‍മാരു പോയിട്ട്‌ ഒരു പൂച്ചക്കുഞ്ഞു പോലും ആ ഏരിയയിലെക്കു വരുന്നില്ല (അത്രയ്ക്കു ജനവാസമുള്ള സ്ഥലമാണേ) കാത്തിരുന്നു മടുത്തതു കൊണ്ട്‌ ഞങ്ങള്‍ ഫാം ചുറ്റിക്കാണാനിറങ്ങി. മനുഷ്യന്‍മാരൊന്നുമില്ലെങ്കിലെന്ത്‌ മൃഗങ്ങളും പക്ഷികളും മറ്റു ജന്തുക്കളുമൊക്കെ ഒരുപാടുണ്ട്‌.അതു വഴി ഈവിനിംഗ്‌-വാക്കു നടത്തുന്നുണ്ടായിരുന്ന അഞ്ചാറു പട്ടികളുടെ കണ്ണില്‍ പെടാതെ ഞങ്ങള്‍ മരങ്ങളുടെ മറവിലൂടെ നടന്നു. വെറുതേയങ്ങു നടക്കുകയല്ല കേട്ടോ- ഒപ്പന, മാര്‍ഗ്ഗം-കളി,ഡിസ്കോ എന്നീ കലാരൂപങ്ങളുടെ ഒരു ജുഗല്‍ബന്ധി അവതരിപ്പിച്ചു കൊണ്ടാണ്‌ നടപ്പ്‌.കുറഞ്ഞസമയം കൊണ്ടു തന്നെ ഞങ്ങളെ കലാകാരികളാക്കിമറ്റിയതിന്റെ എല്ലാ ക്രെഡിറ്റും അവിടുത്തെ പ്രധാന താമസക്കാരായ കൊതുകുകള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌.എന്തായാലും അധികം വൈകാതെ തന്നെ ഞങ്ങളുടെ കൂടെ കൊതുകുകടി ഷെയര്‍ ചെയ്യാനായി ഒരു ബ്ലോഗ്ഗര്‍ സംഘം കൂടി വേദിയിലേക്കു കടന്നു വന്നു.

"ഞാന്‍ സിജിത്‌"

"യേത്‌ സിജിത്‌???"

"കുട്ടന്‍സ്‌ എന്നാണ്‌ ബ്ലോഗിലെ പേര്‌"

ഇപ്പം പിടികിട്ടി. ഇങ്ങനെ മലയാളത്തില്‍ പറഞ്ഞലല്ലേ മനസ്സിലാകൂ.

അടുത്തയാളെ പരിചയപ്പെടുത്തേണ്ടി വന്നില്ല. അറിയാം

"ശ്രീശോഭിനല്ലേ??"

അങ്ങോട്ടു ചോദിച്ചപ്പോഴെക്കും ആളു രണ്ടടി പോങ്ങി.മറുപടിയായി 'ഞാനിത്ര പ്രശസ്തനോ' എന്നു മനസ്സിലും 'എങ്ങനെ മനസ്സിലായി' എന്നുറക്കെയും ഒരു ചോദ്യം .

"ബ്ലോഗില്‍ ഫോട്ടോ കണ്ടിട്ടുണ്ട്‌"

(ഇവിടെ അല്‍പ്പം പൊതുവിജ്നാനം: ബ്ലോഗിനു കണ്ണു തട്ടാതിരിക്കുവാന്‍ വേണ്ടി സ്വന്തം ഫോട്ടോ അതിന്റെ മൂലയ്ക്ക്‌ കുത്തിച്ചാരിവെയ്ക്കുന്ന രീതി പല നാടുകളിലും നിലവിലുണ്ട്‌- ഉദാ; പാലാ,ഭരണങ്ങാനം...)

ഇനിയപ്പുറത്ത്‌ ഒരു കൊച്ചുകുട്ടി നില്‍ക്കുന്നുണ്ട്‌ പേരു ചോദിച്ചപ്പോഴല്ലെ ഞെട്ടീത്‌. അതാണു പോലും സുജിത്‌ ഭക്തന്‍.പേരൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ 'ശരണമയ്യപ്പാ' എന്നു വിളിച്ചു നടക്കുന്ന ഒരു സ്വാമിയേയായിരുന്നു.ഇതൊരു മാതിരി കോലുമുട്ടായിപ്രായത്തിലൊരു കിടാവ്‌!!!

അവരുടെ കൂടെ ജോജു,അരവിശിവ തുങ്ങിയവരുമുണ്ട്‌. എല്ലാവരുടെയും മുഖത്ത്‌ എവറസ്റ്റ്‌ കീഴടക്കിയതു പോലുള്ള ഒരു സന്തോഷം/ചാരിതാര്‍ത്ഥ്യം/അഹങ്കാരം. കാര്യമെന്താന്നോ. വരുന്ന വഴിക്ക്‌ അവരുടെ കാറ്‌ ആക്സിഡന്റായി പോലും.ഞങ്ങടെ കുറ്റമല്ല എന്ന്‌ എല്ലാരും മാറി മാറി പറയുന്നുണ്ട്‌."എന്നിട്ടെന്തെങ്കിലും പറ്റിയോ"ന്നു ചോദിച്ചപ്പോ ആ കാറിന്റെ ഫോട്ടൊ കാണിച്ചു തന്നു.ഉള്ളതു പറയാല്ലോ,ആ കാഴ്ച കണ്ടാല്‍ കാറിന്റെ പെറ്റമ്മ സഹിക്കൂല. അത്രയ്ക്കും ദയനീയം.എന്നിട്ടും സഖാക്കള്‍ക്കൊരു കുലുക്കവുമില്ല വെറുതെയല്ല- അതവരുടെ കാറല്ല. തഥാഗഥന്റെയാണ്‌.

"എന്നിട്ടു നിങ്ങളെ പോലീസു പിടിച്ചോ??" ജാസൂട്ടി പ്രതീക്ഷയോടെ ചോദിച്ചു,

"ഇല്ല . പക്ഷെ അവിടെ വച്ച്‌ അടി പൊട്ടണ്ടതായിരുന്നു. കഷ്ടിച്ചു രക്ഷപെട്ടു"

ഛേ ചുമ്മാ കൊതിപ്പിച്ചു.അല്ലെങ്കിലും ഈ കന്നടക്കരെ ഒന്നിനും കൊള്ളൂല്ല.

"ഞങ്ങളൊന്നു ഫാം കണ്ടിട്ടു വരട്ടെ" പെട്ടെന്നൊരു പ്രഖ്യാപനവും പാസ്സക്കി ആ ഗ്രൂപ്പ്‌ മൊത്തമായി പറമ്പിലേക്കിറങ്ങി ലക്ഷ്യമില്ലാതെ നടന്നു തുടങ്ങി.

