Tuesday, August 29, 2006

അസ്സോസിയേഷന്റെ ആദ്യ സംഗീത ആല്‍ബം

ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍, ബ്ലോഗിങ്ങിനെ ഒരു പടി കൂടി കടന്ന് ചവുട്ടിയിരിക്കുന്നു. ബ്ലോഗ്‌സ്വരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബാംഗ്ലൂര്‍ അസ്സോസിയേഷനും ഒരു ഓഡിയോ ആല്‍ബം പുറത്തിറക്കാന്‍ തീരുമാനിച്ച വിവരം അഭിമാനപുരസരം നിങ്ങളെ അറിയിച്ച് കൊള്ളട്ടെ.

പുതിയ ആല്‍ബത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ഇപ്പോഴും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നു.

ആല്‍ബത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഞങ്ങളുടെ പ്രചോദനമായ നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

പാട്ട്: കഭീ കഭീ
പാട്ടുകാരന്‍: മഴനൂലുകള്‍
സ്റ്റുഡിയോ: കുട്ടപ്പായിയുടെ കാര്‍
കോറസ്സ്: വര്‍ണ്ണമേഘങ്ങള്‍.




പാട്ട്: ലാ പിലാദേ
പാട്ടുകാരന്‍: മഴനൂലുകള്‍
സ്റ്റുഡിയോ: ലെമണ്‍ഗ്രാസ് ഹോട്ടല്‍
കോറസ്സ്: കുമാര്‍.




പാട്ട്: ഒന്നിനി ശ്രുതി താഴ്തി
പാട്ടുകാരന്‍: കൊച്ചന്‍
സ്റ്റുഡിയോ: ലെമണ്‍ഗ്രാസ് ഹോട്ടല്‍
കോറസ്സ്: ഗമ്പ്ലീറ്റ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്.




എല്ലാ ബ്ലോഗേര്‍സിന്റേയും ആശീര്‍വാദവും അനുഗ്രഹങ്ങളും ഈ കന്നി സംരംഭത്തിനെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു.

Wednesday, August 23, 2006

കളഞ്ഞുപോയ അവസരങ്ങള്‍

ഇതൊരു ക്ഷമാപണമാണ്. ഗുരുതരമായ കൃത്യവിലോപം നടത്തിയതിനുള്ള അസ്സോസിയേഷന്റെ ക്ഷമാപണം.

അസ്സോസിയേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും ചില വ്യക്തമായ തീരുമാനങ്ങള്‍ അസ്സോസിയേഷന്റെ രൂപീകരണ സമയത്ത് തന്നെ ഭാരവാഹികള്‍ കൈക്കൊണ്ടിട്ടുണ്ടായിരുന്നു. ഒന്നിച്ച് കൂടാനുള്ള ഒരു അവസരവും മീറ്റ് നടത്താനുള്ള ഒരു സാധ്യതയും കളയില്ല എന്നതായിരുന്നു അതില്‍ പ്രധാനം. എന്നിട്ടും ചില തെറ്റുകള്‍ അസ്സോസിയേഷന്റെ ഭാഗത്ത് കടന്ന് കൂടി. അതിനുള്ള ഔദ്യോഗിക മാപ്പപേക്ഷ ആണ് ഇത്. വിവരണം ചുവടെ.


  1. കഴിഞ്ഞ തിങ്കളാഴ്ച, അതായത് ആഗസ്റ്റ് 14-ന്, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ അണിയറയിലെ ശക്തിയായും, ആദര്‍ശങ്ങള്‍ കൊണ്ട് പ്രചോദനമായും, പ്രസരിപ്പ് കൊണ്ട് മാതൃകയുമായ കല്യാണിയുടെ പിറന്നാളായിരുന്നു. അന്നൊരു ഗംഭീരപ്രകടനവും, പിറന്നാളാഘോഷവും അസ്സോസിയേഷന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല.

  2. കഴിഞ്ഞ ചൊവ്വാഴ്ച, അതായത് ആഗസ്റ്റ് 15-ന്, ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിരുന്നു. അന്ന് നടത്തേണ്ടിയിരുന്നതും ഗംഭീര ആഘോഷങ്ങള്‍ തന്നെയായിരുന്നു. ബ്ലോഗില്‍ ഉള്ള സ്വാതന്ത്യപ്രവര്‍ത്തകരെ അനുമോദിക്കലും, സ്വാതന്ത്യവും ബ്ലോഗിങ്ങും എന്ന വിഷയത്തില്‍ ഒരു സിമ്പോസിയവും, ബ്ലോഗര്‍മ്മാ‍ര്‍ക്ക് മിഠായി വിതരണവും, അങ്ങിനെ ചെയ്യേണ്ടത് ഒരുപാടുണ്ടായിരുന്നു. അതുണ്ടായില്ല.

