Monday, December 11, 2006

വീരഭദ്രന്‍ ഇല്ലാത്ത മിനി മീറ്റ്‌

മദിരാശിയില്‍ നിന്നും വന്ന പൊന്നമ്പലം എന്ന ബ്ലോഗറെ ആദരിയ്ക്കാനായി ഇന്നലെ ഒത്തുകൂടിയ ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മിനി മീറ്റ് വീരഭദ്രന്റെ അസാന്നിദ്ധ്യത്തിലും ഗംഭീരമായി. വീരഭദ്രന്‍ ഇല്ലാത്ത ബാംഗളൂര്‍ മീറ്റോ എന്നു ചോദിച്ച് മറ്റു ദേശങ്ങളില്‍ ഉള്ള ബ്ലോഗ്ഗേര്‍സ് അദ്ഭുതം കൂറുമെന്നറിയാം.. പക്ഷെ എന്തു ചെയ്യാം അങ്ങനെ സംഭവിച്ചു പോയി
( ബഹു : പൊന്നമ്പലം, വീരഭദ്ര വിരോധി ആയതാണ് സംഭവം ഇങ്ങനെ ആകാന്‍ കാരണം)

ശ്രീജിത്തിന്റെ അറിയിപ്പനുസരിച്ച് ഫോറത്തില്‍ എത്തിയപ്പോള്‍ അവിടെ പൊന്നമ്പലവും കുട്ടിച്ചാത്തന്‍ എന്ന ബ്ലോഗറും റെഡിയായിരുന്നു. പിന്നീട് ആര്‍ദ്രവും, കിരണ്‍സും മഴനൂലും വേറെ ഒരു Would Be Blogger ആയ സ്മിതയും എത്തിച്ചേര്‍ന്നു. Transit-ഇല്‍ നിന്നും കോള്‍ഡ് കോഫിയും കുടിച്ച് പിന്നീട് കൈരളിയില്‍ നിന്നും കേരളാ ഭക്ഷണവും കഴിച്ച് പിരിഞ്ഞ മീറ്റ്, മീറ്റുകളുടെ അപ്പച്ചനാകുകയായിരുന്നു (Father of All meets).

നമ്മള്‍ ഇങ്ങനെ ആഴ്ച്കയ്ക്കാഴ്ച്കയ്ക്ക് മീറ്റു നടത്തിയാല്‍ മറ്റു ദേശക്കാര്‍ എന്തു കരുതും എന്ന ചോദ്യത്തിന്, നമ്മുടെ മീറ്റില്‍ പങ്കെടുക്കാന്‍ ഒരു ബ്ലോഗര്‍ക്ക് പരമാവധി യാത്ര ചേയ്യേണ്ട ദൂരം 15 കിലോമീറ്റര്‍ മാത്രമാണെന്നും അതു കൊണ്ട്‌ നമുക്കു തോന്നുമ്പോള്‍ ഒക്കെ നമ്മള്‍ മീറ്റ് നടത്തുമെന്നും ആണയിട്ട ബാംഗളൂര്‍ ബ്ലോഗേര്‍സ് വിട പറയാന്‍ മടിയ്ക്കുന്ന മനസ്സുമായി ഫോറത്തിന്റെ മുന്‍പില്‍ നിന്നും സ്വയം പിരിഞ്ഞു പോകുകയാണുണ്ടായത്.. വീരഭദ്രനു മുന്‍പ് ഊണുകഴിയ്ക്കില്ല എന്ന് പറഞ്ഞ മഴനൂല്‍, കടുവ എന്ന ചങ്ങാതിയോടൊപ്പം വീരഭദ്രശാല അന്വേഷിച്ച് പോകുകയും ഉണ്ടായി
(ചിത്രങ്ങള്‍ ആര്‍ദ്രം പോസ്റ്റുന്നതാണ്)

Wednesday, December 06, 2006

അത്താഴ വിശേഷങ്ങള്‍: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്


ചന്ദ്രക്കാറന്റെ മദ്യപാനാസക്തി കണ്ടിട്ട് മദ്യമേ വിഷമേ, വിഷ മദ്യമേ എന്ന് പറഞ്ഞ് കൊടുക്കുന്ന തഥാഗതന്‍.


അവസാനം ചന്ദ്രക്കാറന്‍ വിജയിച്ചു. മദ്യ വിഷമാണെങ്കിലും അത് കുടിച്ചില്ലെങ്കില്‍ വിഷമമാണെന്ന് തഥാഗതനെ ബോധ്യപ്പെടുത്തി. തഥാഗതന്‍ തന്റെ പെഗുമായി.

കിരണ്‍ പാടുന്നു. രംഗത്ത് പാട്ടു കേട്ട് ഉറങ്ങിപ്പോയ അജിത്തും കണ്ണുകള്‍ ആര്‍ദ്രമായ ആര്‍ദ്രവും.

ചന്ദ്രക്കാറന്റെ കത്തി കേട്ട് നെറ്റിയില്‍ കൈ വച്ച മഴനൂല്‍. ബോറടിച്ച് വേറെ ഒരു പണിയും ഇല്ലാതെ സ്വന്തം മൊബൈല്‍ ആകാശത്തേക്കെറിഞ്ഞ് പിടിക്കുന്ന ശ്രീജിത്ത്.


ബില്ലു വന്നപ്പോള്‍ ഞെട്ടിയ കുട്ടപ്പായി. അടുത്ത്, ഉറക്കം നടിക്കുന്ന ശ്രീജിത്തും എഴുന്നേറ്റോടാന്‍ തുടങ്ങുന്ന മഴനൂലും.

ഗോ കാര്‍ട്ടിങ്ങ്: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

ഗോ കാര്‍ട്ടിങ്ങ് ട്രാക്കില്‍ റേസിങ്ങിനായി തയ്യാറെടുക്കുന്ന ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്
മുന്നില്‍ നിന്നും പിന്നിലേയ്ക്ക്: ചന്ദ്രക്കാറന്‍, മഴനൂല്‍, ശ്രീജിത്ത്, ആര്‍ദ്രം, അതിനും പിന്നിലുള്ളവരെ കാണാന്‍ മേല.അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍.
ചന്ദ്രക്കാറന്‍ വണ്ടി ഫ്ലാഗ് ഓഫ് ചെയ്യുമ്പോള്‍ എല്ലാവരേയും കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു.


മത്സരഓട്ടത്തിനിടയ്ക്ക് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ സ്വത്തുക്കള്‍ ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന് നല്‍കണമെന്ന് വില്‍‌പത്രത്തില്‍ ഒപ്പിടുന്ന കുട്ടപ്പായി. പിന്നില്‍ കിരണ്‍സ്.

ഈ റേസ് എപ്പൊ ജയിച്ചു എന്ന് ചോദിച്ചാല്‍ മതി എന്ന ആത്മവിശ്വാസവുമായി ഈ അമേസിങ്ങ് റേസിനു മുന്‍പ് കുട്ടപ്പായി.


പീലിക്കുട്ടിയും രാധയും റേസിനു മുന്‍പ്. ജഡ്ജസ് പ്ലീസ് നോട്ട്: കൈ ഉയര്‍ത്തിക്കാട്ടുന്നത് പീലിക്കുട്ടി.

പീലിക്കുട്ടിയും രാധയും റേസിനു ശേഷം. ട്രാക്കിനരികില്‍ ഇട്ടിരുന്ന പകുതിയിലധികം ടയറുകള്‍ ഇടിച്ച് ട്രാക്കിലേയ്ക്ക് ഇട്ടതിന്റെ ആത്മവിശ്വാസം അവരുടെ മുഖത്ത്. നിലം തൊട്ട് നില്‍ക്കുന്ന കാര്‍ട്ടിങ്ങ് വണ്ടിയുടെ അടിയില്‍ പോയി ആ മുഖം പകര്‍ത്താന്‍ ആയില്ല. എല്ലാരും ഒന്ന് ക്ഷമി.

Tuesday, December 05, 2006

ബംഗ്ലുൂര്‍ ബ്ലോഗേഴ്സ്‌ മീറ്റ്‌ - കൂടുതല്‍ ചിത്രങള്‍


പച്ചവെള്ളം പച്ചമുളകിട്ടു കുടിയ്ക്കുന്നയാള്‍പച്ചവെള്ളത്തില്‍ പച്ചമുളകിട്ട് ആസ്വദിച്ച് കുടിയ്ക്കുന്ന ബ്ലൊഗ്ഗര്‍

ഉത്ഘാടന ചിത്രങ്ങള്‍: നാലാം മീറ്റ്

ഇടത്തുനിന്ന് വലത്തോട്ട്:
നാലാം മീറ്റ് ഉത്ഘാടനം ചെയ്യുന്ന തഥാഗതന്‍.
പുതുതായി വാങ്ങിയ ക്യാമറയുടെ ഡെമോ നടത്തുന്ന ചന്ദ്രക്കാരന്‍
മീറ്റില്‍ ആദ്യമായുണ്ടായ സ്ത്രീസാന്നിധ്യം ആസ്വദിക്കുന്ന മഴനൂല്‍.

മീറ്റ് ഉത്ഘാടനം ആസ്വദിക്കുന്ന കുട്ടപ്പായി.

നാലാം മീറ്റ് ശ്രീജിത്തിനെ ബൂലോകത്തിലെ ഏറ്റവും വലിയ മണ്ടനുള്ള അവാര്‍ഡായ പൊന്നാടയും തലപ്പാവും നല്‍കി ആദരിച്ചപ്പോള്‍ (ഇത് സാധാരണ കര്‍ണ്ണാടകയിലെ മണ്ടന്മാര്‍ക്കാണ് നല്‍കാറുള്ളത്. യവന്‍ അവരേക്കാളും വലിയ മണ്ടന്‍ ആയതുകൊണ്ട് ഇത് തന്നെ കൊടുത്തു) .


കന്നട ഭാഷ സ്വന്തം ബ്ലോഗില്‍ ഉപയോഗിച്ച ഒരേയൊരു ബാംഗ്ലൂര്‍ ബ്ലോഗര്‍ ആയ കുട്ടപ്പായിയെ തഥാഗതന്‍ കര്‍ണ്ണാടകയിലെ പരമ്പരാഗത വസ്ത്രമായ ഉത്തരീയം അണിയിച്ച് അഭിനന്ദിക്കുന്നു.

അല്‍പ്പന് മീറ്റിന് തലപ്പാവും പൊന്നാടയും കൊടുത്താല്‍ അതും തണല് എന്നതിന്റെ ഉദാഹരണമായി കിട്ടിയ സമ്മാനങ്ങള്‍ വച്ച് ശ്രീജിത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. പിറകില്‍ ലവന് ചെയ്യാമെങ്കില്‍ എനിക്കായിക്കൂടേ എന്നും പറഞ്ഞ് ഒരുങ്ങുന്ന കുട്ടപ്പായി.

റിപ്പോര്‍ട്ട്: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ് മുന്‍‌നിശ്ചയിച്ചപ്രകാരം മംഗളപരമായി ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നാം തീയതി കൊണ്ടാടി. മുന്നേ തന്നെ നല്ല സുഹൃത്തുക്കളായിരുന്നവരും പുതുതായി ബ്ലോഗിങ്ങ് രംഗത്ത് പിച്ചവച്ച് തുടങ്ങിയവരും ഈ മീറ്റില്‍ ആവേശത്തോടെ പങ്കെടുത്തു.