ഇവര്‍ക്ക്‌ പെട്ടെന്നിതെന്തു പറ്റീന്ന് ചോദിക്കാന്‍ നാക്കെടുത്തതാ. വേണ്ടി വന്നില്ല. ദൂരേന്നതാ തഥാഗതന്‍ വരുന്നു.അങ്ങനെ വരട്ടെ.അപ്പോള്‍ ഇതാണ്‌ മഹാന്മാരുടെ പെട്ടെന്നുണ്ടായ പ്രകൃതിസ്നേഹത്തിനു കാരണം !!!

അഞ്ചുമിനിട്ടു കഴിഞ്ഞില്ല അങ്ങോട്ടു പോയതിന്റെ ഇരട്ടി സ്പീഡില്‍ സംഘം തിരിച്ചു വരുന്നു."പാമ്പ്‌ പാമ്പ്‌ അവിടൊരു പാമ്പിനെ കണ്ടു" എല്ലാവരും കൂട്ടത്തോടെ അറിയിച്ചു.പാവങ്ങള്‍ ..ഒരു വശത്ത്‌ പാമ്പ്‌..മറുവശത്ത്‌ തഥാ..എങ്ങോട്ടു രക്ഷപെടും???എവിടെയാണഭയം???

അവരുടെ പ്രാര്‍ത്ഥന കേട്ടിട്ടെന്ന പോലെ ദൈവം അടുത്ത ഗ്രൂപ്പിനെ വേദിയിലേക്കയച്ചു. കൊച്ചി-ചെന്നൈ-അതിഥിതാരഗ്രൂപ്പ്‌.ഒട്ടകങ്ങള്‍ വരിവരിവരിയായി-ന്നു പറഞ്ഞപോലെ ജാഥയായി കുറുമാന്‍,ഇക്കാസ്‌,കുമാറേട്ടന്‍,കലേഷണ്ണന്‍,ബെന്നി,വിനയന്‍,ലോനപ്പന്‍(ഇങ്ങേര്‍ക്ക്‌ പത്തുപതിഞ്ചു പേരുകളുണ്ട്‌ കേട്ടോ) തുടങ്ങിയവരെത്തിയതോടെ വേദി എതാണ്ട്‌ പാളയംചന്ത പോലെ ശബ്ദമുഖരിതമായി.

(ശ്‌ ശ്‌ സീക്രട്ട്‌..കുറുമാനെ കണ്ടപ്പോഴുള്ള ഫസ്റ്റ്‌ ഇംപ്രഷന്‍ -ഇങ്ങേരിതെന്താ താടി കോമ്പസ്സു വച്ചാണോ വടിക്കുന്നത്‌. അത്രയ്ക്കു വൃത്തമൊത്തിരിക്കുന്നു.)

അതിഥികളുമെത്തി-എന്നിട്ടും ചില ആതിഥേയര്‍ ഇനിയുമെത്തിയിട്ടില്ല.ഇവിടുത്തെ ഓരോ ഊടുവഴിയും തങ്ങള്‍ക്ക്‌ കൈരേഖ പോലെ സുപരിചിതമാണെന്ന്‌ അഹങ്കരിക്കുന്ന കുട്ടിച്ചാത്തന്‍, കുട്ടപ്പായി, പീലിക്കുട്ടി,കിരണ്‍സ്‌,കൊച്ചന്‍,മഴനൂല്‍ എന്നീ താരങ്ങളാണ്‌ മിസ്സിംഗ്‌. അവരൊന്നുമില്ലാതെ എന്താഘോഷം.... കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട്‌ കുട്ടിച്ചത്തന്റെ കോള്‍ വന്നു.'സ്‌ട്രെയ്റ്റു വന്നിട്ട്‌ റൈറ്റ്‌' എന്ന അതിസങ്കീര്‍ണ്ണമായ വഴി തെറ്റി ബാംഗ്ലൂരിന്റെ എതൊക്കെയോ ഊടുവഴികളിലൂടെ അലയുകയാണ്‌ സംഘം. പിന്നീടവിടെ നടന്നത്‌ ലോകം കണ്ടതിലേറ്റവും വലിയ ബ്ലോഗു കൂട്ടായ്മയായിരുന്നു.വല്ല വഴിക്കും അലയുന്ന കൂട്ടുകാരെ നേര്‍വഴിക്കു നയിക്കാന്‍ എല്ലാ ബ്ലോഗ്ഗേര്‍സും കയ്യും മെയ്യും മറന്ന്‌ നിര്‍ദ്ദേശങ്ങളും ഐഡിയകളും കൊടുത്തു.അങ്ങനെ വന്‍ ജനകീയ പങ്കാളിത്തത്തോടെ 'കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍' ഒരു വിധത്തില്‍ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു.


കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക്‌ പീലിക്കുട്ടിയുടെ നേതൃത്വത്തില്‍ അവരെത്തി.എല്ലവരെയും ഞെട്ടിച്ചു കൊണ്ട്‌ ആ സംഘത്തില്‍ ഒരു വനിതാ ബ്ലോഗ്ഗര്‍ എക്സ്ട്രാ!!! ഒന്നു കൂടി അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌-അതു ചുരിദാറിട്ടു വന്നിരിക്കുന്ന ചാത്തനാണ്‌.ആകെമൊത്തം നോക്കിയാല്‍ ഹാംഗറില്‍ ജുബ്ബ തൂക്കിയിട്ടിരിക്കുന്ന ഒരു ലുക്ക്‌.

ഇനിയും ചില ബ്ലോഗ്ഗേര്‍സ്‌ എത്തിച്ചേരാനുണ്ടെങ്കിലും വൈകിപ്പോയതു കൊണ്ട്‌ പരിപാടി തുടങ്ങാനുള്ള ശ്രീ തഥഗതന്‍,ചന്ത്രക്കാറന്‍ എന്നിവരുടെ കൂട്ടായ തീരുമാനം ശിരസ്സാ വഹിച്ച്‌ എല്ലാവരും സമ്മേളനം നടക്കുന്ന ഹാളിലേക്ക്‌....

Monday, August 13, 2007

കുറുമാനാണു താരം (ബാംഗ്ലൂരിലും)-1

കര്‍ക്കിടകമാസം ഇരുപത്താറാം തിയതി (മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ആഗസ്റ്റ്‌ പതിനൊന്ന്‌).പതിവു പോലെ തന്നെ ഒരു കൂട്ടം പട്ടികളുടെ കുരയോടു കൂടി അന്നും ബാംഗ്ലൂര്‍ നഗരത്തില്‍ പ്രഭാതം പൊട്ടിവിടര്‍ന്നു.ചരിത്രത്തിന്റെ താളുകളില്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ പോവുന്ന സുവര്‍ണ്ണമുഹൂര്‍ത്തത്തിന്‌ ഇന്നു വേദിയൊരുങ്ങുകയാണ്‌.