  3. അന്നേ ദിവസം തന്നെ, അതായത് ആഗസ്റ്റ് 15-ന്, ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷനിലെ പുതുമുഖം സിനോജിന്റെ പിറന്നാളായിരുന്നു. ഒരു പുതുമുഖത്തിന് കൊടുക്കേണ്ട വരവേല്‍പ്പും, ആമുഖവും, പിന്നെ പിറന്നാള്‍ക്കാരന് കൊടുക്കേണ്ട മറ്റ് സന്തോഷപ്രകടനങ്ങളും അത്യുത്സാഹപൂര്‍വ്വം കൊടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

  4. ഈ ശനിയാഴ്ച, അതായത് ആഗസ്റ്റ് 26-ന്, വിവാഹിതനാകുന്ന സിനോജിന്റെ ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞ ആഴ്ച നടത്തേണ്ടതായിരുന്നു. നാലാം മീറ്റായി കണ്ട് വച്ചിരുന്നതും അതാണ്. മഴയായ് മദ്യം നൂലു പോലെ പലപല വര്‍ണ്ണങ്ങളില്‍ മേഘങ്ങളില്‍നിന്നെന്നപ്പോലെ കുട്ടപ്പനായി പെയ്തിറങ്ങുന്ന ഈ ഒരു അസുലഭമുഹൂര്‍ത്തവും അസ്സോസിയേഷന്‍ വളരെ ദാരുണമായി മറന്നു. എല്ലാം പോയില്ലേ.

  5. ഈ പറഞ്ഞ സിനോജ് ഇന്ന് നാട്ടിലേക്ക് പോയിട്ടുണ്ട്. ചുള്ളന്‍ മൂന്നാം തിയതി തിരിച്ചെത്തും, എട്ടിന് വിദേശത്തേക്ക് പറക്കുകയും ചെയ്യും. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഗംഭീര പാര്‍ട്ടിയും ഒരു യാത്രയല്‍പ്പ് ചടങ്ങും നടത്തേണ്ടതുണ്ട്. അസ്സോസിയേഷന്‍ ഭാരവാഹികളുടെ മീറ്റിങ്ങ് വളരെ അടിയന്തിരമായി വിളിച്ച് കൂട്ടേണ്ടതാണ്. എന്നാല്‍ പലവിധ തിരക്കുകളാല്‍ അതും ഇത് വരെ നടന്നില്ല.



അസ്സോസിയേഷനു ചുറുചുറുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിന് കുറ്റം പറയേണ്ടത് തീര്‍ത്താല്‍ തീരാത്തത്ര ജോലി തലയില്‍ കേട്ടി വയ്ക്കുന്ന നമ്മള്‍ ജോലി ചെയ്യുന്ന കമ്പനികളെയാണ്. അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന ഈ കമ്പനി നയങ്ങളെ അസ്സോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. ഇതിനെതിരേ ആഞ്ഞടിക്കാന്‍ അസ്സോസിയേഷന്‍, മെംബര്‍മാരോട് ആഹ്വാനം ചെയ്യുന്നു.

എന്നാല്‍ ഈ ദുഃഖ വാര്‍ത്തകള്‍ക്കിടയിലും അസ്സോസിയേഷന് സന്തോഷിക്കാന്‍ വകയുണ്ട്. യൂ.ഏ.ഇ-യിലും കേരളത്തിലുമുള്ള ആരാധകരുടെ സ്നേഹോഷ്മള വരവേല്‍പ്പേറ്റുവാങ്ങിയ ലോകപ്രശസ്ത മദ്യ പരിശോധകന്‍ ശ്രീ. കുറുമാന്‍ അവര്‍കള്‍ ഈ ആഴ്ചാവസാനം ബാംഗ്ലുര്‍ സന്ദര്‍ശിക്കുന്നതാണെന്ന് അസ്സോസിയേഷന്‍ ഓഫീസില്‍ അറിയിപ്പ് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് എല്ലാ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാനും അകമ്പടി സേവിക്കുവാനും അസ്സോസിയേഷന്‍ ബാധ്യസ്ഥരാണ്. പലവിധ മദ്യങ്ങളുടെ നിറവും ഗുണവും മണവുമെല്ലാം ഈയവസരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരിക്കും. എല്ലാ മെംബര്‍മാരേയും ഈ ചടങ്ങില്‍ പങ്കെടുക്കുവാനായി ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു.