തുടക്കം

പീലിക്കുട്ടിയായിരുന്നു ആദ്യമെത്തിയത്. മൂന്ന് മണിക്ക് തുടങ്ങാന്‍ നിശ്ചയിച്ച മീറ്റിന് രണ്ടേമുക്കാലോടെ തന്നെ എത്തി തന്റെ ശുശ്കാന്തി തെളിയിച്ചു പീലിക്കുട്ടി. വെള്‍ക്കം ഡ്രിങ്ക് എന്ന സാധനം ആദ്യമേ കുടിച്ച് തീര്‍ക്കാനുള്ള ഒരു ത്വരയുടെ ഭാഗമാണ് ഇതെന്ന് ചില ദോഷൈകദൃക്കുക്കള്‍ ആരോപണം ഉന്നയിച്ചെങ്കിലും അത് പീലിക്കുട്ടിയുടെ പ്രഭാവത്തിനുമുന്നില്‍ വിലപോയില്ല. തുടര്‍ന്നെത്തിയ ശ്രീജിത്തും മഴനൂലും ഈ കുട്ടിയുടെ പീലി കണ്ട് വീണു പോയി എന്നുപറഞ്ഞ ദോഷൈകദൃക്കുക്കള്‍ മുന്നേ പറഞ്ഞവര്‍ തന്നെയാണോ എന്ന വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഒരു സ്ഥിതീകരണം ഇതു വരെ കമ്മിറ്റി ആപ്പീസില്‍ ലഭിച്ചിട്ടുമില്ല. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പിറകില്‍ നിന്ന് ഒരു വിളി വന്നു. “ഡ്രൈവര്‍ര്‍‌ര്‍...”. “യെസ്, സര്‍” എന്നും പറഞ്ഞ് മഴനൂല്‍ തിരിഞ്ഞു നോക്കി. മുറ്റത്ത് ഒരു തഥാഗതന്‍. അദ്ദേഹം സ്വന്തം ഡ്രൈവറെ വിളിച്ചപ്പോള്‍ മഴനൂല്‍ തിരിഞ്ഞ് നോക്കിയത് ടിപ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണെന്നാണ് പൊതുവേയുള്ള സംസാരം.

അധികം വൈകാതെ ഒരു കാല്‍ ഗോകര്‍ണ്ണത്തും മറ്റേക്കാല്‍ കാസര്‍ഗോഡിലും വയ്ക്കുന്ന തരത്തില്‍ നടന്നുകൊണ്ട് തെങ്ങിനൊക്കെ എന്താ ഒരു വാട്ടം എന്ന് മട്ടില്‍ ആകാശത്ത് കണ്ണും നട്ട് കുട്ടപ്പായി ആഗതനായി. അവിടത്തെ ലോക്കല്‍ പയ്യന്‍സ് ആര്‍ദ്രവും ഉടനേ തന്നെ എത്തി. തുടര്‍ന്നങ്ങോട്ട് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എം.ജി.റോഡിന്റെ അപ്പുറത്ത് ഒരു വലിയ കുഴി ആണെന്ന്‍ അത്ര നാളും‍ വിശ്വസിച്ചിരുന്ന ചന്ദ്രക്കാറനും, ബാംഗ്ലൂര്‍ സിറ്റിയുടെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ യാത്ര ചെയ്തു വരികയായിരുന്ന രാധയും, ഓട്ടോയിലിരുന്ന് ലൈവ് അപ്ലേറ്റ് കൊടുത്തുകൊണ്ട് കിരണും ആര്‍.ടി.നഗറിലെ പട്ടേത്സ് ഇന്‍ എന്ന റിസോര്‍ട്ടില്‍ കുട്ടപ്പായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കണ്ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് ബദ്ധപ്പെട്ട് സ്ഥലത്ത് എത്തിച്ചേര്‍ന്നു. നാട്ടില്‍ നിന്ന് വന്ന ഒരാളെ കെട്ടുകെട്ടിച്ച് പായ്ക്ക് ചെയ്തു വിട്ടതിനു ശേഷം മാത്രമേ വരാന്‍ പറ്റുകയുള്ളൂ എന്നുപറഞ്ഞ അജിത്ത് വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നതിനാല്‍ പരിപാടികള്‍ അദ്ദേഹത്തിനുവേണ്ടി കത്തുനില്‍ക്കാതെ ഉടന്‍ തുടങ്ങാന്‍ തീരുമാനമായി.

ഉത്ഘാടനം

ഏകദേശം നാലരയോടുകൂടി മുന്നുമണിയ്ക്ക് തുടങ്ങാനിരുന്ന മീറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. കാണാന്‍ അറുപത് പറയുമെങ്കിലും മനസ്സുകൊണ്ട് ഇരുപത് മാത്രമാണെന്ന് സ്വയം അവകാശപ്പെടുന്ന തഥാഗതനാണ് മീറ്റ് ഉത്ഘാടനം ചെയ്തത്. പരമ്പരാഗത രീതിയില്‍ ഉത്ഘാടനം ചെയ്യാന്‍ ഏഴു തിരിയിട്ട വിളക്കോ, അറ്റ്ലീസ്റ്റ് ഒന്നു മുറിക്കാന്‍ ഒരു നാടയോ ഒരുക്കാക്കുന്നതില്‍ സംഘാടകര്‍ അലംഭാവം വരുത്തിയതിനാല്‍ ഹാളിലെ ലൈറ്റ് ഓണ്‍ ചെയ്താണ് ഈ മഹത്തായ കൂട്ടുചേരല്‍, ഉത്ഘാടനം ചെയ്യപ്പെടുകയുണ്ടായത്. മുന്‍‌നിശ്ചയിച്ച പ്രകാരം നടക്കേണ്ടിയിരുന്ന കവലപ്രസംഗങ്ങള്‍, മറ്റുള്ളവരെ കാത്ത് നിന്ന നേരം കൊണ്ട് കുട്ടപ്പായി, തഥാഗതന്‍, ശ്രീജിത്ത് എന്നിവര്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ അതൊഴിവാക്കി നേരെ വ്യക്തിപരിചയത്തിലേയ്ക്ക് കടക്കാന്‍ സംഘാടകസമിതി തീരുമാനമെടുക്കുകയാണുണ്ടായത്.

പുതുതായി വാങ്ങിയ ക്യാമറയുടെ ഉത്ഘാടന പടം പിടുത്തം ചന്ദ്രക്കാറന്‍ തകൃതിയായി നടത്തുന്നതിനിടയില്‍, തഥാഗതന്‍ തന്നെക്കുറിച്ച് നാലു പുറത്തില്‍ കവിയാതെ ഉപന്യസിച്ചു. കണ്ടിരുന്ന കിരണ്‍ ഉടന്‍ പത്തില്‍ എട്ട് മാര്‍ക്ക് നല്‍കി എന്ന്‍ സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകളുണ്ട്. വേദിയുടെ മൂലയ്ക്ക് ഇരുന്നിരുന്ന മഴനൂലുകള്‍ അവിടെ നിന്നുകൊണ്ട് ആനക്കൊമ്പ് പോലെ പുറത്തേയ്ക്ക് നീളുന്ന പുകക്കുഴലുകള്‍ കൊണ്ട് സ്മോക്ക് ഇഫക്റ്റ് നല്‍കിയത് ആ വൈകുന്നേരം വര്‍ണ്ണാഭമാക്കി. അടഞ്ഞ ആ മുറിയ്ക്കുള്ളില്‍ ശബ്ദം മാറ്റൊലി കൊണ്ട് ഡോള്‍ബി ഇഫക്റ്റ് നല്‍കുന്നുണ്ടായിരുന്നതിനെ ആര്‍ദ്രം പ്രകീര്‍ത്തിക്കുകയുണ്ടായി. മലയാളം ചാറ്റില്‍ പണ്ടുമുതലേ ഉണ്ടായിരുന്ന തഥാഗതനും കിരണും പഴയ കാല അനുഭവങ്ങള്‍ പങ്കുവച്ചത് സദസ്യരില്‍ കൌതുകമുണര്‍ത്തി. സ്വന്തമായി വെബസൈറ്റുകള്‍ നടത്തുന്ന കിരണും അജിത്തും മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ടീമും പോര്‍ട്ടല്‍ നടത്തിപ്പിന്റെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍ പട്ടി ചന്തയ്ക് പോയ പോലെ ഇരുന്ന കുട്ടപ്പായി ഒരു മൂലയിലിരുന്ന് കോട്ടുവായ് മത്സരത്തിന് പങ്കാളിത്തം ക്ഷണിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി പ്രതിഷേധിച്ചു. ആദ്യമായി മീറ്റിന് ഉണ്ടായ സ്ത്രീസാന്നിധ്യമായ പീലിക്കുട്ടിയും രാധയും തങ്ങളും വളര്‍ന്ന് വരുന്ന ബ്ലോഗ് വസന്തമാണെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടേയിരുന്നു.

ഏറ്റവും പ്രിയങ്കരമായ ബ്ലോഗുകള്‍ ഓരോരുത്തരോടും ചോദിച്ചപ്പോള്‍ മുന്‍‌മീറ്റുകള്‍ പോലെ തന്നെ ഇത്തവണയും മൊത്തമായും ചില്ലറയായും അരവിന്ദന്‍ വിജയിയായി തന്നെ നിന്നു. ബാംഗ്ലൂര്‍ ചോരയാണ് ആ രക്തത്തില്‍ ഓടുന്നത് എന്ന ഒരു പ്രാദേശിക വാദം അപ്പോള്‍ ഉയരുകയുണ്ടായി. ദില്‍ബാസുരനും തൊട്ടുപിന്നേയെത്തിയത് ആ വാദം അരക്കിട്ടുറപ്പിച്ചു. തുടര്‍ന്ന് വിശാലന്റെ അടുത്തൂടെ പോയ കാറ്റൊന്ന് കൊള്ളാന്‍ യോഗമുണ്ടായിരുന്നെങ്കില്‍ എന്ന് പലരും നെടുവീര്‍പ്പിടുകയും യൂറോപ്പില്‍ പോയി ബോര്‍ഡറില്‍ കള്ളനും പോലീസും കളിച്ച കുറുമാന്റെ പച്ചയായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരത്തിനു തുല്യമായ ഒന്നും ഇന്നേ വരെ ബ്ലോഗില്‍ കണ്ടിട്ടില്ലെന്ന് ഐക്യകണ്ഠേന അഭിപ്രായമുയരുകയും ചെയ്തു. ഇതിന്റെ ഇടയ്ക്ക് ചില ലോലഹൃദയരെ ശ്രീജിത്ത് കണ്ണുരുട്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പേരും ഇടയ്ക്ക് പറയിപ്പിക്കുകയുണ്ടായെങ്കിലും അത് കടലില്‍ കലക്കിയ കായം പോലെ ആരും ശ്രദ്ധിച്ചില്ല. അങ്ങിനെ കൊച്ച് കൊച്ച് തമാശകളും അഭിപ്രായങ്ങളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ചടങ്ങില്‍ ചിലര്‍ ആകാശത്ത് സ്റ്റിയറിങ്ങ് വീല്‍ തിരിക്കുന്നതും കസേരയില്‍ ആക്സിലറേറ്റര്‍ പോലെ ചവിട്ടുന്നതും കണ്ട് കാര്യം മനസ്സിലാക്കിയ തഥാഗതാധ്യക്ഷന്‍ ചടങ്ങ് അടുത്തയിനത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചു.

ഗോ-കാര്‍ട്ടിങ്ങ്

ബിഗ് സൈസ് വണ്ടികള്‍ ഓടിച്ച് പരിചയിച്ച വലിയ പുലികള്‍ക്ക് കുഞ്ഞ് കാര്‍ട്ടിങ്ങ് വണ്ടി കൌതുകമുളവാക്കുന്നതായിരുന്നു. ചിലരെങ്കിലും ഇത് ആദ്യം പരീക്ഷിക്കുന്നതും. അതു കൊണ്ട് തന്നെ ആദ്യത്തെ കുറച്ച് നേരത്തെ കാത്തിരുപ്പ് ആശങ്കകളുടെതും സ്റ്റ്രാറ്റെജി പ്ലാനിങ്ങുകളുടേതുമായി. താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച രാധ-പീലിക്കുട്ടി കൂട്ടുകാരികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പിന്നീട് താത്പര്യം കാണിച്ചതോടുകൂടി എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുക്കുന്ന ഒരു പരിപാടിയായി അതുമാറി. ഡ്രൈവറെ വച്ചോടിക്കാന്‍ പറ്റിയ കാര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നതിനാല്‍ തഥാഗതന്‍ ഈ ഇനത്തില്‍ പങ്കെടുക്കാതെ പിന്മാറുകയാണുണ്ടായത്.