എല്ലാ കണ്ണുകളും കൃഷ്ണാ ഫാമിലേക്ക്‌.പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ നഗരത്തില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരാപ്പീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.എന്തിനേറെ പറയുന്നു, ആ ശുഭമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു നിന്നു ഒരു മിനിട്ടു നേരം മൗനമാചരിക്കാന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ പോലും തൊഴിലാളികള്‍ക്ക്‌ ഗ്രൂപ്പ്‌ മെയില്‍ അയച്ചു. തിരക്കു മുന്‍കൂട്ടി കണ്ട്‌ നഗരത്തിന്റെ മുക്കിലും മൂലയിലും നിന്നു ടി-ഫാമിലേക്കു BMTC സ്പെഷ്യല്‍ ബസ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടുത്തി. ആരാധകരെയും മാധ്യമപ്രതിനിധികളെയും നിയന്ത്രിക്കന്‍ കന്നട പട്ടാളം ഒരു ദിവസം മുന്‍പേ തന്നെ അവിടെ തമ്പടിച്ചു.പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കന്നട പരിജ്നാനം കണക്കിലെടുത്ത്‌ ഒരു കൂട്ടം മലയാളം-കന്നട തര്‍ജ്ജമക്കാരെയും കൂടി കൂലിക്കെടുത്തത്തോടെ ബാംഗ്ലൂര്‍ ബ്ലോഗ്ഗെര്‍സ്‌ മീറ്റിന്റെ തയ്യറെടുപ്പുകള്‍ പൂര്‍ത്തിയായി.

സ്വപ്നലോകത്തില്‍ നിന്നും ഇനി യാഥാര്‍ത്ഥ്യത്തിലെക്ക്‌.....

സമയം ഉച്ചയ്ക്ക്‌ ഒരു മണി.സൂര്യന്‍ പോലും അക്ഷമനായി ഇടയ്ക്കിടക്ക്‌ താഴേക്കെത്തി നോക്കുന്നു.ഇനിയും രണ്ടു മണിക്കൂര്‍ കൂടിയുണ്ട്‌ മീറ്റ്‌ തുടങ്ങാന്‍. ഉള്ളതില്‍ വച്ച്‌ നല്ല കുപ്പായമൊക്കെ എടുത്തിട്ട്‌ ഒരു മണിക്കൂറായി ഞാന്‍ ഒരുങ്ങിയിരിക്കാന്‍ തുടങ്ങിയിട്ട്‌.ബോറാടി മാറ്റാന്‍ വേണ്ടി ഇതിനകം തന്നെ പതിനൊന്നു പ്രാവശ്യം പൗഡറിട്ടു കഴിഞ്ഞു.അങ്ങനെ ഒരു വിധത്തില്‍ രണ്ടു മണിയായി കിട്ടി.

"അപ്പോ ശരി . ഞാന്‍ പോട്ടേ. പിന്നേ ചിലപ്പോ ഞാന്‍ ലേറ്റായിട്ടേ എത്തൂ.അതുകൊണ്ട്‌ വിശേഷങ്ങളൊക്കെ ഇന്നു പറയാന്‍ പറ്റീന്നു വരില്ല. സാരമില്ല നാളത്തെ പത്രത്തില്‍ എല്ലാ വിവരങ്ങളുമുണ്ടാകും. അപ്പോള്‍ വായിച്ചാല്‍ മതി"

ഒരു ബ്ലോഗ്ഗറിനു വേണ്ട അത്യാവശ്യം അഹങ്കാരമൊക്കെ പ്രകടിപ്പിച്ച്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.നേരെ പോയത്‌ മാര്‍ക്കറ്റിലേക്കാണ്‌. കാര്യം മൂന്നു മണീന്നൊക്കെ പറഞ്ഞാലും ഇത്തിരി വൈകി ചെല്ലുന്നതാ അതിന്റെയൊരിത്‌.എങ്ങനെയെങ്കിലും ഒരു അരമണിക്കൂറെങ്കിലും വൈകിചെല്ലണം.മീറ്റു നടക്കുന്നതിനിടയിലേക്കു ' സോറി കാറ്‌ വഴിക്കു വച്ച്‌ ബ്രേക്ക്‌ ഡൗണായതു കൊണ്ട്‌ അല്‍പ്പം വൈകിപ്പോയി' എന്നു പറയുന്നത്‌ മനസ്സില്‍ ഒരു പത്തു പ്രാവശ്യം റിഹേര്‍സല്‍ എടുത്തു.അപ്പോഴതാ ഫോണ്‌ കരയുന്നു.

"ഹലോ ത്രേസ്യേച്ചിയാണോ"

"ആര്‌..സോറി റോംഗ്‌ .... അയ്യോ അല്ല അതേ ഞാന്‍ അതുതന്നെയാ"

"ഞാന്‍ ജാസൂട്ടിയാ. ചേച്ചി എവിടെയാ. ഞങ്ങള്‍ കാത്തിരിക്കുകയാ.എന്നോടു തഥാഗതന്‍ പറഞ്ഞു ചേച്ചിയെ വിളിക്കാന്‍"

ഓഹോ അപ്പോള്‍ സമയം സമാഗതമായി.

"ഓക്കെ ഓക്കെ .എന്നെ കാത്തിരിക്കണ്ട.പരിപാടി തുടങ്ങിക്കോളൂ ഞാനെത്തിക്കോളാം"

പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു.ഓടി ഓട്ടോയില്‍ കയറുന്നു.വഴി പറയുന്നു.ഫാമിലെത്തുന്നു.

'ചേട്ടാ ഇത്തിരി മാറ്റിനിര്‍ത്തിയേക്കണേ' എന്നു പറയാന്‍ പറ്റുന്നതിനു മുന്‍പെ തന്നെ സ്നേഹം മൂത്ത്‌ ആ ഡ്രൈവര്‍ ഫാമിന്റെ ഗേറ്റില്‍ തന്നെ കൊണ്ടു ചെന്നു നിര്‍ത്തി. ഇതാരെങ്കിലും കണ്ടാല്‍ എന്റെ 'കാര്‍ സ്റ്റോറി' പൊളിയുമല്ലോ എന്നു പേടിച്ച്‌ ഒന്നു ചുറ്റും നോക്കിയപ്പോഴതാ അവിടെ മൂന്നാലു പേര്‍ ക്ലോസപ്പിന്റെ പരസ്യം പോലെ വെളുക്കെ ചിരിച്ചു കൊണ്ട്‌ നില്‍ക്കുന്നു.

"ത്രേസ്യ അല്ലേ??"

കൂട്ടത്തില്‍ ഗുരുവായൂര്‍ കേശവന്റെ തലയേടുപ്പുള്ള മാന്യദേഹം നല്ല ബാസുള്ള ശബ്ദത്തില്‍ ചോദിച്ചു.

"അതേ" (വിനയം)

“ഞാന്‍ തഥാഗതന്‍" എന്റമ്മോ അപ്പോള്‍ ഇദ്ദേഹമാണദ്ദേഹം

" ഞാന്‍ ഫോട്ടൊ കണ്ടിട്ടുണ്ട്‌" (വീണ്ടും വിനയം)

"ഇവരു ചെന്നൈ ബ്ലോഗ്ഗേര്‍സാ"

മറുപടിയായി തലയൊന്നു കുലുക്കി ഒരു പുഞ്ചിരി പാസ്സാക്കി.

