Thursday, November 30, 2006

നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനെന്താ കൊമ്പുണ്ടോ?

ഇല്ലേയില്ല. ഞങ്ങള്‍ ഇപ്പോഴും സ്നേഹം നിറഞ്ഞ കൂട്ടായ്മയില്‍ തന്നെ. അത് തെളിയിക്കാനായി ഞങ്ങളും ഒരു മീറ്റ് കൂടാന്‍ തീരുമാനിച്ചിരിക്കുന്നു. സന്തോഷിക്കൂ എല്ലാവരും സന്തോഷിക്കൂ.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

സ്ഥലം: പട്ടേത്സ് ഇന്‍, ആര്‍.ടി.നഗര്‍, ബാംഗ്ലൂര്‍
സമയം: ഡിസംബര്‍ 3, രണ്ടായിരത്തി ആറ്. വൈകുന്നേരം മൂന്ന് മണി.
പങ്കെടുക്കുന്നവര്‍: ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ഗമ്പ്ലീറ്റ്.
ചിലവ്: തല‌ഒന്നുക്ക് 450 ക.

കാര്യപരിപാടികള്‍:
3.00 : സ്വാഗത കുടി (Welcome Drink)
3.02 : പ്രാര്‍ത്ഥനാഗാനം. അവതരിപ്പിക്കുന്നത്, മഴനൂലും കൂട്ടരും
3.09 : ഉത്ഘാടനം. തഴക്കവും പഴക്കവും ഉള്ള ബ്ലോഗര്‍, വര്‍ണ്ണമേഘം.
3.16 : സ്വാഗതപ്രസംഗം. കമ്മിറ്റി ഭാരവാഹി കുട്ടപ്പായി.
3.22 : അധ്യക്ഷപ്രസംഗം. വേറൊരു കമ്മിറ്റി ഭാരവാഹി തഥാഗതന്‍.
3.29 : ചുമ്മാ ഒരു പ്രസംഗം. ഇതിന്റെ ഒക്കെ മെയിന്‍ ആള്‍, ഞാന്‍.
3.52 : ആശംസാപ്രസംഗം. പാവമായ ചന്ദ്രക്കാറന്‍.

തുടര്‍ന്ന് കലാപരിപാടികള്‍.

4.00 : രാധ, പീലിക്കുട്ടി സിസ്റ്റേര്‍സ് അവതരിപ്പിക്കുന്ന ഏഴാമത് കഥാപ്രസംഗം. “ഒരു ബാംഗ്ലൂര്‍ ബ്ലോഗുഗാഥ”
4.47 : ഏകാങ്ക നാടകം. രംഗത്ത് മഴനൂല്‍, വര്‍ണ്ണമേഘം, കുട്ടപ്പായി, ആര്‍ദ്രം, കൊച്ചന്‍ തുടങ്ങിയവര്‍
5.13 : കോമഡി ഷോ: അവതരണം സുപ്രസിദ്ധ കാഥികന്‍ അജിത്ത് കൃഷ്ണണുണ്ണി.
5.30 : ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ വേള്‍ഡ് റെസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. മത്സരം ലോക ചാമ്പ്യനായ പച്ചാളത്തിന്റെ ശിഷ്യന്‍ ശ്രീജിത്തും അടിച്ച് തെറ്റി ബോധമില്ലാതെ നില്‍ക്കുന്ന മഴനൂലും തമ്മില്‍.
6.30 : വെറൈറ്റി എന്റെര്‍ടെയിന്മെന്റ്സ്. ഗോ-കാര്‍ട്ടിങ്ങ്, ഷട്ടില്‍ ബാറ്റ്ബിന്റണ്‍, ടെന്നീസ്, നീന്തല്‍, മുച്ചീട്ട് കളി, ബലൂണ്‍ പൊട്ടിക്കല്‍, കുപ്പിയെണ്ണല്‍ തുടങ്ങിയവ.
8.00 : ഡിന്നര്‍
9.00 : ചുമ്മാ കിടന്ന് തര്‍ക്കിക്കല്‍. കഴിഞ്ഞ മീറ്റിലെ വിജയിയായ ചന്ദ്രക്കാറന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മറ്റ് ബ്ലോഗേര്‍സ് ഇത്തവണ മാറ്റുരയ്ക്കുന്ന വേദി.

കാണത്തവറാതീങ്കള്‍. ( എന്നു വച്ചാല്‍ കാണാന്‍ മറക്കണ്ട എന്ന്, സണ്‍.ടി.വി കാണുന്നതിന്റെ ഒരു ഹാങ്ങ് ഓവര്‍ ആണ്)

മീറ്റിന് എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. ആള്‍ ദ് ബെസ്റ്റ് റ്റു ദ മീറ്റ്.

ശ്രദ്ധിക്കുക: കാര്യപരിപാടികളില്‍ തോന്നുമ്പൊ തോന്നുമ്പോ മാറ്റങ്ങള്‍ വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

Monday, November 20, 2006

ഹണിവെല്‍ ക്യാമ്പസ്സില്‍ ഒരു ഒത്തുകൂടല്‍.