ആവേശപൂര്‍ണ്ണമായ മത്സരമായിരുന്നു ചന്ദ്രക്കാറനും മഴനൂലും ശ്രീജിത്തും ആര്‍ദ്രവും തമ്മില്‍ നടന്നത്. എങ്കിലും, തലയുടെ ഇരട്ടി വലിപ്പമുണ്ടായിരുന്ന ഹെല്‍മെറ്റുകളിട്ട് തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് നടന്ന ഇവര്‍ ആരെയൊക്കെയോ എപ്പോഴൊക്കെയോ വെട്ടിച്ച് കടന്നുപോയെങ്കിലും ആര്‍ക്കും പരസ്പരം മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നതിനാല്‍ വിജയിയെ കണ്ടുപിടിക്കാനാകാതെ പിരിയുകയായിരുന്നു. ഇടയ്ക്ക് ട്രാക്കിനു ചുറ്റും നിരത്തിയിട്ടിരുന്ന ടയറുകളുടെ ഗുണനിലവാര പരിശോധന ചന്ദ്രക്കാറന്‍ നടത്തിയെങ്കിലും അത് പീലിക്കുട്ടി-രാധ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ടയര്‍ ടെസ്റ്റിന്‍ കാറിന്റെ പരിശോധനാനിലവാരത്തിന്റെ പത്തിലൊന്നുപോലും എത്തിയില്ല. ട്രാക്കില്‍ സ്വന്തം വണ്ടിയോടിക്കുന്നതിനുപകരം ട്രാക്കിലേയ്ക്ക് ടയര്‍ ഇടിച്ചിട്ടിട്ട് അവിടുത്തെ തൊഴിലാളികളെ തലങ്ങും വിലങ്ങും ഓടിക്കുന്ന നവീനമായ ഒരു കാര്‍ട്ടിങ്ങ് രീതിയാണ് അവര്‍ അവിടെ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് കാര്‍ട്ടിങ്ങ് കഴിഞ്ഞയുടനേ നടന്ന പത്രസമ്മേളനത്തില്‍ രണ്ടും പേരും അവകാശപ്പെട്ടു. ആള്‍ത്തിരക്ക് കൂടുതലായിരുന്നതിനാല്‍ അടുത്ത് റൌണ്ടില്‍ മാത്രം ഇടം കിട്ടിയ കുട്ടപ്പായിയും ഈ ഇനം നന്നായി ആസ്വദിക്കുന്നത് കാണാമായിരുന്നു. അനുവദിക്കപ്പെട്ട ആറ് ചുറ്റുകള്‍ക്ക് ശേഷം നിര്‍ത്താന്‍ ആവശ്യപ്പെട്ട ജീവനക്കാരോട് “ബ്രെയ്ക്കെവിടെ?” എന്ന് ചോദിച്ച് കുട്ടപ്പായി വീണ്ടും ചുറ്റല്‍ തുടര്‍ന്നു. അവസാനം കുട്ടപ്പായി ബ്രേക്ക് കണ്ടു പിടിച്ചപ്പോഴേക്കും മൂന്ന്-നാല് റൌണ്ട് വീണ്ടും കഴിഞ്ഞിരുന്നു.

ഡിന്നര്‍

കാര്‍ട്ടിങ്ങിന്റെ ആവേശവുമായി എല്ലാവരും ഓടിയെത്തിയത് തീന്‍‌മേശയിലേയ്ക്കാണ്. സ്വാഭാവികമായും തന്റെ കഴിഞ്ഞ റൌണ്ടിലെ പകടനം മെച്ചപ്പെടുത്താനുള്ള ഒരു വേദിയായി എല്ലാവരും ഇതിനെക്കണ്ടു. കൂടുതല്‍ റൌണ്ടുകള്‍ വേഗത്തില്‍ തീര്‍ക്കുവാനായി അവനവനുമായി എല്ലാവരും നടത്തിയ ഈ മത്സരത്തില്‍ എല്ലാവരും ഭേദപ്പെട്ട പ്രകടനമാണ് കാ‍ഴ്ചവച്ചത്. ആല്‍ക്കഹോള്‍ അടങ്ങിയ ശീതളപാനീയത്തിന്റെ മത്സരത്തില്‍ കുട്ടപ്പായി ആദ്യമേ തോറ്റു പിന്മാറിയെങ്കിലും മഴനൂലും ചന്ദ്രക്കാറനും തഥാഗതനും ആവേശപൂ‍ര്‍വ്വം മത്സരിച്ചു. കഴിഞ്ഞ മീറ്റില്‍ താന്‍ സ്ഥാപിച്ച വ്യക്തിഗത റെക്കോര്‍ഡ് ചന്ദ്രക്കാറന്‍ മെച്ചെപ്പെടുത്തി. മദ്യനൂല്‍ പക്ഷെ മീറ്റിനു ശേഷവും ബാറുകളില്‍ നിന്ന് ബാറുകളിലേയ്ക്ക് സഫറോം കീ സിന്ദജി അങ്ങിനെയൊന്നും ഖതം ഹോ ജാതേ നഹീ ഹേം എന്നും പറഞ്ഞ് കൊണ്ട് കിട്ടുന്നിടത്തെല്ലാം ഒരു പിടി മണ്ണുവാരിയിട്ട് പ്രയാണം തുടര്‍ന്നതായാണ് അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവിട്ട ശ്രീജിത്ത് പറഞ്ഞ് പരത്തിയതായി അറിവായിട്ടുള്ളത്. തഥാഗതന്‍ പക്ഷെ തന്റെ കഴിവിന്റെ പരമാവധി അവിടെ വച്ച് തന്നെ കഴിച്ച് തീര്‍ത്തു.

കഴിഞ്ഞ മീറ്റിന് ആവേശം വാനോളമുയര്‍ത്തിയ വെറുതേ കിടന്ന് തര്‍ക്കിക്കല്‍ മത്സരം ഇത്തവണയും അതിന്റെ ഔന്നിത്യങ്ങളില്‍ തന്നെ നിലകൊണ്ടു. കഴിഞ്ഞ തവണത്തെ വിജയിയായ ചന്ദ്രക്കാറന്‍ തന്നെ ഇത്തവണയും വിജയിച്ച് ഈ രംഗത്തെ അനിഷേധ്യ ജേതാവാണെന്ന് തെളിയിച്ചു. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍നിന്നും വിഭിന്നമായി ഇത്തവണ ശക്തമായ വെല്ലുവിളികളാണ് ചന്ദ്രക്കാറന് നേരിടേണ്ടി വന്നത്. തഥാഗതന്‍ ഇന്നല്ലെങ്കില്‍ നാളെ ഈ കിരീടം ഞാന്‍ മേടിച്ചെടുക്കും എന്നും പറഞ്ഞ് കട്ടയ്ക്ക് കട്ടയ്ക് നിന്നു മത്സരം തീപാറുന്നതരമാക്കി. മറ്റുള്ളവരുടെ നാക്ക്, ഊണ് കഴിച്ച പാത്രം നക്കിത്തുടയ്ക്കുകയും കൂടെ ചെയ്തതിനു ശേഷം വെറുതേ ഇരിക്കേണ്ട ഒരു സ്ഥിതിവിശേഷമായിരുന്നു പിന്നീട് കുറേ നേരം. അതിനൊരറുതി കൊടുത്തു കൊണ്ട് വെറൈറ്റി എന്റെര്‍ടെയിന്റ്മെന്‍സ്റ്റിനു മറ്റ് സഹൃദയരുടെ ഇടപെടല്‍ മൂലം തുടക്കമായി.

വെറൈറ്റി എന്റെര്‍ടെയിന്റ്മെന്റ്സ്

ബ്ലോഗ്‌സ്വരയുടെ മുന്നണിപ്പോരാളിയും പിന്നണിഗായകനുമായ കിരണിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ചില പാട്ടുകളുമായി ഈ ഇനത്തിന് തുടക്കമായി. എല്ലാവരേയും സ്വന്തം സ്വരം കൊണ്ട് ഉടന്‍ തന്നെ കിരണ്‍ കയ്യിലെടുത്തു. തുടര്‍ന്ന് പീലിക്കുട്ടിയും മഴനൂലും തങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ പാട്ടിന്റെ ഈ വേദി അലങ്കരിച്ചു. അറിയാവുന്ന പണിയ്ക്ക് പോയാല്‍ മതി എന്ന ഒരു തത്വസംഹിതയുടെ വക്താക്കളായ കുട്ടപ്പായി, ആര്‍ദ്രം, അജിത്ത് തുടങ്ങിയവര്‍ കൈ കൊട്ടുന്നതിന്റെ നവീന പ്രവണതകള്‍ ഏതൊക്കെയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. കൊച്ചി മീറ്റിന്റെ ഗായകസംഘം തലവനായ ശ്രീജിത്ത്, പല ഭീഷണികള്‍ക്കുമുന്നിലും പതറാതെ നിന്നുവെങ്കിലും പാടാനുള്ള തന്റെ ആഗ്രഹം തൊണ്ട ശരിയല്ല എന്ന കാരണത്താല്‍ ബലികഴിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ മുഖം വിഷാദാര്‍ദ്രമാക്കി. അജിത്ത് ഏറ്റിരുന്ന കോമഡി ഷോ, മറ്റുള്ളവര്‍ ഏറ്റിരുന്ന ഏകാങ്ക നാടകം എന്നിവ സമയക്കുറവുമൂലവും പീലിക്കുട്ടി, രാധ എന്നിവര്‍ ഏറ്റിരുന്ന കഥാപ്രസംഗം കോസ്റ്റ്യൂംസിന്റെ അഭാവം മൂലവും വേണ്ട എന്ന് വയ്ക്കേണ്ടി വന്നത് ഭാഗ്യത്തിന് ആരും ശ്രദ്ധിച്ചുകണ്ടില്ല.

രാത്രി പത്തു മണിയോടെ മീറ്റിന് തിരശ്ശീല വീണു. സ്വന്തം വണ്ടിയിലല്ലാതെ വന്നവരെ ചന്ദ്രക്കാറന്‍ കൊണ്ടു വിട്ടു. മറ്റുള്ളവര്‍ അവനവന്റെ പാടുനോക്കിപ്പോയി, മഴനൂല്‍ ബാര്‍ നോക്കിയും. എല്ലാവര്‍ക്കും എന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ രസകരമായ ഒരു അനുഭവമായി ഈ മീറ്റ് എന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ ഏറ്റുപറഞ്ഞു. അടുത്ത മീറ്റ് ഉടന്‍ തന്നെ നടത്താമെന്ന തീരുമാനവുമായിട്ടാണ് എല്ലാവരും പിരിഞ്ഞത്.

വാല്‍കഷ്ണം

മീറ്റിന്റെ ഇടയില്‍ വീണുകിട്ടിയ ചില രസകരമായ സംഭവങ്ങള്‍ കൂടിച്ചേര്‍ക്കാതെ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമാകുന്നതെങ്ങിനെ?

കുട്ടപ്പായി: എന്റെ ഒരു കൂട്ടുകാരന്‍ ടെസ്കോ എന്ന കമ്പനിയിലുണ്ട്.
ശ്രീജിത്ത്: ടെസ്കോയോ? എന്താ സ്പെല്ലിങ്ങ്?
കുട്ടപ്പായി: ടി.ഇ.എസ്.കോ

---
കാര്‍ട്ടിങ്ങ് നടക്കുന്ന പവലിയനില്‍ പെട്ടെന്ന് ചന്ദ്രക്കാറന്റെ മുന്നില്‍ എല്ലാവരും തടിച്ചുകൂടി. എല്ലാവരും ചന്ദ്രക്കാറന് അഭിമുഖമായി നിന്ന് ചന്ദ്രക്കാറന്റെ സംസാരം കേള്‍ക്കാന്‍ നില്‍ക്കുന്നത് കണ്ട് ചന്ദ്രക്കാറന്‍ കോള്‍മയിര്‍ കൊണ്ടു. ചന്ദ്രക്കാറന്റെ പിന്നില്‍ നിന്ന പെണ്‍കുട്ടി അവിടുന്ന് മാറിയപ്പോള്‍ ഈ പുരുഷാരവും ഓരോ വഴിക്ക് പിരിഞ്ഞു. അപ്പോഴാണ് തന്റെ ഫാന്‍സിന്റെ ഉള്ളിലിരുപ്പ് ചന്ദ്രക്കാറന് മനസ്സിലാകുന്നത്.