'എന്നെ സ്വീകരിക്കാന്‍ വേണ്ടി ഇവിടെ വന്നു നില്‍ക്കേണ്ടിയിരുന്നില്ല. ഞാനങ്ങു വന്നേനേല്ലോ' എന്നും പറഞ്ഞു വിനയാപ്രസാദാകുന്നതിനു മുന്‍പു തന്നെ ഗുഹയില്‍ നിന്നു വരുന്ന പോലെ എക്കോയോടു കൂടിയ ശബ്ദം പിന്നേം

"അതാ അങ്ങോട്ടു ചെന്നോളൂ.ഒരാളു കുറെ നേരമായി കാത്തിരിക്കുന്നു."

‘ഒരാളോ!!! അപ്പോ ബാക്കിയള്ളവരോ!!!'

ഉറക്കെ ചോദിക്കാന്‍ ധൈര്യം വന്നില്ല.ചൂണ്ടിക്കണിച്ചു തന്ന വഴിയേ ഒരു കാടിനുള്ളിലേക്കു ഓടി.നല്ല പ്രകൃതിമരണീയമായ സ്ഥലം.ചേറിനുള്ളിലെ ചെന്താമര പോലെ. ആ മനുഷ്യവാസമില്ലാത്ത ഏരിയയില്‍ ഇത്രയും സുന്ദരമായ സ്ഥലം. കണ്ണൂരിലെ ഒരു പറമ്പ്‌ അങ്ങനെ കോപ്പി+പേസ്റ്റ്‌ ചെയ്ത്‌ വെച്ചപോലുണ്ട്‌.അവിടെയതാ ഒരു സ്റ്റേജ്‌.അതിന്റെ മുകളിലതാ ഒരു കസേര. അതിന്റെം മുകളിലതാ ഒരു രൂപം .സൂക്ഷിച്ചു നോക്കി. തല മുതല്‍ കാലു വരെ മൂടിപ്പുതച്ച്‌ ഒരു പെണ്‍കുട്ടി ഘോരഘോരം ഫോണില്‍ സംസാരിക്കുന്നു.മട്ടും ഭാവവും കണ്ടാല്‍ തോന്നും നാസേടെ അടുത്ത പ്രോഗ്രാം പ്ലാന്‍ ചെയ്യുകയാണെന്ന്‌.ഒന്നൂടെ അടുത്തു ചെന്നപ്പഴാ മനസ്സിലായത്‌ പീജീലെ കൊതുകുകടിയും ഭക്ഷണത്തിലെ കല്ലുമൊക്കെയാണ്‌ സംഭാഷണവിഷയം.ഹച്ചിന്റെ പരസ്യം പോലെ ഒരു പട്ടിയും അടുത്തു തന്നെ ഇരിപ്പുണ്ട്‌.എന്നെ കണ്ടതും പട്ടി ബഹുമാനത്തോടെ(?) എഴുന്നേറ്റു പോയി. കുട്ടി ഞെട്ടിയെഴുന്നേറ്റു.എന്നെ കണ്ടിട്ടല്ല. അപ്പോഴാണ്‌ ഇത്രേം നേരം പട്ടീടെ തോളത്തു കയ്യിട്ടോണ്ടാ ഇരുന്നതെന്ന്‌ പാവം അറിഞ്ഞത്‌.അങ്ങനെ ഞാന്‍ അടുത്ത ബ്ലോഗ്ഗറെ പരിചയപ്പെട്ടു.

പട്ടിയുടെ കൂടെയിരുന്ന ആ കുട്ടിയായിരുന്നു കൂട്ടരേ ജാസൂട്ടി!!!(ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌)

അടുത്ത സീനില്‍ സ്റ്റേജും രണ്ടുകസേരയും ..അതിനു മുകളില്‍ ബാക്കിയുള്ള ബ്ലോഗ്ഗേര്‍സിനെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന രണ്ടു ബ്ലോഗിണികളും....

തുടരും.....(മൂഡുണ്ടെങ്കില്‍ മാത്രം)

ബാംഗ്ളൂറ് ബ് ളോഗ്ഗേഴ്സ് മീറ്റ് - കൂടുതല് ചിത്രങ്ങള്

img_8504.jpg
വിനയന് (ചെന്നൈ ബ്ലോഗര് - ബ്ലോഗ് "വടക്കാഞ്ചേരി)


img_8512.jpg
ബെന്നി


img_8518.jpg
ബെന്നി


img_8529.jpg
സുജിത്


img_8534.jpg
കുമാര്


img_8509.jpg
ചന്ത്രക്കാരന്


img_8535.jpg
അരവിശിവ, എന്‌ജോജു, സുജിത്, ശ്രീശോഭ്


img_8539.jpg
കുമാര്

img_8540.jpg
കുറുമാന്img_8541.jpg
കുറുമാന്

img_8542.jpg
കുറുമാന്


img_8543.jpg
കുറുമാന്


img_8550.jpg

img_8551.jpg
കുട്ടപ്പായി എന്ന ബോധപ്പായി എന്ന സന്ദീപ്
(പെര്ഫോമന്സുവച്ച് ബോധമില്ലാത്തപായി എന്നാവും കൂടുതല് ചേരുക)

img_8552.jpgimg_8553.jpg

img_8556.jpg

img_8557.jpg

img_8560.jpg
ദേവദാസ് (വിവി, ലോനപ്പന്)


img_8562.jpg
കുട്ടിച്ചാത്തന്


img_8563.jpg
കലേഷ്


img_8573.jpg

img_8575.jpg


img_8576.jpg

img_8584.jpg

img_8588.jpg

img_8590.jpg

img_8594.jpg

img_8595.jpg

img_8603.jpg

img_8606.jpg
സിജു


img_8607.jpg
പച്ചാളം


img_8608.jpg

img_8610.jpg

img_8614.jpg
ഇക്കാസ്

Blogged with Flock

തിരശ്ശീല ഉയരും മുന്‍പേ

എടാ രണ്ട്‌ മണിക്ക്‌ എന്നെ പിക്‌ ചെയ്യാന്‍ വരാം ന്ന് പറഞ്ഞിട്ട്‌?

ഞങ്ങള്‍ ഇതാ റോഡിലാ അര മണിക്കൂറിനകം ഇന്ദിരാനഗര്‍ എത്തും.

എന്നാല്‍ ഞാനിതാ ഇന്ദിരാനഗറിലേക്ക്‌ പുറപ്പെടുന്നു.

അയ്യയ്യോ അരമണിക്കൂറെന്നു വച്ചാല്‍ ഒരു നാല്‍പത്‌ നാല്‍പ്പത്തഞ്ച്‌ മിനിറ്റ്‌.