ജെയ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍.
സെക്രട്ടറി (ഒപ്പ്)

Wednesday, August 16, 2006

മീറ്റില്‍ കാണാത്തത്

സ്ഥലം: മഴനൂലിന്റെ വസതി.
സമയം: മീറ്റിനു മുന്‍പ്.
ചിത്രത്തില്‍ കാണുന്നത് മഴനൂല്‍ കുടിച്ച് വറ്റിച്ച കുപ്പികള്‍. ഈ കാര്‍ട്ടനില്‍ കാണുന്നത് കൂടാതെ ചുറ്റും കാണുന്ന അലമാരയ്ക്കുള്ളില്‍ ഉള്ളതും ഇത് തന്നെ. വെളിച്ചക്കുറവ് മൂലം എന്റെ മൊബൈലില്‍ ഇത്രയേ പതിഞ്ഞുള്ളൂ.

സ്ഥലം: ചന്ദ്രക്കാറന്റെ വസതി.
സമയം: മീറ്റിനു ശേഷം.
ചിത്രത്തില്‍ കാണുന്നത് ചന്ദ്രക്കാറന്‍ കുടിച്ച് വറ്റിച്ച കുപ്പികള്‍. മീറ്റ് കഴിഞ്ഞ് ചന്ദ്രക്കാറന്റെ വീട്ടില്‍ ചെന്ന് എന്നോടും കുമാരേട്ടനോടും, ചന്ദ്രക്കാറനോടും കത്തി വച്ചതോടുകൂടി മഴനൂലിന്റെ കെട്ടിറങ്ങി. എനിക്കിനിയും വേണം എന്നു പറഞ്ഞ മഴനൂല്‍ കരച്ചില്‍ തുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്ക് ഏത് ബാര്‍ തുറന്നിരിക്കുന്നു? അവസാനം ചന്ദ്രക്കാറന്‍ കുടിച്ച് ബാക്കി വച്ച കുപ്പികള്‍ എടുത്ത് അതില്‍ നിന്നും തുള്ളികളായി ശേഖരിച്ച്, മഴനൂല്‍ ഒരു കോക്ക്‍ടെയില്‍ പെഗ് ഉണ്ടാക്കിക്കുടിച്ച് സമാധാനപ്പെട്ടു. ഈ ശുഷ്കാന്തി എല്ലാക്കാര്യത്തിലും കണ്ടിരുന്നെങ്കില്‍ ...

Wednesday, August 09, 2006

മൂന്നാം ബാംഗ്ലൂര്‍ മീറ്റ് ചിത്രങ്ങള്‍

ഇടതു നിന്നും വലത്തേക്ക്: വര്‍ണ്ണമേഘങ്ങള്‍, ചന്ദ്രക്കാറന്‍, മഴനൂലുകള്‍, ശ്രീജിത്ത്, ആര്‍ദ്രം, കുഞ്ഞന്‍സ്, നളന്‍, കുമാര്‍, സിനോജ്, കൊച്ചന്‍, കുട്ടപ്പായി.

ഇടത് നിന്നും വലത്തേക്ക്: കുഞ്ഞന്‍സ്, നളന്‍, കുമാര്‍, സിനോജ്, കൊച്ചന്‍, കുട്ടപ്പായി, വര്‍ണ്ണമേഘങ്ങള്‍, ചന്ദ്രക്കാറന്‍, മഴനൂലുകള്‍, ശ്രീജിത്ത്, ആര്‍ദ്രം

Tuesday, August 08, 2006

മൂന്നാം ബാംഗ്ലൂര്‍ മീറ്റ്

ബാംഗ്ലൂര്‍ പ്ലസ്സ് പ്രോഗ്രാമിലേക്ക് സ്വാഗതം.