---
ചന്ദ്രക്കാറന്‍: പാലക്കാടിനെക്കുറിച്ച് എന്നോട് തര്‍ക്കിക്കരുത്. പെട്രോള്‍ കട ചോദിച്ചാല്‍ മണ്ണെണ്ണക്കട കാണിച്ച് കൊടുക്കുന്നവരാണ് ആ നാട്ടുകാര്‍. ഞാന്‍ അവിടെ കുറേക്കാ‍ലം തെണ്ടിത്തിരിഞ്ഞ് നടന്നിട്ടുള്ളതാണ്.
തഥാഗതന്‍: തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഒരാളോട് പാലക്കാട്ടുകാര്‍ അങ്ങിനെയേ പറയാറുള്ളൂ.

---
കളരിയും പതിനെട്ടടവും പയറ്റും ചര്‍ച്ചാവിഷയമായപ്പോള്‍ ശ്രീജിത്ത് മൌനം പൂ‍ണ്ടു. ഇതുകണ്ട തഥാഗതന്‍
“നീ എന്താടാ മിണ്ടാതിരിക്കുന്നത്?”
“ഓ, ഞാന്‍ കുറച്ച് കാലമായി അങ്കത്തിന് പോകാറില്ല. കഴിഞ്ഞ അങ്കത്തിന് കൈ ഉളുക്കിയത് ഇതു വരെ ഭേദമായില്ല”

Monday, December 04, 2006

ബാംഗ്ലൂര്‍ മീറ്റില്‍ ആദരിയ്ക്കപ്പെട്ടവര്‍

ബ്ലോഗ്ഗ് സമൂഹത്തിലെ ഏറ്റവും മഹനീയ പുരസ്കാരമായ് ബ്ലോഗ്‌രത്നം അവാര്‍ഡ് നല്‍കി ആദരിക്കപ്പെട്ട ശ്രീജിത്ത്


ബ്ലോഗ്‌മാണിക്യം അവാര്‍ഡിനര്‍ഹനായ കുട്ടപ്പായി

Thursday, November 30, 2006

നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനെന്താ കൊമ്പുണ്ടോ?

ഇല്ലേയില്ല. ഞങ്ങള്‍ ഇപ്പോഴും സ്നേഹം നിറഞ്ഞ കൂട്ടായ്മയില്‍ തന്നെ. അത് തെളിയിക്കാനായി ഞങ്ങളും ഒരു മീറ്റ് കൂടാന്‍ തീരുമാനിച്ചിരിക്കുന്നു. സന്തോഷിക്കൂ എല്ലാവരും സന്തോഷിക്കൂ.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

സ്ഥലം: പട്ടേത്സ് ഇന്‍, ആര്‍.ടി.നഗര്‍, ബാംഗ്ലൂര്‍
സമയം: ഡിസംബര്‍ 3, രണ്ടായിരത്തി ആറ്. വൈകുന്നേരം മൂന്ന് മണി.
പങ്കെടുക്കുന്നവര്‍: ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ഗമ്പ്ലീറ്റ്.
ചിലവ്: തല‌ഒന്നുക്ക് 450 ക.

കാര്യപരിപാടികള്‍:
3.00 : സ്വാഗത കുടി (Welcome Drink)
3.02 : പ്രാര്‍ത്ഥനാഗാനം. അവതരിപ്പിക്കുന്നത്, മഴനൂലും കൂട്ടരും
3.09 : ഉത്ഘാടനം. തഴക്കവും പഴക്കവും ഉള്ള ബ്ലോഗര്‍, വര്‍ണ്ണമേഘം.
3.16 : സ്വാഗതപ്രസംഗം. കമ്മിറ്റി ഭാരവാഹി കുട്ടപ്പായി.
3.22 : അധ്യക്ഷപ്രസംഗം. വേറൊരു കമ്മിറ്റി ഭാരവാഹി തഥാഗതന്‍.
3.29 : ചുമ്മാ ഒരു പ്രസംഗം. ഇതിന്റെ ഒക്കെ മെയിന്‍ ആള്‍, ഞാന്‍.
3.52 : ആശംസാപ്രസംഗം. പാവമായ ചന്ദ്രക്കാറന്‍.

തുടര്‍ന്ന് കലാപരിപാടികള്‍.

4.00 : രാധ, പീലിക്കുട്ടി സിസ്റ്റേര്‍സ് അവതരിപ്പിക്കുന്ന ഏഴാമത് കഥാപ്രസംഗം. “ഒരു ബാംഗ്ലൂര്‍ ബ്ലോഗുഗാഥ”
4.47 : ഏകാങ്ക നാടകം. രംഗത്ത് മഴനൂല്‍, വര്‍ണ്ണമേഘം, കുട്ടപ്പായി, ആര്‍ദ്രം, കൊച്ചന്‍ തുടങ്ങിയവര്‍
5.13 : കോമഡി ഷോ: അവതരണം സുപ്രസിദ്ധ കാഥികന്‍ അജിത്ത് കൃഷ്ണണുണ്ണി.
5.30 : ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ വേള്‍ഡ് റെസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. മത്സരം ലോക ചാമ്പ്യനായ പച്ചാളത്തിന്റെ ശിഷ്യന്‍ ശ്രീജിത്തും അടിച്ച് തെറ്റി ബോധമില്ലാതെ നില്‍ക്കുന്ന മഴനൂലും തമ്മില്‍.
6.30 : വെറൈറ്റി എന്റെര്‍ടെയിന്മെന്റ്സ്. ഗോ-കാര്‍ട്ടിങ്ങ്, ഷട്ടില്‍ ബാറ്റ്ബിന്റണ്‍, ടെന്നീസ്, നീന്തല്‍, മുച്ചീട്ട് കളി, ബലൂണ്‍ പൊട്ടിക്കല്‍, കുപ്പിയെണ്ണല്‍ തുടങ്ങിയവ.
8.00 : ഡിന്നര്‍
9.00 : ചുമ്മാ കിടന്ന് തര്‍ക്കിക്കല്‍. കഴിഞ്ഞ മീറ്റിലെ വിജയിയായ ചന്ദ്രക്കാറന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മറ്റ് ബ്ലോഗേര്‍സ് ഇത്തവണ മാറ്റുരയ്ക്കുന്ന വേദി.

കാണത്തവറാതീങ്കള്‍. ( എന്നു വച്ചാല്‍ കാണാന്‍ മറക്കണ്ട എന്ന്, സണ്‍.ടി.വി കാണുന്നതിന്റെ ഒരു ഹാങ്ങ് ഓവര്‍ ആണ്)

മീറ്റിന് എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. ആള്‍ ദ് ബെസ്റ്റ് റ്റു ദ മീറ്റ്.

ശ്രദ്ധിക്കുക: കാര്യപരിപാടികളില്‍ തോന്നുമ്പൊ തോന്നുമ്പോ മാറ്റങ്ങള്‍ വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

Monday, November 20, 2006

ഹണിവെല്‍ ക്യാമ്പസ്സില്‍ ഒരു ഒത്തുകൂടല്‍.

ഒരു പണിത്തിരക്കു നിറഞ്ഞ ആഴ്ചയുടെ അവസാനത്തിലാണ് ഇങ്ങനെയൊരാശയം ഉയര്‍ന്ന് വന്നത്. ഒരു പുതിയ ബ്ലോഗുവായനക്കാരിയും, ബ്ലോഗിനെ ഗൌരവമായി കാണുന്നയാളുമായ രാധ, താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ബാംഗ്ലൂരിലെ ബ്ലോഗര്‍ സുഹ്രുത്തുക്കളെ ക്ഷണിക്കുകയായിരുന്നു. ഒരു ബാംഗ്ലൂര്‍ ബ്ലൊഗ്ഗെര്‍സ് മീറ്റിനു സാധ്യത തെളിഞ്ഞെങ്കിലും, ഒരു മീറ്റാക്കി മാറ്റാന്‍ സമയം കുറവായിരുന്നു.
പലരും മുന്‍ കൂട്ടി തീരുമാനിച്ച കാര്യങ്ങളാല്‍ തിരക്കിലായിരുന്നു.
എങ്കിലും, ശനിയാഴ്ച തിരക്കിനു അവധി കൊടുത്തവര്‍ ഒത്ത് കൂടുവാന്‍ തന്നെ തീരുമാനിച്ചു. യാദ്രിശ്ചികമാവാം, എത്തിച്ചേര്‍ന്ന കിരണും,അജിത്തും,ഞാനും,പിന്നെ രാധയും, ആദ്യമായി കണ്ട്മുട്ടുന്നവര്‍. ബൂലോഗത്തിന്‍റെ തണലില്‍ ആയതുകൊണ്ടുതന്നെ, അപരിചിതത്വം ഒരു നിമിഷംകൊണ്ട് വഴിമാറി.ചായ ഗ്ലാസുകള്‍ക്കും, പ്ലേറ്റില്‍ നിരന്ന ബജികളുടേയും ഒപ്പം, നിമിഷങ്ങളെപ്പോലെ കടന്നു പോയതു മൂന്ന് മണിക്കൂറുകള്‍.
രാധ ഒരു ഹോസ്റ്റിന്‍റെ മൂഡിലായിരുന്നു. പതിവു പോലെ, ബ്ലോഗിലെ പുലികളെക്കുറിചും, വരണ്ടുപോയ ക്ലബ്ബും, ചര്‍ച്ചക്ക് വിഷയങ്ങളായി.
അപ്പോഴും പണിത്തിരക്കിലായിരുന്ന കുട്ടപ്പായി, ഫോണിലൂടെ സംസാരിച്ചു.ഈ ഒത്തുകൂടലിന്‍റെ പ്ലാന്‍ ശ്രീജിത്തിന്‍റേതായിരുന്നെങ്കിലും, ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍, ശ്രീജിത്തിന് വരാന്‍ സാധിച്ചില്ല. മെയില്‍ വഴി വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ചന്ദ്രക്കാരനും തഥാഗതനും,നളനും, ബാംഗ്ലൂരിനോട് താല്‍ക്കാലികമായി വിട പറയുന്ന കുഞ്ഞനും, കല്യാണിയും, പീലിക്കുട്ടിയുമൊക്കെ സംസാരത്തിനിടക്ക് കയരി വന്നു.
തികച്ചും അനൌപചാരികമായ ഒരു ഒത്തുകൂടലായിരുന്നെങ്കിലും, ബാംഗ്ലൂര്‍ വിശേഷങ്ങളിലേക്ക് ഒരു വിശേഷം കൂടിയായി ഇതിവിടെ പോസ്റ്റുന്നു.

Monday, November 13, 2006

--ബാംഗ്ലൂര്‍ ബുക്ക്‌ ഫെസ്റ്റിവല്‍--

പുസ്തകപ്രേമികളേ,

ഒക്ടോബറിലെ ബിയറിന്റെ ആലസ്യത്തില്‍ ആണ്ടു കിടന്ന ബാംഗ്ലൂരിനേ ഉണര്‍ത്തുപാട്ടു ചൊല്ലി ഉണര്‍ത്താന്‍ പുസ്തകങ്ങളുടെ ഒരു നീണ്ട നിര വന്നെത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച തുടങ്ങിയ ഈ പുസ്തക പ്രദര്‍ശ്ശനം/വില്‍പനയില്‍ സാമാന്യം തരക്കേടില്ലാത്ത കളക്ഷന്‍ കണ്ടു. പാലസ്‌ ഗ്രൌണ്ടിലാണ്‌ സംഗതി നടക്കുന്നതു, സമയം 11 - 8. ഒരാള്‍ക്ക്‌ അകത്തു കയറാന്‍ 20 രൂപ. 19-തിനു അവസാനിക്കും.