പത്ത്‌ മിനിറ്റിനുശേഷം മഴനൂല്‍
ചാത്താ നീ എവിടെയാ ഞങ്ങളിതാ ഡൊംലൂര്‍ ഫ്ലൈ ഓവര്‍ കഴിഞ്ഞു സി എം എച്‌ റോഡിലെ ജംക്‍ഷനില്‍ വാ.

അയ്യോ എത്തിയാ അരമണിക്കൂറെന്ന് പറഞ്ഞിട്ട്‌!!! അല്ലാ മഴനൂലു കുട്ടപ്പായീടെ വണ്ടീലായിരുന്നില്ലാലൊ പിക്‍അപ്‌! പത്ത്‌ മിനിറ്റ്‌ ഞാനിപ്പ എത്താം.


സി എം എച്‌ റോഡിലെ ജംക്‍ഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കുട്ടപ്പായീടെ കാറിന്റെ സൈഡ്‌ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന ചാത്തന്‍. ഇത്‌ തുറക്കുന്നില്ലാലോ?
നീ ഈ സൈഡില്‍ വാ ആ ഡോറിനു പെര്‍മനന്റ് ചൈല്‍ഡ്‌ ലോക്ക്‌ ഇട്ടിരിക്കുവാ നിനക്കു തുറക്കാന്‍ പറ്റൂല..

അതോടെ ആ കാറില്‍ അഞ്ച്‌ പേര്‍ കുട്ടപ്പായീം കിരണ്‍സും മുന്നില്‍.മഴനൂല്‍, കൊച്ചന്‍(ചെന്നായ്‌ ബ്ലോഗര്‍(പൂര്‍വ്വ ബാംഗ്ലൂര്‍ ബ്ലോഗര്‍)) ആന്റ്‌ കുട്ടിച്ചാത്തന്‍.

ഇനി പീലിക്കുട്ടിയെ കൂടി കൂട്ടണം അതിനു കാഗദാസ്‌ പുര വരെ പോണം നാവിഗേറ്റര്‍ കൊച്ചന്‍സ്‌: ഈ വഴിയൊക്കെ എനിക്കു നന്നായറിയാം കുട്ടപ്പായീ റൈറ്റിലോട്ട്‌ പോട്ടെ.

ഒരു ഗ്ലാസ്‌ കിട്ടിയിരുന്നെങ്കില്‍...
എന്തിനാ?
ചുമ്മാ വെള്ളം കുടിക്കാന്‍ ഭയങ്കര ചൂട്‌.

ശ്രീയുടേ മെസേജ്‌. ഞങ്ങടെ വണ്ടി പുറപ്പെട്ടു.

തഥാ വിളിക്കുന്നു. എനിക്കു മേല ഇനി ചീത്ത കേള്‍ക്കാന്‍ നമ്മള്‍ക്ക്‌ ഷെയര്‍ ചെയ്യാം സ്പീക്കര്‍ ഫോണിലിടട്ടെ?

ഞങ്ങള്‍ നേരത്തേ പുറപ്പെട്ടു ഇനി അരമണിക്കൂര്‍മുന്‍പേ പുറപ്പെടണോ.?

പീലിക്കുട്ടീ ഞങ്ങളിതാ ഡിര്‍ഡോ(DRDO) ജംക്‍ഷനില്‍ എത്തിക്കഴിഞ്ഞു റെഡിയായിരുന്നോ.

സ്പീക്കര്‍ ഫോണില്‍ മറുപടി ഇനീം കുറേ ദൂരം ഉണ്ട്‌ കുട്ടപ്പായിയോട്‌ പറയല്ലേ.. ലെഫ്റ്റിക്കി റൈറ്റിക്കി പറഞ്ഞോണ്ടിരുന്നാല്‍ മതി.

തഥാ പിന്നേം വിളിക്കുന്നു കട്ട്‌ ചെയ്യട്ടേ?

ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ റൈറ്റ്‌. അയ്യോടാ നമ്മളു യു എ ഇ യില്‍ എത്തിയാ ഒരു ഒട്ടകം!!!
അതു വഴി ബ്ലോക്കാക്കിയിരിക്കുവാ റൈറ്റിലോട്ടു പോട്ടെ..

ഇതു തന്നല്ലേ നമ്മളാദ്യം വന്ന വഴി?

ഏയ്‌ അതൊക്കെ തോന്നലാ ഞാനല്ലേ വഴി പറയുന്നത്‌.

ഇപ്പോള്‍ തന്നെ ഫുള്ളാ ഞാനല്ല കാറ്‌ പീലിക്കുട്ടി വന്നാല്‍ എവിടിരിക്കും?

കിരണ്‍സ്‌ പിന്നോട്ട്‌ പോര്‌ ചാത്തനും കൊച്ചനും ഫ്രന്റിലിരിക്കട്ടെ പിന്നേം ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലം കിടക്കും.

അല്‍പ സമയത്തിനുള്ളില്‍ പീലിം വണ്ടീല്‍ കയറി.

ഈ വഴി നേരെ പോയാല്‍ ഓള്‍ഡ്‌ മദ്രാസ്‌ റോഡിലെത്തും വേറേ എഴുപ്പ വഴിയുണ്ട്‌.

വേണ്ട അങ്ങനെ കുറേ ഷോട്‌ കട്‌ എടുത്തതാ ഇത്രേം വൈകിയത്‌.

ആരുടെയെങ്കിലും കയ്യില്‍ റൂട്ട്‌ മാപ്‌ ഉണ്ടോ?

ഉണ്ട്‌ വീട്ടിലാ തിരിച്ച്‌ പോയി എടുത്ത്‌ വന്നാലോ?

നമുക്ക്‌ ചോച്ച്‌ ചോച്ച്‌ പോവാം.

ഹൂഡി സര്‍ക്കിളില്‍ വച്ച്‌. കുട്ടപ്പായി കന്നഡയില്‍ വഴി ചോദിക്കുന്നു.
അവസാനം താങ്‌ക്‍സ്‌.
അതിന്റെ കന്നഡ എന്താടോ? താങ്‌ക്‍സിന്റെ

ധന്യവാദലു.

പക്ഷേ കൃഷ്ണാ ഫാം റെയില്‍വേ ഗേറ്റ്‌ കഴിഞ്ഞ്‌ വലത്തോട്ട്‌ എന്നാ മാപ്പില്‍ കണ്ടത്‌ എന്നാ ഓര്‍മ.

ഗേറ്റ്‌ കഴിഞ്ഞ്‌ ഒന്നൂടെ ചോദിക്കാം

ഗേറ്റ്‌ കഴിഞ്ഞു.

സാര്‍ ഇല്ലി കൃഷ്ണാ ഹാള്‍......

ലെഫ്റ്റ്‌.
നീ ചോദിച്ചതു ഹാളല്ലേ?

അതും ഫാമും ഒക്കെ ഒന്നു തന്നെഡേ.