ഇന്റര്‍നെറ്റിലെ ഒരു കൂട്ടായ്മയുടെ കഥയാണ് ഇന്ന് മെട്രോപ്ലസ്സില്‍. ഇന്റര്‍നെറ്റില്‍ ബ്ലോഗെഴുതുന്നവരുടെ ഒരു ഒത്തുചേരല്‍ ഇന്നലെ ബാംഗ്ലൂര്‍ നടക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങളുമായി നമ്മുടെ റിപ്പോര്‍ട്ടര്‍ ബ്ലോഗുണ്ണി ലൈനിലുണ്ട്.

ബ്ലോഗുണ്ണി, കേള്‍ക്കാമോ

കേള്‍ക്കാം സ്പോട്ടുണ്ണീ, പറയൂ.

എന്താണ് അവിടെ നടന്നത്, ഒന്ന് വിശദമാക്കാമോ?

മലയാളത്തില്‍ ബ്ലോഗെഴുതുന്ന ബാംഗ്ലൂരില്‍ നിന്നുള്ളവരുടെ അത്യപൂര്‍വ്വമായ ഒരു സൌഹൃദ‌ ഒത്തുചേരലാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. ഇവര്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഒത്തുചേരുന്നത്.

ബ്ലോഗുണ്ണി തമാശ പറയുകയാണോ? കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രണ്ട് തവണ കണ്ടവര്‍ ഒന്നും കൂടി ഒത്ത് ചേരുന്നതാണോ അത്യപൂര്‍വ്വകൂടിക്കാഴ്ച?

തീര്‍ച്ചയായും സ്പോട്ടുണ്ണീ, മലയാളികള്‍ ഇങ്ങനെ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഒരോ തവണ കാണുമ്പോഴും‍ കൂടുതല്‍ അടുക്കുകയും, ഓരോ തവണ പിരിയുമ്പോഴും‍ വീണ്ടും അടുത്ത് തന്നെ കാണണമെന്ന് പറഞ്ഞ് പിരിയുകയും ചെയ്യുന്നത് നമ്മള്‍ മലയാളികളില്‍ അപൂര്‍വ്വം തന്നെയാണ്.

ശരി തന്നെ. മീറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പറയൂ ബ്ലോഗുണ്ണീ.

വൈകീട്ട് അഞ്ച് മണിക്കാണ് എല്ലാവരും ഒത്ത് കൂടാന്‍ തീരുമാനിച്ചിരുന്നത്. ആഗ്രാലേയ്ക്കിനരികിലുള്ള ലെമണ്‍ഗ്രാസ് എന്ന ഹോട്ടലില്‍. അവിടെ ആദ്യം എത്തിയത് ശ്രീജിത്ത് ആണ്. തുടര്‍ന്ന് കൂഞ്ഞന്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ തന്നെ ആറ് കൈകളുള്ള ഒരു വണ്ടി അവിടെ എത്തി. കുട്ടപ്പായി ഓടിച്ചിരുന്ന കാറില്‍ നിന്ന് കുട്ടപ്പായിയും മഴനൂലും കൊച്ചനുമെല്ലാം ഇലക്ഷന്‍ പ്രചരണത്തിനെന്നപോലെ കൈ പുറത്തിട്ട് വീശീക്കൊണ്ടിരുന്നത് കൊണ്ടാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്.

ഹ ഹ. ബ്ലോഗുണ്ണീ, അത് കൊള്ളാം, എന്നിട്ട്?

തുടര്‍ന്ന് നളനും, സിനുവും, ചന്ദ്രക്കാറനും ആര്‍ദ്രവും എത്തിച്ചേര്‍ന്നു. വര്‍ണ്ണമേഘങ്ങള്‍ ചില സ്വകാര്യതിരക്കുകള്‍മൂലം വൈകുമെന്ന് പറഞ്ഞിരുന്നു. അന്നത്തെ പ്രത്യേക ക്ഷണയിതാവായ കുമാറും ബാംഗ്ലൂരില്‍ താന്‍ വന്ന കാര്യത്തിന്റെ ഔദ്യോഗികമായ തിരക്കുകളില്‍ പെട്ടുപോയതിനാല്‍ വൈകുമെന്ന് വിളിച്ചറിയിച്ചു. ഉടനേ തന്നെ വിളിച്ച അജിത്തും ഇതേ പോലെ വൈകുമെന്ന് പറയുകയേ ഉള്ളൂ എന്നെല്ലാവരും കരുതിയെങ്കിലും, ഏവരേയും ഞെട്ടിച്ചുകൊണ്ട് താന്‍ ഓഫീസിലെ തിരക്കുകള്‍‍ മൂലം വരില്ലെന്നറിയിക്കുകയാണുണ്ടായത്. കിരണ്‍സ് പനിമൂലം ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് ആദ്യമേ അറിയിച്ചിരുന്നു. ഇങ്ങനെ പ്രതീഷിച്ചിരുന്ന പന്ത്രണ്ട് പേരും ആയതോടെ ചടങ്ങുകള്‍ക്ക് തിരി തെളിഞ്ഞു. അതിശയകരമായ കാര്യം, ഇതെല്ലാം വെറും അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ നടന്നു എന്നുള്ളതാണ്. മലയാളികളെങ്കിലും ഇത്രയ്ക്ക് കൃത്യനിഷ്ഠ അപൂര്‍വ്വം തന്നെ സ്പോട്ടുണ്ണീ.