മുന്‍പേ തീരുമാനിച്ചതുപോലെ തഥാഗതനും ഞാനും ശനിയാഴ്ച പാലസ്‌ ഗ്രൌണ്ടില്‍ കണ്ടു മുട്ടി. ഡി സി ബുക്കിന്റെ സ്റ്റാളില്‍ നിന്നും വിജയന്‍, മുകുന്ദന്‍, സേതു, ആനന്ദ്‌, സാറാടീച്ചര്‍, ബഷീര്‍, ചുള്ളിക്കാട്‌ എന്നിവരുടെ മേല്‍ ഞാന്‍ കൈവെച്ചു, ഇവരെയെല്ലാം ദശാബ്ദങ്ങള്‍ക്കു മുന്‍പേ വായിച്ചു തള്ളിയ തഥാഗതന്‍ എനിക്കു പേരറിയാത്ത ഏതോ ചില ചുള്ളന്മാര്‍ക്കു മേല്‍ കൈ വെച്ചു. ആംഗുലേയത്തിനോടു പണ്ടേ പ്രതിപത്തി ഇല്ലാത്ത ഞാന്‍ ആ ഭാഗം ദര്‍ശ്ശിക്കാന്‍ നിന്നില്ല, പുള്ളി അവരേയും വിടുന്ന ലക്ഷണമില്ല... :)

പുസ്തകങ്ങളുടെ ഇടയിലുള്ള നടത്തിയും അതിനുശേഷമുള്ള ദാഹശമനീപാനവും എല്ലാം കൊണ്ട്‌ രസകരമായ ഒരു ശനിയാഴ്ചയായിരുന്നു.

Wednesday, October 25, 2006

--ഒക്ടോബര്‍ ഫെസ്ട്‌--

സുഹ്രുത്തുക്കളേ,

ഐ ടി സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ബാംഗ്ലൂരിനു മറ്റൊരു പേരു കൂടിയുണ്ട്‌, ഗാര്‍ഡന്‍ സിറ്റി. ഒരു പറ്റം കമ്പ്യൂട്ടര്‍ ഗീക്കുകളും കൂറ്റന്‍ ചില്ലുമേടകളും ആദ്യം പറഞ്ഞ പേരിനു തെളിവായി കാണിക്കാനുണ്ടെങ്കില്‍, വഴിനീളെ കാണുന്ന മരങ്ങളും, വര്‍ഷാവര്‍ഷ്ഷം നടത്തിപ്പോരുന്ന ഫ്ലവര്‍ ഷോകളും രണ്ടാമത്തെ പേരിനെ സാധൂകരിക്കുന്നു.

നല്ല രണ്ടു പേരുകളുള്ളപ്പോള്‍ ഒരല്‍പം തിരിഞ്ഞ പേരും വേണ്ടേ? ഉണ്ടല്ലോ, പബ്‌ സിറ്റി. തെളിവു വേണോ, എല്ലാ നൂറു മീറ്ററിലും ഒരു മദ്യശാല, അല്ലെങ്കില്‍ ഒരു റീട്ടേല്‍ ഷാപ്‌, നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ നല്ല അഴകുള്ള പബ്ബുകള്‍, അതില്‍ നിന്നും എല്ലായിപ്പോഴും അകത്തേക്കും പുറത്തെക്കും ഒഴുകുന്ന യുവാ-യുവതികള്‍, കണ്ണിനും സുഖം വയറിനും സുഖം തലക്കും സുഖം, പിന്നെ ദിവസവും രണ്ടെണ്ണം വിട്ടാല്‍ ഹാര്‍ട്ട് അറ്റാക്ക്‌ വരില്ലത്രേ.

അങ്ങനെ പേരെടുത്ത ബാംഗ്ലൂര്‍ ഒന്നുറങ്ങിപ്പോയോ എന്നു പബ്ബുടമകള്‍ക്കൊരു സംശയം. ഉറക്കം തൂങ്ങുന്ന നാട്ടിന്‍പുറങ്ങളെ ഉണര്‍ത്താന്‍ ഉത്സവങ്ങള്‍ നടത്തുമല്ലോ, അതു പോലെ ഒരു മദ്യഉത്സവം വരുന്നു --ഒക്ടോബര്‍ ഫെസ്ട്‌-- സംഗതി നടക്കുന്നത്‌ പാലസ്‌ ഗ്രൌണ്ടില്‍, തീയതികള്‍ ഈ മാസം 27, 28, 29. 27 വെള്ളിയാഴ്ച 4 മണി മുതല്‍ക്കു തുടങ്ങുന്ന ആഘോഷപരിപാടികളില്‍ ബിയര്‍ ഒഴുക്കിനു പുറമേ, റൊക്ക്ഷോ, ബോഡി ആര്‍ട്‌, പലതരം ഗെയിംസു തുടങ്ങിയവ കാണും.

ജര്‍മ്മനിയില്‍ ഇതുപോലൊന്നു നടത്തി അദ്ഭുതവിജയം നേടിയത്‌ ഇവിടെയും ആവര്‍ത്തിക്കുകയാണ്‌ സംഘാടകരുടെ ശ്രമം. ഇന്‍ഡ്യയില്‍ ബാംഗ്ലൂര്‍ തിരങ്ങെടുത്തതിന്റെ കാരണം നേരത്തേ വിവരിച്ചുവല്ലോ. ഒരാള്‍ക്കു 350 രൂപയാണ്‌ എന്‍ട്രി ഫീസ്‌, ബൂലോകവാസികള്‍ ഒന്നാഞ്ഞുപ്പിടിച്ചു ഇതൊരു മഹാവിജയം ആക്കണമെന്നാണ്‌ എന്റെ ആഹ്വാനം. ഈ വിവരം കേട്ട കുറച്ചു ബൂലോകര്‍ മറ്റൊരു ബാംഗ്ലൂര്‍ മീറ്റിനുള്ള വട്ടം കൂട്ടല്‍ തുടങ്ങിയെന്നാണ്‌ അറിഞ്ഞത്‌.

ബാംഗ്ലൂര്‍ വിശേഷങ്ങളുടെ ഈ എപിസോഡ്‌ ഇവിടെ പൂര്‍ണ്ണമാകുന്നു... :)

http://www.thegreatindianoctoberfest.com/beer.htm

Tuesday, August 29, 2006

അസ്സോസിയേഷന്റെ ആദ്യ സംഗീത ആല്‍ബം

ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍, ബ്ലോഗിങ്ങിനെ ഒരു പടി കൂടി കടന്ന് ചവുട്ടിയിരിക്കുന്നു. ബ്ലോഗ്‌സ്വരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബാംഗ്ലൂര്‍ അസ്സോസിയേഷനും ഒരു ഓഡിയോ ആല്‍ബം പുറത്തിറക്കാന്‍ തീരുമാനിച്ച വിവരം അഭിമാനപുരസരം നിങ്ങളെ അറിയിച്ച് കൊള്ളട്ടെ.

പുതിയ ആല്‍ബത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ഇപ്പോഴും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നു.

ആല്‍ബത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഞങ്ങളുടെ പ്രചോദനമായ നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

പാട്ട്: കഭീ കഭീ
പാട്ടുകാരന്‍: മഴനൂലുകള്‍
സ്റ്റുഡിയോ: കുട്ടപ്പായിയുടെ കാര്‍
കോറസ്സ്: വര്‍ണ്ണമേഘങ്ങള്‍.
പാട്ട്: ലാ പിലാദേ
പാട്ടുകാരന്‍: മഴനൂലുകള്‍
സ്റ്റുഡിയോ: ലെമണ്‍ഗ്രാസ് ഹോട്ടല്‍
കോറസ്സ്: കുമാര്‍.
പാട്ട്: ഒന്നിനി ശ്രുതി താഴ്തി
പാട്ടുകാരന്‍: കൊച്ചന്‍
സ്റ്റുഡിയോ: ലെമണ്‍ഗ്രാസ് ഹോട്ടല്‍
കോറസ്സ്: ഗമ്പ്ലീറ്റ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്.
എല്ലാ ബ്ലോഗേര്‍സിന്റേയും ആശീര്‍വാദവും അനുഗ്രഹങ്ങളും ഈ കന്നി സംരംഭത്തിനെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു.

Wednesday, August 23, 2006

കളഞ്ഞുപോയ അവസരങ്ങള്‍

ഇതൊരു ക്ഷമാപണമാണ്. ഗുരുതരമായ കൃത്യവിലോപം നടത്തിയതിനുള്ള അസ്സോസിയേഷന്റെ ക്ഷമാപണം.

അസ്സോസിയേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും ചില വ്യക്തമായ തീരുമാനങ്ങള്‍ അസ്സോസിയേഷന്റെ രൂപീകരണ സമയത്ത് തന്നെ ഭാരവാഹികള്‍ കൈക്കൊണ്ടിട്ടുണ്ടായിരുന്നു. ഒന്നിച്ച് കൂടാനുള്ള ഒരു അവസരവും മീറ്റ് നടത്താനുള്ള ഒരു സാധ്യതയും കളയില്ല എന്നതായിരുന്നു അതില്‍ പ്രധാനം. എന്നിട്ടും ചില തെറ്റുകള്‍ അസ്സോസിയേഷന്റെ ഭാഗത്ത് കടന്ന് കൂടി. അതിനുള്ള ഔദ്യോഗിക മാപ്പപേക്ഷ ആണ് ഇത്. വിവരണം ചുവടെ.


  1. കഴിഞ്ഞ തിങ്കളാഴ്ച, അതായത് ആഗസ്റ്റ് 14-ന്, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ അണിയറയിലെ ശക്തിയായും, ആദര്‍ശങ്ങള്‍ കൊണ്ട് പ്രചോദനമായും, പ്രസരിപ്പ് കൊണ്ട് മാതൃകയുമായ കല്യാണിയുടെ പിറന്നാളായിരുന്നു. അന്നൊരു ഗംഭീരപ്രകടനവും, പിറന്നാളാഘോഷവും അസ്സോസിയേഷന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല.

  2. കഴിഞ്ഞ ചൊവ്വാഴ്ച, അതായത് ആഗസ്റ്റ് 15-ന്, ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിരുന്നു. അന്ന് നടത്തേണ്ടിയിരുന്നതും ഗംഭീര ആഘോഷങ്ങള്‍ തന്നെയായിരുന്നു. ബ്ലോഗില്‍ ഉള്ള സ്വാതന്ത്യപ്രവര്‍ത്തകരെ അനുമോദിക്കലും, സ്വാതന്ത്യവും ബ്ലോഗിങ്ങും എന്ന വിഷയത്തില്‍ ഒരു സിമ്പോസിയവും, ബ്ലോഗര്‍മ്മാ‍ര്‍ക്ക് മിഠായി വിതരണവും, അങ്ങിനെ ചെയ്യേണ്ടത് ഒരുപാടുണ്ടായിരുന്നു. അതുണ്ടായില്ല.

  3. അന്നേ ദിവസം തന്നെ, അതായത് ആഗസ്റ്റ് 15-ന്, ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷനിലെ പുതുമുഖം സിനോജിന്റെ പിറന്നാളായിരുന്നു. ഒരു പുതുമുഖത്തിന് കൊടുക്കേണ്ട വരവേല്‍പ്പും, ആമുഖവും, പിന്നെ പിറന്നാള്‍ക്കാരന് കൊടുക്കേണ്ട മറ്റ് സന്തോഷപ്രകടനങ്ങളും അത്യുത്സാഹപൂര്‍വ്വം കൊടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

  4. ഈ ശനിയാഴ്ച, അതായത് ആഗസ്റ്റ് 26-ന്, വിവാഹിതനാകുന്ന സിനോജിന്റെ ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞ ആഴ്ച നടത്തേണ്ടതായിരുന്നു. നാലാം മീറ്റായി കണ്ട് വച്ചിരുന്നതും അതാണ്. മഴയായ് മദ്യം നൂലു പോലെ പലപല വര്‍ണ്ണങ്ങളില്‍ മേഘങ്ങളില്‍നിന്നെന്നപ്പോലെ കുട്ടപ്പനായി പെയ്തിറങ്ങുന്ന ഈ ഒരു അസുലഭമുഹൂര്‍ത്തവും അസ്സോസിയേഷന്‍ വളരെ ദാരുണമായി മറന്നു. എല്ലാം പോയില്ലേ.