കുറച്ചു കൂടി ലെഫ്റ്റും റൈറ്റും.

ഒനും കാണുന്നില്ലാലൊ? ഒന്നൂടേ ചോദിക്ക്‌ ?

ഞാന്‍ ത്രേസ്യാകൊച്ചിനെ വിളിക്കട്ടെ ഇവിടെവിടെങ്ങാണ്ടാ താമസം അതോണ്ട്‌ പരിചയം കാണും.

ഹലോ. ഞങ്ങളോക്കെ എപ്പോഴേ എത്തി നിങ്ങളെവിടെപ്പോയി കിടക്കുവാ?

റെയില്‍വേ ഗേറ്റ്‌ കഴിഞ്ഞ്‌ ലെഫ്റ്റോ ചുമ്മാതല്ല റൈറ്റിലേക്കാ വരേണ്ടത്‌ വണ്ടി തിരിച്ചു വിട്‌.

ദൈവമേ !!!

വണ്ടി തിരിച്ചു വിട്‌ ഇനി ആരോടും വഴി ചോദിക്കണ്ട.

ദേ കിടക്കുന്നു കൃഷ്ണാ ഹാള്‍(ഹാള്‍ വേ ഫാം റേ) ദൈവമേ ചുമ്മാതല്ല എല്ലാരും ലെഫ്റ്റ്‌ ലെഫ്റ്റ്‌ എന്നു പറഞ്ഞത്‌.

റെയിവേ ഗേറ്റില്‍ നിന്നുള്ള റൈറ്റിലേക്ക്‌ കടന്നു.

കുറേ സമയമായി ഒരു തീവണ്ടി നമ്മളെ പിന്തുടരുന്നുണ്ട്‌.

ദേണ്ടെ ഒരു ബോര്‍ഡ്‌ കൃഷ്ണാ ഫാം 2 കിമി.

ശരിയായ വഴി തന്നെ. ഒരു ബോര്‍ഡും കൂടി കൃഷ്ണാ ഫാം 1.5 കിമി.

രക്ഷപ്പെട്ടു.

ഇതെന്താ റോഡ്‌ പൈപ്പ്‌ വച്ച്‌ ബ്ലോക്കാക്കിയിരിക്കുന്നേ? അതിന്റെ സൈഡിലൂടെ വിട്‌.

അവരെ വിളിച്ചാലോ. വിളി വിളി.

ബ്ലോക്കാ എവിടെ ഞങ്ങളൊന്നും കണ്ടില്ലാലൊ? നിങ്ങളെവിടെയാ

പിന്നേം വഴി തെറ്റി. നിര്‍ത്ത്‌ നിര്‍ത്ത്‌ ഇനി ഇറങ്ങി നടക്കാം.

പിന്നേം പലരും നേര്‍വഴിക്ക്‌ ഞങ്ങളെ എത്തിക്കാനുള്ള വിഫല ശ്രമങ്ങള്‍.

നിങ്ങളു 2 കിമി ബോര്‍ഡ്‌ കണ്ടോ ... കണ്ടു
1.5 കിമി ബോര്‍ഡ്‌ കണ്ടോ കണ്ടു.
1 കിമി ബോര്‍ഡ്‌ കണ്ടോ...കണ്ടില്ല.

കുട്ടന്‍സും രാജേഷ്‌ കെപിയും നിങ്ങളെ അന്വേഷിക്കാന്‍ വരുന്നുണ്ട്‌ ആരും പേടിക്കരുത്‌. ഞങ്ങല്‍ റിസോര്‍ട്ടിന്റെ പുറത്ത്‌ നില്‍ക്കാം.

കൃഷ്ണാ ഫാമോ ഇവിടുന്ന് ലെഫ്റ്റ്‌.

പിന്നേം ലെഫ്റ്റാ ദൈവമേ എന്തായാലും വിട്‌.

ദോ ആരോ നില്‍ക്കുന്നു പുറത്തിറങ്ങി നില്‍ക്കാംന്ന് അവരു പറഞ്ഞതാ അങ്ങോട്ട്‌ വിട്‌.

ഇവിടുണ്ടായിരുന്ന ആളെവിടെ ഭൂതമായിരുന്നാ. ചാത്താ നീ ആരെയാ കണ്ടത്‌?

ഈ കൊച്ച്‌ പിള്ളാരു പേടിച്ചാ ഇങ്ങനാ ഇല്ലാത്തതു പലതും കാണും

അന്വേഷണ സംഘം :നിങ്ങളെവിടെ എത്തി ?

ഗാരേജു കണ്ടോന്നോ ഗാരേജു പോയിട്ട്‌ ഇവിടൊന്നും ഒരു മനുഷ്യനെപ്പോലും കാണാനില്ലാ കര്‍ണ്ണാടക ബോര്‍ഡറു കഴിഞ്ഞാ!!!

എന്ത്‌ ഗാരേജല്ലാ കാബേജെന്നോ ഓ കാബേജ് പാടം!! ആ കണ്ടു കണ്ടു അപ്പോള്‍ ഞങ്ങളെത്തി അല്ലേ.

ആ നിങ്ങളെത്തിക്കാണും ഇനി ഞങ്ങള്‍ തിരിച്ചെത്താനുള്ള വഴി കണ്ടു പിടിക്കട്ടേ....

അങ്ങനെ നിശ്ചയിച്ച സമയത്തിനും അര മണിക്കൂര്‍ വൈകി (അരമണിക്കൂറെന്നു വച്ചാല്‍ ഒരു നാല്‍പതു നാല്‍പത്തഞ്ചു മിനിറ്റ്‌ വരും എന്നോര്‍ക്കുക) അദ്ധ്യക്ഷനും സംഘവും മീറ്റ്‌ നടത്താനുദ്ദേശിച്ച റിസോര്‍ട്ടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി എത്തിച്ചേര്‍ന്നതോടെ.

ബാംഗ്ലൂര്‍ മീറ്റിന്റെ തിരശ്ശീല ഉയരുന്നു.

വാല്‍ക്കഷ്ണം:
വഴി തെറ്റാതെ അവിടെ എത്തിയത് വളരെ ചുരുക്കം മാത്രം..