ഒരു പണിത്തിരക്കു നിറഞ്ഞ ആഴ്ചയുടെ അവസാനത്തിലാണ് ഇങ്ങനെയൊരാശയം ഉയര്‍ന്ന് വന്നത്. ഒരു പുതിയ ബ്ലോഗുവായനക്കാരിയും, ബ്ലോഗിനെ ഗൌരവമായി കാണുന്നയാളുമായ രാധ, താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ബാംഗ്ലൂരിലെ ബ്ലോഗര്‍ സുഹ്രുത്തുക്കളെ ക്ഷണിക്കുകയായിരുന്നു. ഒരു ബാംഗ്ലൂര്‍ ബ്ലൊഗ്ഗെര്‍സ് മീറ്റിനു സാധ്യത തെളിഞ്ഞെങ്കിലും, ഒരു മീറ്റാക്കി മാറ്റാന്‍ സമയം കുറവായിരുന്നു.
പലരും മുന്‍ കൂട്ടി തീരുമാനിച്ച കാര്യങ്ങളാല്‍ തിരക്കിലായിരുന്നു.
എങ്കിലും, ശനിയാഴ്ച തിരക്കിനു അവധി കൊടുത്തവര്‍ ഒത്ത് കൂടുവാന്‍ തന്നെ തീരുമാനിച്ചു. യാദ്രിശ്ചികമാവാം, എത്തിച്ചേര്‍ന്ന കിരണും,അജിത്തും,ഞാനും,പിന്നെ രാധയും, ആദ്യമായി കണ്ട്മുട്ടുന്നവര്‍. ബൂലോഗത്തിന്‍റെ തണലില്‍ ആയതുകൊണ്ടുതന്നെ, അപരിചിതത്വം ഒരു നിമിഷംകൊണ്ട് വഴിമാറി.ചായ ഗ്ലാസുകള്‍ക്കും, പ്ലേറ്റില്‍ നിരന്ന ബജികളുടേയും ഒപ്പം, നിമിഷങ്ങളെപ്പോലെ കടന്നു പോയതു മൂന്ന് മണിക്കൂറുകള്‍.
രാധ ഒരു ഹോസ്റ്റിന്‍റെ മൂഡിലായിരുന്നു. പതിവു പോലെ, ബ്ലോഗിലെ പുലികളെക്കുറിചും, വരണ്ടുപോയ ക്ലബ്ബും, ചര്‍ച്ചക്ക് വിഷയങ്ങളായി.
അപ്പോഴും പണിത്തിരക്കിലായിരുന്ന കുട്ടപ്പായി, ഫോണിലൂടെ സംസാരിച്ചു.ഈ ഒത്തുകൂടലിന്‍റെ പ്ലാന്‍ ശ്രീജിത്തിന്‍റേതായിരുന്നെങ്കിലും, ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍, ശ്രീജിത്തിന് വരാന്‍ സാധിച്ചില്ല. മെയില്‍ വഴി വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ചന്ദ്രക്കാരനും തഥാഗതനും,നളനും, ബാംഗ്ലൂരിനോട് താല്‍ക്കാലികമായി വിട പറയുന്ന കുഞ്ഞനും, കല്യാണിയും, പീലിക്കുട്ടിയുമൊക്കെ സംസാരത്തിനിടക്ക് കയരി വന്നു.
തികച്ചും അനൌപചാരികമായ ഒരു ഒത്തുകൂടലായിരുന്നെങ്കിലും, ബാംഗ്ലൂര്‍ വിശേഷങ്ങളിലേക്ക് ഒരു വിശേഷം കൂടിയായി ഇതിവിടെ പോസ്റ്റുന്നു.

Monday, November 13, 2006

--ബാംഗ്ലൂര്‍ ബുക്ക്‌ ഫെസ്റ്റിവല്‍--

പുസ്തകപ്രേമികളേ,

ഒക്ടോബറിലെ ബിയറിന്റെ ആലസ്യത്തില്‍ ആണ്ടു കിടന്ന ബാംഗ്ലൂരിനേ ഉണര്‍ത്തുപാട്ടു ചൊല്ലി ഉണര്‍ത്താന്‍ പുസ്തകങ്ങളുടെ ഒരു നീണ്ട നിര വന്നെത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച തുടങ്ങിയ ഈ പുസ്തക പ്രദര്‍ശ്ശനം/വില്‍പനയില്‍ സാമാന്യം തരക്കേടില്ലാത്ത കളക്ഷന്‍ കണ്ടു. പാലസ്‌ ഗ്രൌണ്ടിലാണ്‌ സംഗതി നടക്കുന്നതു, സമയം 11 - 8. ഒരാള്‍ക്ക്‌ അകത്തു കയറാന്‍ 20 രൂപ. 19-തിനു അവസാനിക്കും.

മുന്‍പേ തീരുമാനിച്ചതുപോലെ തഥാഗതനും ഞാനും ശനിയാഴ്ച പാലസ്‌ ഗ്രൌണ്ടില്‍ കണ്ടു മുട്ടി. ഡി സി ബുക്കിന്റെ സ്റ്റാളില്‍ നിന്നും വിജയന്‍, മുകുന്ദന്‍, സേതു, ആനന്ദ്‌, സാറാടീച്ചര്‍, ബഷീര്‍, ചുള്ളിക്കാട്‌ എന്നിവരുടെ മേല്‍ ഞാന്‍ കൈവെച്ചു, ഇവരെയെല്ലാം ദശാബ്ദങ്ങള്‍ക്കു മുന്‍പേ വായിച്ചു തള്ളിയ തഥാഗതന്‍ എനിക്കു പേരറിയാത്ത ഏതോ ചില ചുള്ളന്മാര്‍ക്കു മേല്‍ കൈ വെച്ചു. ആംഗുലേയത്തിനോടു പണ്ടേ പ്രതിപത്തി ഇല്ലാത്ത ഞാന്‍ ആ ഭാഗം ദര്‍ശ്ശിക്കാന്‍ നിന്നില്ല, പുള്ളി അവരേയും വിടുന്ന ലക്ഷണമില്ല... :)

പുസ്തകങ്ങളുടെ ഇടയിലുള്ള നടത്തിയും അതിനുശേഷമുള്ള ദാഹശമനീപാനവും എല്ലാം കൊണ്ട്‌ രസകരമായ ഒരു ശനിയാഴ്ചയായിരുന്നു.