  5. ഈ പറഞ്ഞ സിനോജ് ഇന്ന് നാട്ടിലേക്ക് പോയിട്ടുണ്ട്. ചുള്ളന്‍ മൂന്നാം തിയതി തിരിച്ചെത്തും, എട്ടിന് വിദേശത്തേക്ക് പറക്കുകയും ചെയ്യും. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഗംഭീര പാര്‍ട്ടിയും ഒരു യാത്രയല്‍പ്പ് ചടങ്ങും നടത്തേണ്ടതുണ്ട്. അസ്സോസിയേഷന്‍ ഭാരവാഹികളുടെ മീറ്റിങ്ങ് വളരെ അടിയന്തിരമായി വിളിച്ച് കൂട്ടേണ്ടതാണ്. എന്നാല്‍ പലവിധ തിരക്കുകളാല്‍ അതും ഇത് വരെ നടന്നില്ല.അസ്സോസിയേഷനു ചുറുചുറുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിന് കുറ്റം പറയേണ്ടത് തീര്‍ത്താല്‍ തീരാത്തത്ര ജോലി തലയില്‍ കേട്ടി വയ്ക്കുന്ന നമ്മള്‍ ജോലി ചെയ്യുന്ന കമ്പനികളെയാണ്. അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന ഈ കമ്പനി നയങ്ങളെ അസ്സോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. ഇതിനെതിരേ ആഞ്ഞടിക്കാന്‍ അസ്സോസിയേഷന്‍, മെംബര്‍മാരോട് ആഹ്വാനം ചെയ്യുന്നു.

എന്നാല്‍ ഈ ദുഃഖ വാര്‍ത്തകള്‍ക്കിടയിലും അസ്സോസിയേഷന് സന്തോഷിക്കാന്‍ വകയുണ്ട്. യൂ.ഏ.ഇ-യിലും കേരളത്തിലുമുള്ള ആരാധകരുടെ സ്നേഹോഷ്മള വരവേല്‍പ്പേറ്റുവാങ്ങിയ ലോകപ്രശസ്ത മദ്യ പരിശോധകന്‍ ശ്രീ. കുറുമാന്‍ അവര്‍കള്‍ ഈ ആഴ്ചാവസാനം ബാംഗ്ലുര്‍ സന്ദര്‍ശിക്കുന്നതാണെന്ന് അസ്സോസിയേഷന്‍ ഓഫീസില്‍ അറിയിപ്പ് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് എല്ലാ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാനും അകമ്പടി സേവിക്കുവാനും അസ്സോസിയേഷന്‍ ബാധ്യസ്ഥരാണ്. പലവിധ മദ്യങ്ങളുടെ നിറവും ഗുണവും മണവുമെല്ലാം ഈയവസരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരിക്കും. എല്ലാ മെംബര്‍മാരേയും ഈ ചടങ്ങില്‍ പങ്കെടുക്കുവാനായി ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു.

ജെയ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍.
സെക്രട്ടറി (ഒപ്പ്)

Wednesday, August 16, 2006

മീറ്റില്‍ കാണാത്തത്

സ്ഥലം: മഴനൂലിന്റെ വസതി.
സമയം: മീറ്റിനു മുന്‍പ്.
ചിത്രത്തില്‍ കാണുന്നത് മഴനൂല്‍ കുടിച്ച് വറ്റിച്ച കുപ്പികള്‍. ഈ കാര്‍ട്ടനില്‍ കാണുന്നത് കൂടാതെ ചുറ്റും കാണുന്ന അലമാരയ്ക്കുള്ളില്‍ ഉള്ളതും ഇത് തന്നെ. വെളിച്ചക്കുറവ് മൂലം എന്റെ മൊബൈലില്‍ ഇത്രയേ പതിഞ്ഞുള്ളൂ.

സ്ഥലം: ചന്ദ്രക്കാറന്റെ വസതി.
സമയം: മീറ്റിനു ശേഷം.
ചിത്രത്തില്‍ കാണുന്നത് ചന്ദ്രക്കാറന്‍ കുടിച്ച് വറ്റിച്ച കുപ്പികള്‍. മീറ്റ് കഴിഞ്ഞ് ചന്ദ്രക്കാറന്റെ വീട്ടില്‍ ചെന്ന് എന്നോടും കുമാരേട്ടനോടും, ചന്ദ്രക്കാറനോടും കത്തി വച്ചതോടുകൂടി മഴനൂലിന്റെ കെട്ടിറങ്ങി. എനിക്കിനിയും വേണം എന്നു പറഞ്ഞ മഴനൂല്‍ കരച്ചില്‍ തുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്ക് ഏത് ബാര്‍ തുറന്നിരിക്കുന്നു? അവസാനം ചന്ദ്രക്കാറന്‍ കുടിച്ച് ബാക്കി വച്ച കുപ്പികള്‍ എടുത്ത് അതില്‍ നിന്നും തുള്ളികളായി ശേഖരിച്ച്, മഴനൂല്‍ ഒരു കോക്ക്‍ടെയില്‍ പെഗ് ഉണ്ടാക്കിക്കുടിച്ച് സമാധാനപ്പെട്ടു. ഈ ശുഷ്കാന്തി എല്ലാക്കാര്യത്തിലും കണ്ടിരുന്നെങ്കില്‍ ...

Wednesday, August 09, 2006

മൂന്നാം ബാംഗ്ലൂര്‍ മീറ്റ് ചിത്രങ്ങള്‍

ഇടതു നിന്നും വലത്തേക്ക്: വര്‍ണ്ണമേഘങ്ങള്‍, ചന്ദ്രക്കാറന്‍, മഴനൂലുകള്‍, ശ്രീജിത്ത്, ആര്‍ദ്രം, കുഞ്ഞന്‍സ്, നളന്‍, കുമാര്‍, സിനോജ്, കൊച്ചന്‍, കുട്ടപ്പായി.

ഇടത് നിന്നും വലത്തേക്ക്: കുഞ്ഞന്‍സ്, നളന്‍, കുമാര്‍, സിനോജ്, കൊച്ചന്‍, കുട്ടപ്പായി, വര്‍ണ്ണമേഘങ്ങള്‍, ചന്ദ്രക്കാറന്‍, മഴനൂലുകള്‍, ശ്രീജിത്ത്, ആര്‍ദ്രം

Tuesday, August 08, 2006

മൂന്നാം ബാംഗ്ലൂര്‍ മീറ്റ്

ബാംഗ്ലൂര്‍ പ്ലസ്സ് പ്രോഗ്രാമിലേക്ക് സ്വാഗതം.

ഇന്റര്‍നെറ്റിലെ ഒരു കൂട്ടായ്മയുടെ കഥയാണ് ഇന്ന് മെട്രോപ്ലസ്സില്‍. ഇന്റര്‍നെറ്റില്‍ ബ്ലോഗെഴുതുന്നവരുടെ ഒരു ഒത്തുചേരല്‍ ഇന്നലെ ബാംഗ്ലൂര്‍ നടക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങളുമായി നമ്മുടെ റിപ്പോര്‍ട്ടര്‍ ബ്ലോഗുണ്ണി ലൈനിലുണ്ട്.

ബ്ലോഗുണ്ണി, കേള്‍ക്കാമോ

കേള്‍ക്കാം സ്പോട്ടുണ്ണീ, പറയൂ.

എന്താണ് അവിടെ നടന്നത്, ഒന്ന് വിശദമാക്കാമോ?

മലയാളത്തില്‍ ബ്ലോഗെഴുതുന്ന ബാംഗ്ലൂരില്‍ നിന്നുള്ളവരുടെ അത്യപൂര്‍വ്വമായ ഒരു സൌഹൃദ‌ ഒത്തുചേരലാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. ഇവര്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഒത്തുചേരുന്നത്.

ബ്ലോഗുണ്ണി തമാശ പറയുകയാണോ? കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രണ്ട് തവണ കണ്ടവര്‍ ഒന്നും കൂടി ഒത്ത് ചേരുന്നതാണോ അത്യപൂര്‍വ്വകൂടിക്കാഴ്ച?

തീര്‍ച്ചയായും സ്പോട്ടുണ്ണീ, മലയാളികള്‍ ഇങ്ങനെ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഒരോ തവണ കാണുമ്പോഴും‍ കൂടുതല്‍ അടുക്കുകയും, ഓരോ തവണ പിരിയുമ്പോഴും‍ വീണ്ടും അടുത്ത് തന്നെ കാണണമെന്ന് പറഞ്ഞ് പിരിയുകയും ചെയ്യുന്നത് നമ്മള്‍ മലയാളികളില്‍ അപൂര്‍വ്വം തന്നെയാണ്.

ശരി തന്നെ. മീറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പറയൂ ബ്ലോഗുണ്ണീ.

വൈകീട്ട് അഞ്ച് മണിക്കാണ് എല്ലാവരും ഒത്ത് കൂടാന്‍ തീരുമാനിച്ചിരുന്നത്. ആഗ്രാലേയ്ക്കിനരികിലുള്ള ലെമണ്‍ഗ്രാസ് എന്ന ഹോട്ടലില്‍. അവിടെ ആദ്യം എത്തിയത് ശ്രീജിത്ത് ആണ്. തുടര്‍ന്ന് കൂഞ്ഞന്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ തന്നെ ആറ് കൈകളുള്ള ഒരു വണ്ടി അവിടെ എത്തി. കുട്ടപ്പായി ഓടിച്ചിരുന്ന കാറില്‍ നിന്ന് കുട്ടപ്പായിയും മഴനൂലും കൊച്ചനുമെല്ലാം ഇലക്ഷന്‍ പ്രചരണത്തിനെന്നപോലെ കൈ പുറത്തിട്ട് വീശീക്കൊണ്ടിരുന്നത് കൊണ്ടാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്.

ഹ ഹ. ബ്ലോഗുണ്ണീ, അത് കൊള്ളാം, എന്നിട്ട്?

തുടര്‍ന്ന് നളനും, സിനുവും, ചന്ദ്രക്കാറനും ആര്‍ദ്രവും എത്തിച്ചേര്‍ന്നു. വര്‍ണ്ണമേഘങ്ങള്‍ ചില സ്വകാര്യതിരക്കുകള്‍മൂലം വൈകുമെന്ന് പറഞ്ഞിരുന്നു. അന്നത്തെ പ്രത്യേക ക്ഷണയിതാവായ കുമാറും ബാംഗ്ലൂരില്‍ താന്‍ വന്ന കാര്യത്തിന്റെ ഔദ്യോഗികമായ തിരക്കുകളില്‍ പെട്ടുപോയതിനാല്‍ വൈകുമെന്ന് വിളിച്ചറിയിച്ചു. ഉടനേ തന്നെ വിളിച്ച അജിത്തും ഇതേ പോലെ വൈകുമെന്ന് പറയുകയേ ഉള്ളൂ എന്നെല്ലാവരും കരുതിയെങ്കിലും, ഏവരേയും ഞെട്ടിച്ചുകൊണ്ട് താന്‍ ഓഫീസിലെ തിരക്കുകള്‍‍ മൂലം വരില്ലെന്നറിയിക്കുകയാണുണ്ടായത്. കിരണ്‍സ് പനിമൂലം ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് ആദ്യമേ അറിയിച്ചിരുന്നു. ഇങ്ങനെ പ്രതീഷിച്ചിരുന്ന പന്ത്രണ്ട് പേരും ആയതോടെ ചടങ്ങുകള്‍ക്ക് തിരി തെളിഞ്ഞു. അതിശയകരമായ കാര്യം, ഇതെല്ലാം വെറും അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ നടന്നു എന്നുള്ളതാണ്. മലയാളികളെങ്കിലും ഇത്രയ്ക്ക് കൃത്യനിഷ്ഠ അപൂര്‍വ്വം തന്നെ സ്പോട്ടുണ്ണീ.

ബ്ലോഗുണ്ണീ, അപ്പോള്‍ എത്രയായിട്ടുണ്ടാകും സമയം?

അപ്പോള്‍ ഒരു ഉദ്ദേശ്യം അഞ്ചര, ആറ് ആയിക്കാണണം.

ബ്ലോഗുണ്ണീ, എന്നിട്ടെന്ത് സംഭവിച്ചു എന്ന് പറയൂ.