Sunday, August 12, 2007

ആറാം മീറ്റ്‌ ചിത്രങ്ങള്‍
ബൂലോകത്തില്‍ കമന്റ്‌ പോസ്റ്റ്‌ അഗ്രഗേറ്ററുകളുടെ പ്രസക്തിയെക്കുറിച്ചു തുറന്ന ചര്‍ച്ച - 1
ബൂലോകത്തില്‍ കമന്റ്‌ പോസ്റ്റ്‌ അഗ്രഗേറ്ററുകളുടെ പ്രസക്തിയെക്കുറിച്ചു തുറന്ന ചര്‍ച്ച - 2
ഗ്രൂപ്പ്‌ ഫോട്ടോ - 1
ഗ്രൂപ്പ്‌ ഫോട്ടോ - 2
കുറുമാന്‍ - ഈ ക്യാമറാ അത്ര പോരാ... :)

ബാംഗളൂര്‍ മീറ്റ് വിശേഷങ്ങള്‍
മാന്യ ബൂലോഗരെ

ബാംഗളൂര്‍ ബ്ലോഗ്ഗെര്‍ കുട്ടപ്പായിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന,മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുമായി മുപ്പതില്‍ അധികം സജീവ ബ്ലോഗ്ഗേര്‍സ് പങ്കെടുത്ത ആറാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് വളരെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നായിരുന്നു. കൊച്ചിയില്‍ പ്രകാശനം ചെയ്യപ്പെട്ട ,കുറുമാന്റെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“ മീറ്റില്‍ ഒരിക്കല്‍ കൂടെ പ്രകാശിപ്പിക്കപ്പെട്ടു.ചെന്നൈ ബ്ലോഗ്ഗര്‍ ബെന്നിയാണ് പുസ്തകത്തിന്റെ പ്രതി,ബാംഗളൂര്‍ ബ്ലോഗ്ഗെര്‍ കൊച്ചു ത്രേസ്യയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. തുടര്‍ന്ന് ബെന്നി ചെയ്ത പ്രസംഗത്തില്‍ ബ്ലോഗ്ഗുകളുടെ സാദ്ധ്യതകളെ കുറിച്ചും യൂറോപ്പ് സ്വപ്നത്തില്‍ കുറുമാന്‍ കാണിച്ച എഴുത്തിന്റെ ആര്‍ജ്ജവത്തെ കുറിച്ചും സംസാരിച്ചു. പിന്നീട് ആശംസാ പ്രസംഗം നടത്തിയ,കുട്ടിച്ചാത്തന്‍,ദേവദാസ് എന്നിവര്‍ യൂറോപ്പ് സ്വപ്നങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കുകയുണ്ടായി. ആശംസകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് കുറുമാന്‍ നടത്തിയ പ്രൌഡോജ്ജ്വല പ്രസംഗം ബ്ലോഗ്ഗേര്‍സിന് ഒരു പുത്തന്‍ അനുഭവമായിരുന്നു.

തുടര്‍ന്ന് മീറ്റില്‍ പങ്കെടുത്ത 32 ബ്ലോഗ്ഗേര്‍സിനേയും പരിചയപ്പെടുത്തുക എന്ന കര്‍ത്തവ്യമായിരുന്നു. അത്, തഥാഗതന്‍ എന്ന ഞാന്‍ നിര്‍വഹിച്ചു. അതിനു ശേഷം ശ്രീ.കുമാര്‍, ബ്ലോഗ്ഗുകളും അഗ്രിഗേറ്ററുകളും എന്ന വിഷയത്തെ കുറിച്ച് വളരെ ഗൌരവതരമായ ചര്‍ച്ചയ്ക്ക് വഴി ഒരുക്കി കൊണ്ട് നടത്തിയ പ്രഭാഷണവും ശ്രദ്ധേയമായി.

പിന്നീട് ആദ്യമായി മീറ്റില്‍ പങ്കെടുക്കുന്ന അംഗങ്ങല്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുകയും ഈ മീറ്റ് അവരില്‍ എന്തു സ്വാധീനമാണ് ചെലുത്തിയത് എന്ന് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കുകയും ഉണ്ടായി. കൊച്ചു ത്രേസ്യ,ജാസൂട്ടി,സുജിത് ഭക്തന്‍,അരവിശിവ,ഷാനവാസ്,ശ്രീശോഭ്,ജോജു,ബിജോയ് തുടങ്ങിയ,ആദ്യമായി ഒരു ബ്ലോഗ്ഗ് മീറ്റില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കള്‍ എല്ലാവരും,ഇനിയും ഇതു പോലെ ഉള്ള മീറ്റുകള്‍ സംഘടിപ്പിക്കണം എന്നും ബ്ലോഗ്ഗിനെ കുറിച്ചും മറ്റു സാഹിത്യ സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചും ഗൌരവതരങ്ങളായ ചര്‍ച്ചകള്‍ സംഘടിപ്പിക്കണം എന്നും ഒരു പോലെ ആവശ്യപ്പെട്ടു.

പിന്നീട് കിരണ്‍സ്,കൊച്ചന്‍,പീലിക്കുട്ടി,രാജേഷ് എന്നിവരുടെ ഗാനാലാപനവും,കുറുമാന്റെ നാടന്‍ പാട്ടുകളും,കവിതാലാപനവും ഉണ്ടായി.കുട്ടന്‍സിന്റെ നന്ദി പ്രകടനത്തോടെ മീറ്റിനു തിരശ്ശീല വീഴുകയും കൃഷ്ണാ ഫാം ഒരുക്കിയ സവിശേഷ ഡിന്നര്‍ എല്ലാവരും നന്നായി അസ്വദിക്കുകയും ചെയ്തു. രാത്രി 9.30 മണിയോടെ വീണ്ടും വീണ്ടും തമ്മില്‍ കാണാമെന്ന് അന്യോന്യം ഉറപ്പുനല്‍കി എല്ലാവരും പിരിഞ്ഞു പോകുകയുണ്ടായി..

ഈ മീറ്റില്‍ പങ്കെടുക്കാനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയില്‍ നിന്നും എത്തിയ ശ്രീ.കുമാര്‍,ഇക്കാസ്,പച്ചാളം,കലേഷ് എന്നിവര്‍ക്കും,ചെന്നൈല്‍ നിന്നും എത്തിയ ബെന്നി,വിനയന്‍,കൊച്ചന്‍,സിജു,ദേവദാസ് എന്നിവര്‍ക്കും,നമ്മുടെ എല്ലാം പ്രിയങ്കരനായ കഥാകാരന്‍ ശ്രീ കുറുമാനും ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സിന്റെ അകൈതവമായ നന്ദി.

(കൂടുതല്‍ ചിത്രങ്ങള്‍ കുമാര്‍,കലേഷ്,പച്ചാളം,ചന്ദ്രക്കാറന്‍,കുട്ടിച്ചാത്തന്‍,സിജു,ആര്‍ദ്രം.കൊച്ചു ത്രേസ്യ എന്നിവര്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.ഗ്രൂപ്പ് ഫോട്ടൊയില്‍ കാണാത്ത അഞ്ചോ ആറോ പേര്‍ ഫോട്ടൊ എടുക്കുകയാണെന്ന് അനുമാനിക്കു)

Thursday, July 19, 2007

കുറുമാന്റെ “ഏന്റെ യൂറോപ്പ് സ്വപ്നങ്ങളുടെ” ബാംഗളൂര്‍ പ്രകാശനം അഥവ ആറാം ബാംഗളൂര്‍ മീറ്റ്

മാന്യ ബൂലോഗരേ

ജൂണ്‍ 3ആം തിയ്യതിയിലെ മീറ്റിനു ശേഷം( ശ്രീജിത്തിന്റെ നിഷ്ക്രമണത്തിനു ശേഷമോ) ഉറക്കത്തിലായ ബാംഗളൂര്‍ ബ്ലൊഗ്ഗെര്‍സിനെ ഉണര്‍ത്താന്‍ ഇതാ ഒരു മീറ്റ്..