ബ്ലോഗുണ്ണീ, അപ്പോള്‍ എത്രയായിട്ടുണ്ടാകും സമയം?

അപ്പോള്‍ ഒരു ഉദ്ദേശ്യം അഞ്ചര, ആറ് ആയിക്കാണണം.

ബ്ലോഗുണ്ണീ, എന്നിട്ടെന്ത് സംഭവിച്ചു എന്ന് പറയൂ.

തുടര്‍ന്ന് ഇവര്‍ ലെമണ്‍ ഗ്രാസ് ഹോട്ടലിനകത്ത് കയറി പന്ത്രണ്ട് സീറ്റുള്ള ടേബിളിനു ചുറ്റും ഉപവിഷ്ഠരായി. ആദ്യം അസ്സോസിയേഷന്‍ തീരുമാനിച്ചിരുന്നത് ഈ കൂട്ടായ്മ കുട്ടപ്പായിയുടെ പിറന്നാള്‍ ആഘോഷമായി കണക്കാക്കാനായിരുന്നു. എന്നാല്‍ ഇത്രയധികം ആളുകള്‍ വന്ന് ചേര്‍ന്നപ്പോള്‍ ഇത് ഒരാള്‍ മാത്രം ചിലവ് ചെയ്യുന്നതാക്കണ്ട, ഒരു ബാംഗ്ലുര്‍ ബ്ലോഗേര്‍സ് മീറ്റ് തന്നെയാക്കാം എന്ന് അസ്സോസിയേഷന്‍ മാറ്റി തീരുമാനിച്ചു. പരിപാടികളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ അസ്സോസിയേഷനു അധികാരമുണ്ടെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നതുമാണല്ലോ.

നോട്ടീസില്‍ ഒരു നാടകത്തിനെ കാര്യവും പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ച് പറയൂ ബ്ലോഗുണ്ണീ.

നാടകം അവിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ചില കാര്യങ്ങളുടെ സൂചന മാത്രമായിരുന്നു. അസ്സോസിയേഷന്‍ നടത്താനുദ്ദേശിച്ചിരുന്ന പരിപാടികള്‍, ഹോട്ടലിന്റെ വിദേശമദ്യത്തിന്റെ മെനു കണ്ട് കണ്ണ് മഞ്ഞളിച്ച ചില പേരുകേട്ട മദ്യഅസ്സോസിയേഷന്‍ മെമ്പേര്‍സ് പാടെ വിസ്‌മൃതിയിലാഴ്തി എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

ബ്ലോഗുണ്ണീ, ഒന്ന് ചോദിച്ചോട്ടെ, ഈ വന്ന പ്രവര്‍ത്തകരൊക്കെ തമ്മില്‍ അറിയുന്നവരായിരുന്നോ?

ആദ്യ രണ്ട് മീറ്റിങ്ങുകള്‍ക്കുണ്ടായിരുന്ന അഞ്ച് പ്രവര്‍ത്തകര്‍ ഒഴിച്ച് ബാക്കി എല്ലാവരും പുതുമുഖങ്ങളായിരുന്നു. അല്ലെങ്കിലും ഒരു മദ്യക്കുപ്പിക്ക് ചുറ്റും ഇരിക്കുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ എത്ര നേരം വേണം. കുപ്പികള്‍ കൂട്ടിമുട്ടുമ്പോള്‍ സൌഹൃദം ജനിക്കുന്നു എന്നാണല്ലോ പഴമൊഴി. സ്പോട്ടുണ്ണിയെ ഞാന്‍ പരിചയപ്പെടുന്നതും...