തുടര്‍ന്ന് ഇവര്‍ ലെമണ്‍ ഗ്രാസ് ഹോട്ടലിനകത്ത് കയറി പന്ത്രണ്ട് സീറ്റുള്ള ടേബിളിനു ചുറ്റും ഉപവിഷ്ഠരായി. ആദ്യം അസ്സോസിയേഷന്‍ തീരുമാനിച്ചിരുന്നത് ഈ കൂട്ടായ്മ കുട്ടപ്പായിയുടെ പിറന്നാള്‍ ആഘോഷമായി കണക്കാക്കാനായിരുന്നു. എന്നാല്‍ ഇത്രയധികം ആളുകള്‍ വന്ന് ചേര്‍ന്നപ്പോള്‍ ഇത് ഒരാള്‍ മാത്രം ചിലവ് ചെയ്യുന്നതാക്കണ്ട, ഒരു ബാംഗ്ലുര്‍ ബ്ലോഗേര്‍സ് മീറ്റ് തന്നെയാക്കാം എന്ന് അസ്സോസിയേഷന്‍ മാറ്റി തീരുമാനിച്ചു. പരിപാടികളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ അസ്സോസിയേഷനു അധികാരമുണ്ടെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നതുമാണല്ലോ.

നോട്ടീസില്‍ ഒരു നാടകത്തിനെ കാര്യവും പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ച് പറയൂ ബ്ലോഗുണ്ണീ.

നാടകം അവിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ചില കാര്യങ്ങളുടെ സൂചന മാത്രമായിരുന്നു. അസ്സോസിയേഷന്‍ നടത്താനുദ്ദേശിച്ചിരുന്ന പരിപാടികള്‍, ഹോട്ടലിന്റെ വിദേശമദ്യത്തിന്റെ മെനു കണ്ട് കണ്ണ് മഞ്ഞളിച്ച ചില പേരുകേട്ട മദ്യഅസ്സോസിയേഷന്‍ മെമ്പേര്‍സ് പാടെ വിസ്‌മൃതിയിലാഴ്തി എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

ബ്ലോഗുണ്ണീ, ഒന്ന് ചോദിച്ചോട്ടെ, ഈ വന്ന പ്രവര്‍ത്തകരൊക്കെ തമ്മില്‍ അറിയുന്നവരായിരുന്നോ?

ആദ്യ രണ്ട് മീറ്റിങ്ങുകള്‍ക്കുണ്ടായിരുന്ന അഞ്ച് പ്രവര്‍ത്തകര്‍ ഒഴിച്ച് ബാക്കി എല്ലാവരും പുതുമുഖങ്ങളായിരുന്നു. അല്ലെങ്കിലും ഒരു മദ്യക്കുപ്പിക്ക് ചുറ്റും ഇരിക്കുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ എത്ര നേരം വേണം. കുപ്പികള്‍ കൂട്ടിമുട്ടുമ്പോള്‍ സൌഹൃദം ജനിക്കുന്നു എന്നാണല്ലോ പഴമൊഴി. സ്പോട്ടുണ്ണിയെ ഞാന്‍ പരിചയപ്പെടുന്നതും...

ബ്ലോഗുണ്ണീ, കണ്ട്രോള്‍. വിഷയത്തില്‍ നിന്ന് നമ്മള്‍ മാറിപ്പോകുന്നു. ആളുകള്‍ ലൈവായി കാണുന്ന ഒരു പ്രോഗ്രാം ആണെന്ന് മറക്കണ്ട.

സ്പോട്ടുണ്ണീ, സോറി. അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇവര്‍ പരിചയപ്പെട്ടതിനെക്കുറിച്ചാണ്. ആദ്യം കണ്ടതിനും ഹോട്ടലിനു അകത്ത് കയറി ഓരോരോ പെഗ് ഓര്‍ഡര്‍ ചെയ്തതിനും ഇടയ്ക്ക് ഇവര്‍ തമ്മില്‍ വളരെ അടുത്തുകഴിഞ്ഞിരുന്നു. അതാണ് ബ്ലോഗുകളുടെ പ്രത്യേകത ബ്ലോഗുണ്ണീ, മനസ്സ് തുറന്നെഴുതുന്ന ബ്ലോഗുകള്‍ വായിച്ചാല്‍ തന്നെ എഴുത്തുകാരനുമായി മാനസികമായി വളരെ അടുക്കും നമ്മള്‍. ആദ്യം കാണുമ്പോള്‍ തന്നെ വളരെ നാളത്തെ പരിചയമുള്ളവരായി തോന്നും അവര്‍ക്ക് തമ്മില്‍ തമ്മില്‍.

ബ്ലോഗുണ്ണീ, ഞാന്‍ മനസ്സിലാക്കുന്നു. ഇത് പറയൂ, വൈകിയെന്നറിയിച്ചവര്‍ എപ്പോഴാണ് ഇവരുടെ കൂടെ ചേര്‍ന്നത്?

ഇവര്‍ ഒന്ന് രണ്ട് പെഗുകള്‍ തീര്‍ക്കുന്നതിനു മുന്നേ തന്നെ വര്‍ണ്ണമേഘങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഭക്ഷണപാത്രത്തില്‍ നിന്ന് കണ്ണെടുത്ത്, ഉയര്‍ത്തിപ്പിടിച്ച ഗ്ലാസ്സ് മുഖത്തിനു മുന്നില്‍ നിന്ന് മാറ്റി നോക്കാന്‍ സാവകാശം കിട്ടിയവര്‍ മാത്രമേ അത് ശ്രദ്ധിച്ചുള്ളൂ എന്ന് മാത്രം. സന്ധ്യ ആയതോടുകൂടി ഹോട്ടല്‍ ജീവനക്കാര്‍ കൊതുകിനെത്തുരത്താന്‍ അവിടെ കുന്തിരിക്കം കത്തിച്ചു വച്ചു. പരിസരമാകെപ്പരന്ന പുകമറയ്ക്കുള്ളില്‍ നിന്നും ഒരു നിഴല്‍ പോലെ ഒരാള്‍ നടന്ന് വന്ന് അശരീരി പോലെ പറഞ്ഞു, "ഞാന്‍ ഗന്ധര്‍വന്‍". അത് മറ്റാരുമായിരുന്നില്ല, അസ്സോസിയേഷന്റെ പ്രത്യേകക്ഷണയിതാവ് കുമാര്‍ തന്നെ ആയിരുന്നു.

അത് കൊള്ളാം. നല്ല വരവ് തന്നെ. എന്നിട്ടുള്ള വിശേഷങ്ങള്‍ പറയൂ.

കുമാര്‍ വന്നതോടുകൂടി അതുവരെ ഉറങ്ങിക്കിടന്ന പ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക ഓജസ്സും ഉന്മേഷവും വന്ന് ചേര്‍ന്നു. അതു വരെ ഇല്ലാതിരുന്ന ഒരു ആവേശത്തോടും മാത്സര്യഭാവത്തോടും കൂടി അവര്‍ കൂടുതല്‍ പെഗ്ഗുകള്‍ക്കും സ്റ്റാര്‍ട്ടറുകള്‍ക്കും ഓര്‍ഡര്‍ ചെയ്യുന്നത് കാണാമായിരുന്നു.

അപ്പോള്‍ അങ്ങിനെ ശരിയായ അങ്കത്തിന് കളമൊരുങ്ങി അല്ലേ.

അതെ സ്പോട്ടുണ്ണീ, പിന്നീട് അവിടെ നടന്നതിന് അങ്കംമെന്ന് മാത്രം പറഞ്ഞാല്‍പ്പോര, മാമാങ്കം എന്ന് തന്നെ പറയണം. പരസ്പരപാരകളും, പാട്ടുകളും, ഫോട്ടോയെടുപ്പുകളും, തമാശയ്ക്കുള്ള അടികളും, വാശിക്കുള്ള കുടികളും, നിര്‍ത്താതെയുള്ള തീറ്റയും ഒക്കെയായി അവര്‍ ആഘോഷിക്കുക തന്നെയായിരുന്നു.

ബ്ലോഗുണ്ണീ, അരാണ് അവിടെ പാടുകയും മറ്റ് കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഒക്കെ ചെയ്തവര്‍?

കൊച്ചന്‍ ആണ് ആദ്യം പാട്ടിന് തുടക്കമിട്ടത്. കൊച്ചന്‍ തനിക്കറിയാവുന്ന രീതിയില്‍ നന്നായി പാടിയപ്പോള്‍, മറ്റുള്ളവര്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ വാഹ് വാഹ് വിളിച്ചും, കൂടെപ്പാടിയും ആസ്വദിച്ചു. തുടന്ന് മഴനുല്‍ രണ്ട് ഗസലുകള്‍ പാടി. മഴനൂല്‍ കഴിഞ്ഞ മീറ്റിനും പാട്ട് പാടി എല്ലാവരേയും പുളകിതനാക്കിയ ഒരു വ്യക്തിയാണെന്നറിയാമല്ലോ. പിന്നീട് പാടിയത് കുമാരേട്ടനായിരുന്നു. അതോടെ എല്ലാവരും ആ കലാപരിപാടിയില്‍ ഉള്ള താത്പര്യം നിര്‍ത്തുകയാണുണ്ടായത്.

മറ്റെന്തൊക്കെയായിരുന്നു അവര്‍ ചെയ്തത്?

ശ്രീജിത്തിന്റെ ശ്രദ്ധ മുഴുവന്‍ നേരവും കുമാറിന്റെ ക്യാമറയില്‍ തന്നെയായിരുന്നു. ഒരു സ്ക്രൂഡ്രൈവര്‍ ഉണ്ടായിരുന്നെങ്കില്‍ ശ്രീജിത്ത്, കുമാറിന്റെ ക്യാമറ മുല്ലപ്പൂവിന്റെ ടെമ്പ്ലേറ്റ് പോലെ ആക്കിയേനെ എന്ന് ഒരു അനോണി പറയുകയുണ്ടായി. ചന്ദ്രക്കാറന്‍ ബ്ലോഗുകളെക്കുറിച്ചും നവീന ബ്ലോഗിങ്ങ് പ്രവണതകളെക്കുറിച്ചും ഒരു പ്രബന്ധം അവതരിപ്പിച്ചു. അത് ശ്രദ്ധിച്ചവര്‍ ആരുമില്ലാത്തതിനാല്‍ എനിക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മഴനൂല്‍ മദ്യനുലായി മാറിക്കൊണ്ടിരുന്ന നിമിഷങ്ങളില്‍ ഒരു മലയാളി മദ്യപിച്ചാല്‍ എങ്ങിനെ ഇരിക്കും എന്ന മിമിക്രി അവതരിപ്പിച്ചു. അത് മിമിക്രി ആയിരുന്നില്ല, ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു മഴനൂല്‍ എന്നും സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകളുണ്ട്. അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രീജിത്ത് കൊണ്ട് വന്ന അടിയന്തിരപ്രമേയം, അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്ന ആര്‍ദ്രം പോലും കേട്ടിട്ടില്ലെന്നതാണ് ഇപ്പോള്‍ പറയുന്നത്. തുടര്‍ന്നു ബ്ലോഗുകളുടെ വിശ്വാസ്യതയെക്കുറിച്ചു സംസാരിച്ച കുമാര്‍, മദ്യത്തില്‍ മുങ്ങിയ തന്റെ സാന്നിധ്യം എല്ലായിടത്തും എത്താന്‍ ഒരു പറവയെപ്പോലെ ബ്ലോഗ്ഗേര്‍സിനിടയില്‍ പാറി നടന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനം വേണമല്ലോ. ഈ കൂടിച്ചേരല്‍ എപ്പോള്‍ അവസാനിച്ചു എന്നും കൂടെ ഒന്ന് പറയൂ.

നളന്‍ വളരെ നേരത്തേ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി വിട വാങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഒരു പത്ത് മണിയോടുകൂട് അവരവരുടെ ഗൃഹം ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍, ചന്ദ്രക്കാരന്റെ സ്നേഹം നിറഞ്ഞ ക്ഷണം നിരസിക്കാനാവാതെ കുമാറും, മഴനുലും, ശ്രീജിത്തും അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. അവരുടെ മീറ്റിങ്ങ് വീണ്ടും തുടര്‍ന്നുവെങ്കിലും അതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.