നമുക്കേവര്‍ക്കും പ്രിയങ്കരനായ ശ്രീ രാഗേഷ് കുറുമാന്റെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന ജീവിതാനുഭവ - യാത്രാവിവരണ നോവല്‍ ആഗസ്റ്റ് 5ആം തിയ്യതി കൊച്ചിയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണല്ലൊ. ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സിനേവര്‍ക്കും പ്രിയങ്കരനായ ശ്രീ.കുറുമാന്‍,ആഗസ്റ്റ് 11 നു,ബാംഗളൂര്‍ വരാന്‍ സന്നദ്ധത കാണിക്കുകയും അതിനോടനുബന്ധിച്ച് ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് എല്ലാവരും ഒരിക്കല്‍ കൂടെ ഒത്തു ചേരാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തദവസരത്തില്‍ ശ്രീ.കുറുമാന്റെ നോവലിന്റെ ബാംഗളൂര്‍ പ്രകാശനവും നടക്കുന്നതാണ്..

ചെന്നൈയിലും കൊച്ചിയിലും ഉള്ള ചില ബ്ലോഗ്ഗേര്‍സും ഈ മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറായിട്ടുണ്ട്..

പതിനഞ്ച് പേരില്‍ ഒതുങ്ങിയിരുന്ന ബാംഗളൂര്‍ ബൂലോഗം ഇപ്പോല്‍ 30ഇല്‍ അധികം അംഗങ്ങളോടെ ഈ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ബൂലോഗ കൂട്ടായ്മയായി മാറിയിരിക്കുന്നു..

എല്ലാവര്‍ക്കും ഹൃദയംഗമായ സ്വാഗതം

മലയാളം ബ്ലോഗേഴ്സിനിതാ SMS ഗ്രൂപ്പും

ഗൂഗിളിലും യാഹുവിലും ഒക്കെ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ ജോയിന്‍ ചെയ്താണല്ലോ ഇത്രയും നാളും ലോകത്തിലെ മലയാള ബ്ലോഗേഴ്സെല്ലാവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നത്. ബാംഗ്ലൂര്‍ബ്ലോഗേഴ്സ് , ഹൈദരബാദലു വിശേഷഗളു ഒക്കെ ആ ഇനത്തില്‍പ്പെട്ടവയാണ്.

എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു വെറും മൂന്നു രൂപാ ചെലവില്‍ ഇന്ത്യയിലെ എല്ലാ മലയാളബ്ലോഗേഴ്സുമായും ആശയവിനിമയം നടത്താം.

അതെങ്ങനെയെന്നല്ലേ ?ഓരോ സ്റ്റെപ്പായി ഞാന്‍ പറയാം. ആദ്യമായി മൊബൈല്‍ ഫോണ്‍ ഒന്നു കയ്യിലെടുത്തു പിടിച്ചോളൂ. ( ബാലന്‍സ് ഉണ്ടായിരിക്കണേ )

Step 1: മുഴുവന്‍ ക്യാപ്പിറ്റല്‍ ലെറ്ററില്‍ ഇതുപോലെ എസ് എം എസ് ചെയ്യുക. REG to 9845398453
ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു മെസ്സേജ് ലഭിക്കും. അതില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ച് ഈ സൈറ്റില്‍ കയറി (മൈ ടുഡേ എന്ന സൈറ്റില്‍ നിന്നാണു നമുക്കു ഈ സേവനം ഉപയോഗിക്കുവാന്‍ സാധിക്കുന്നത്. ) രജിസ്റ്റര്‍ ചെയ്യുക.
http://www.mytoday.com/

Step 2:
രജിസ്റ്റര്‍ ചെയ്തതിനു ശേഷം START MALBLOGGERS എന്നു 757585 നമ്പറിലേക്കു എസ് എം എസ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്കു ഇതുപോലെ ഒരു എസ് എം എസ് ലഭിക്കും.

Welcome to MALBLOGGERS. To publish, sms PUB MALBLOGGERS message to 757585. To stop receiving updates, sms STOP MALBLOGGERS to 757585.

Step 3: ഇപ്പോള്‍ നിങ്ങള്‍ മല്‍ബ്ലോഗേഴ്സ് മോബില്‍ അംഗമായി ക്കഴിഞ്ഞു.
For More Details: http://pub.mytoday.com/help/index.php

Step 4: ഉപയോഗം: നിങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തതു പോലെ പലരും ഈ മോബില്‍ രജിസ്റ്റര്‍ ചെയ്തു കാണുമല്ലോ. ആ രജിസ്റ്റര്‍ ചെയ്തവരാരെങ്കിലും ഈ മോബിലേക്കു മെസ്സേജ് അയച്ചാല്‍ ആ മെസേജ് ഈ മോബില്‍ ജോയിന്‍ ചെയ്ത എല്ലാവര്‍ക്കും അപ്പോള്‍ തന്നെ ലഭിക്കും.

Step 5: എങ്ങനെയാണു ഞാന്‍ മോബിലേക്കു മെസേജ് അയക്കുക ?
PUB MALBLOGGERS Hi We r decided to meet 2morrow. എന്ന ഫോര്‍മാറ്റില്‍ 757585 ലേക്കു എസ് എം എസ് അയച്ചാല്‍ മതിയാകും. ആര്‍ക്കെങ്കിലും ഈ മെസേജിനു മറുപടി അയക്കണമെങ്കില്‍ ഇതേ ഫോര്‍മാറ്റില്‍ തന്നെ 757585 ലേക്കു എസ് എം എസ് അയച്ചാല്‍ മതിയാകും. ഓര്‍ക്കുക PUB MALBLOGGERS എന്നതാണു മല്‍ബ്ലോഗേഴ്സിനെ സൂചിപ്പിക്കുന്നത്.

757585 ലേക്കു നിങ്ങള്‍ അയക്കുന്ന ഓരോ മെസേജിനും 3 രൂപാ നിരക്കായിരിക്കും. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനായി അയക്കുന്ന മെസേജിനു ലോക്കല്‍ മെസേജിന്റെ പൈസയേ പോവുകയുള്ളു.

എന്തിനിനി സംശയിക്കണം. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ... മൊബൈല്‍ ഗ്രൂപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറൂ. വെറും മൂന്നു രൂപായ്ക്കു പല ആളുകള്‍ക്കു മെസേജ് അയക്കുക എന്നത് ഒരു നല്ല കാര്യമല്ലേ?

താങ്ക്സ് മൈ ടുഡേ !!!!!!!

For More Details Contact MALBLOGGERS mob Owner: 09986489760