നന്ദി ബ്ലോഗുണ്ണി, ഇത്രയും വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിന് നന്ദി. ഇപ്പോള്‍ നമ്മളുടെ കൂടെ വര്‍ണ്ണമേഘങ്ങള്‍ സ്റ്റുഡിയോയില്‍ ഉണ്ട്. നമുക്ക് അദ്ദേഹത്തോട് ഈ കൂടിച്ചേരലിനെക്കുറിച്ച് സംസാരിക്കാം.

സ്വാഗതം വര്‍ണ്ണം.

നന്ദി.

താങ്കള്‍ വൈകിയാണല്ലോ അവിടെ എത്തിച്ചേര്‍ന്നത്. എന്താണ് വൈകാന്‍ കാരണം.

എന്റെ ഭാര്യയ്ക്ക് ചുമയുടെ അസുഖം വന്നത് കാരണം അവളേയും കൂട്ടി ഡോക്റ്ററുടെ അടുത്ത് പോയിരുന്നു. അതാണ് വൈകിയത്.

താങ്കള്‍ വളരെ സ്നേഹമുള്ള ഒരു ഭര്‍ത്താവാണല്ലേ.

അതുകൊണ്ടൊന്നുമല്ല. മരുന്ന് വാങ്ങിക്കൊടുത്തില്ലെങ്കില്‍ അവള്‍ ചുമച്ച് ചുമച്ച് എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ല. അത് കൊണ്ടാണ്.

അത് ശരി. താങ്കളെ അവര്‍ അസ്സോസിയേഷന്റെ അനൌദ്യോഗിക പ്രസിഡന്റ് എന്നാണ് വിളിക്കുന്നത് എന്ന് കേട്ടല്ലോ. അത് ശരിയാണോ?

അതവര്‍ സ്നേഹം കൊണ്ട് വിളിക്കുന്നതാണ്. ഈ അസ്സോസിയേഷനില്‍ എല്ലാവരും പ്രസിഡന്റാണ് എന്നതാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നയം.

സംഘടനയുടെ നയങ്ങളെക്കുറിച്ച് വ്യക്താമാക്കാമോ?

ബാംഗ്ലുരില്‍ ഉള്ള മലയാളി ബ്ലോഗേര്‍സിനെ ഒന്നിച്ച് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സംഘടന ചെയ്യുന്ന കാര്യങ്ങള്‍ പുതിയ ബ്ലോഗേര്‍സിന്റെ ബ്ലൂലോകവുമായി പരിചയപ്പെടുത്തിക്കൊടുക്കുക, ഇടയ്ക്കിടെ ഇങ്ങനെ ഓരോ മീറ്റിങ്ങ് കൂടുക, അംഗങ്ങളുടെ പിറന്നാളുകള്‍ സമുചിതം ആഘോഷിക്കുക എന്നിവ മാത്രമാണ്. ബാലാരിഷ്ടതകള്‍ മാറുന്നതോടുകൂടി കൂടുതല്‍ വ്യക്തമായ അജന്‍ഡകള്‍ ഉരുത്തിരിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇക്കഴിഞ്ഞ കൂടിക്കാഴ്ചയെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?

ഇതു വരെ നടന്ന മീറ്റിങ്ങുകളില്‍ വച്ച് ഏറ്റവും പങ്കാളിത്തവും അവേശവും അവകാശപ്പെടാവുന്നത് ഈ മീറ്റിങ്ങിനാണ്. ഓരോ മീറ്റിങ്ങുകള്‍ കഴിയുമ്പോഴും പരസ്പര സ്നേഹവും, അടുപ്പവും ഒക്കെ കൂടിക്കൂടി വരുന്നുണ്ടെന്നത് വളരെ നല്ല കാര്യമാണ്. പോരാണ്ട് മഴനൂല്‍ പോലെയുള്ളവരുടെ കപ്പാസിറ്റിയും വര്‍ദ്ധിപ്പിക്കാന്‍ ഈ മീറ്റിങ്ങുകള്‍ സഹായിക്കുന്നുണ്ടെന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അസ്സോസിയേഷന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?

വളര്‍ന്ന് വരുന്ന മലയാളീ ബ്ലോഗേര്‍സിനെ പ്രോത്സാഹിപ്പിക്കുക. കഴിയുമെങ്കില്‍ പുതിയ ബ്ലോഗേര്‍സിനെ വാര്‍ത്തെടുക്കാന്‍ ഒരു അക്കാദമി സ്ഥാപിക്കുക. സ്ഥിരമായി കൂടാന്‍ ഒരു ബാര്‍ അറ്റാച്ച്ഡ് ഓഡിറ്റോറിയം പണിയുക എന്നിങ്ങനെ പലതും ഉണ്ട്. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല.

നന്ദി വര്‍ണ്ണമേഘം സ്റ്റുഡിയോയില്‍ വന്നതിന്.

നന്ദി.

ബാംഗ്ലൂര്‍ പ്ലസ്സ് എന്ന പ്രോഗ്രാം സമയക്കുറവ് മൂലം ഇവിടെ അവസാനിക്കുകയാണ്. പ്രോഗ്രാം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് കരുതട്ടെ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക. ഞങ്ങളുടെ വിലാസം.

ബാംഗ്ലൂര്‍ പ്ലസ്സ്,
ബൂലോകം,
ബാംഗ്ലൂര്‍.

Saturday, August 05, 2006

ബൂലോഗ‌ ക്ലബ്ബ്‌: നാടകവിവരങ്ങള്‍ക്ക്‌...

ബൂലോഗ‌ ക്ലബ്ബ്‌: നാടകവിവരങ്ങള്‍ക്ക്‌...: "നേരത്തെ തീരുമാനിച്ചപ്രകാരം ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ നാളെ അതായതു ആഗസ്റ്റ്‌ 5നു നാടകവേദിയില്‍ ഒത്തുചേരുന്നു. സര്‍ജാപ്പുര്‍ റോഡിലുള്ള ലെമണ്‍ ഗ്രാസ്‌ റെസ്റ്റോറന്റിലാണു സ്റ്റേജു കെട്ടിയിരിക്കുന്നതു. സമയം വൈകിട്ടു 5 മണി."

Thursday, August 03, 2006

ബൂലോഗ‌ ക്ലബ്ബ്‌: നാടക നോട്ടീസ്

ബൂലോഗ‌ ക്ലബ്ബ്‌: നാടക നോട്ടീസ്

പ്രിയമുള്ള തീറ്റപ്രേമികളേ, കള്ള്‍‌സ്നേഹികളേ,

ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകം ഉടന്‍ പ്രദര്‍ശനമാരംഭിക്കുന്നു. നാടകത്തിന്റെ പേര് "കുട്ടപ്പായിയുടെ കളസം കീറി". ച്ഛില്‍‌ല്‍‌ല്‍.....

Friday, July 28, 2006

ബൂലോക ക്ലബ്ബ്: കുട്ടപ്പായിക്ക് ജന്മദിനാശംസകള്‍

കുട്ടപ്പായിക്ക് ജന്മദിനാശംസകള്‍

ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്റെ ഓജസ്സും ജീവനാഡിയുമായ, നമ്മുടെ എല്ലാം പ്രിയങ്കരനായ കുട്ടപ്പായി ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. കുട്ടപ്പായിക്ക് എന്റെ പേരിലും, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ പേരിലും, സര്‍വ്വോപരി ഈ ക്ലബ്ബിന്റെ പേരിലും ഞാന്‍ ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

കുട്ടപ്പായിയുടെ ജന്മദിനം പ്രമാണിച്ചുള്ള ആഘോഷപരിപാടികള്‍ക്ക് ഇന്ന് കൊടിയേറുകയാണ്.

...

Thursday, July 06, 2006

ബൂലോഗ‌ ക്ലബ്ബ്‌: ഞങ്ങക്കും മേനം

ബൂലോഗ‌ ക്ലബ്ബ്‌: ഞങ്ങക്കും മേനം

കേരളത്തില്‍ ബ്ലോഗേര്‍സ് മീറ്റ് നടത്തുന്നു. ദുബായിയിലും നടക്കുന്നു ഒരെണ്ണം. ഈ രണ്ട് മീറ്റുകളും എങ്ങും ചര്‍ച്ചാവിഷയമാകുന്നു.
ബ്ലോഗില്‍ മീറ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു. മാധ്യമങ്ങള്‍ ഈ വിശേഷം ആഘോഷിക്കുന്നു. എന്നാല്‍ ഈ സന്തോഷാവസരത്തിലും ഒരു കൂട്ടര്‍ മാത്രം വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഉള്ളില്‍ ആയിരം സൂചിമുനകുത്തുന്ന വേദന മറന്നു അവര്‍ ഈ മംഗളമുഹൂര്‍ത്തത്തില്‍ ‍പങ്ക് ചേരുന്നു. ആ ഹതഭാഗ്യര്‍ കേരളത്തില്‍ നിന്നും അറേബ്യയില്‍ നിന്നും കാതം ദൂരെക്കിടക്കുന്ന ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ ആകുന്നു...

Monday, June 26, 2006

ബൂലോഗ‌ ക്ലബ്ബ്‌: ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റ്‌, ഒരവലോകനം.

നമസ്കാരം,

ബൂലോകവാര്‍ത്തകള്‍ വായിക്കുന്നത്‌ ബ്ലോഗുകുമാരന്‍.


പ്രധാനവാര്‍ത്തകള്‍...


ബാംഗ്ലൂര്‍ ബൂലോകമീറ്റ്‌ ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ വിജയകരമായി സമാപിച്ചു. ശ്രീജിത്ത്‌, കുഞ്ഞന്‍, വര്‍ണ്ണമേഘങ്ങള്‍, അജിത്ത്‌, മഴനൂലുകള്‍, കല്ല്യാണി, കുട്ടപ്പായി തുടങ്ങിയവര്‍ സംബന്ധിച്ച മീറ്റിലൂടെ, പുതു സൌഹ്രുദങ്ങള്‍ക്ക്‌ മൊട്ടിടുകയും, ബൂലോകത്തേയും, ഭൂലോകത്തേയും കുറിച്ച്‌ അനവധി ചര്‍ച്ചകള്‍ക്കു വഴിതെളിയ്ക്കുകയും ചെയ്തതായാണ്‌ അറിയാന്‍ കഴിഞ്ഞത്‌. കൂടിക്കാഴ്ച്ചകള്‍ ഇനിയും തുടരാമെന്ന പ്രതീക്ഷകളോടെ, ഉദ്ദേശം പത്തര മണിയോടെ ചടങ്ങുകള്‍ക്കു തിരശ്ശീലവീണു.

...

ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റ്‌, ഒരവലോകനം.

Thursday, June 22, 2006

ബൂലോഗ‌ ക്ലബ്ബ്‌: ബാംഗ്ഗ്ലൂര്‍ ബ്ലോഗന്മാരുടെ ഒന്നാം തിരു കൂടിക്കാഴ്ച.

ബാംഗ്ലൂര്‍ എന്ന സിലിക്കണ്‍ വാലിയുടെ ഉള്ളിലും പ്രാന്തപ്രദേശങ്ങളിലും പണി ചെയ്തും, ബ്ലോഗ്‌ ചെയ്തും ജീവിച്ച്‌ പൊരുന്ന എല്ലാ പുലി ജന്മങ്ങള്‍ക്കും വേണ്ടി ഒരു വട്ടമേശ സമ്മേളനം നടത്താന്‍ നാട്ടുകൂട്ടം തീരുമാനിച്ചിരിക്കുന്നു.

ദിവസം: ജൂണ്‍ 24 - 2006
സമയം: ഉദ്ദേശം 5 മണി വൈകുന്നേരം
വേദി: കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക്‌ സ്ഥിരം വേദിയാകാറുള്ള 'ഫോറം മാള്‍'.

ആയതിന്റെ അവിഘ്ന നടത്തിപ്പിനും, അത്ഭുത വിജയത്തിനും എല്ലാ ബാംഗ്ലൂര്‍ ബ്ലോഗരേയും, തല്‍പര വായനക്കാരെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.

...

ബാംഗ്ഗ്ലൂര്‍ ബ്ലോഗന്മാരുടെ ഒന്നാം തിരു കൂടിക്കാഴ്ച.