ബ്ലോഗുണ്ണീ, കണ്ട്രോള്‍. വിഷയത്തില്‍ നിന്ന് നമ്മള്‍ മാറിപ്പോകുന്നു. ആളുകള്‍ ലൈവായി കാണുന്ന ഒരു പ്രോഗ്രാം ആണെന്ന് മറക്കണ്ട.

സ്പോട്ടുണ്ണീ, സോറി. അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇവര്‍ പരിചയപ്പെട്ടതിനെക്കുറിച്ചാണ്. ആദ്യം കണ്ടതിനും ഹോട്ടലിനു അകത്ത് കയറി ഓരോരോ പെഗ് ഓര്‍ഡര്‍ ചെയ്തതിനും ഇടയ്ക്ക് ഇവര്‍ തമ്മില്‍ വളരെ അടുത്തുകഴിഞ്ഞിരുന്നു. അതാണ് ബ്ലോഗുകളുടെ പ്രത്യേകത ബ്ലോഗുണ്ണീ, മനസ്സ് തുറന്നെഴുതുന്ന ബ്ലോഗുകള്‍ വായിച്ചാല്‍ തന്നെ എഴുത്തുകാരനുമായി മാനസികമായി വളരെ അടുക്കും നമ്മള്‍. ആദ്യം കാണുമ്പോള്‍ തന്നെ വളരെ നാളത്തെ പരിചയമുള്ളവരായി തോന്നും അവര്‍ക്ക് തമ്മില്‍ തമ്മില്‍.

ബ്ലോഗുണ്ണീ, ഞാന്‍ മനസ്സിലാക്കുന്നു. ഇത് പറയൂ, വൈകിയെന്നറിയിച്ചവര്‍ എപ്പോഴാണ് ഇവരുടെ കൂടെ ചേര്‍ന്നത്?

ഇവര്‍ ഒന്ന് രണ്ട് പെഗുകള്‍ തീര്‍ക്കുന്നതിനു മുന്നേ തന്നെ വര്‍ണ്ണമേഘങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഭക്ഷണപാത്രത്തില്‍ നിന്ന് കണ്ണെടുത്ത്, ഉയര്‍ത്തിപ്പിടിച്ച ഗ്ലാസ്സ് മുഖത്തിനു മുന്നില്‍ നിന്ന് മാറ്റി നോക്കാന്‍ സാവകാശം കിട്ടിയവര്‍ മാത്രമേ അത് ശ്രദ്ധിച്ചുള്ളൂ എന്ന് മാത്രം. സന്ധ്യ ആയതോടുകൂടി ഹോട്ടല്‍ ജീവനക്കാര്‍ കൊതുകിനെത്തുരത്താന്‍ അവിടെ കുന്തിരിക്കം കത്തിച്ചു വച്ചു. പരിസരമാകെപ്പരന്ന പുകമറയ്ക്കുള്ളില്‍ നിന്നും ഒരു നിഴല്‍ പോലെ ഒരാള്‍ നടന്ന് വന്ന് അശരീരി പോലെ പറഞ്ഞു, "ഞാന്‍ ഗന്ധര്‍വന്‍". അത് മറ്റാരുമായിരുന്നില്ല, അസ്സോസിയേഷന്റെ പ്രത്യേകക്ഷണയിതാവ് കുമാര്‍ തന്നെ ആയിരുന്നു.

അത് കൊള്ളാം. നല്ല വരവ് തന്നെ. എന്നിട്ടുള്ള വിശേഷങ്ങള്‍ പറയൂ.

കുമാര്‍ വന്നതോടുകൂടി അതുവരെ ഉറങ്ങിക്കിടന്ന പ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക ഓജസ്സും ഉന്മേഷവും വന്ന് ചേര്‍ന്നു. അതു വരെ ഇല്ലാതിരുന്ന ഒരു ആവേശത്തോടും മാത്സര്യഭാവത്തോടും കൂടി അവര്‍ കൂടുതല്‍ പെഗ്ഗുകള്‍ക്കും സ്റ്റാര്‍ട്ടറുകള്‍ക്കും ഓര്‍ഡര്‍ ചെയ്യുന്നത് കാണാമായിരുന്നു.

അപ്പോള്‍ അങ്ങിനെ ശരിയായ അങ്കത്തിന് കളമൊരുങ്ങി അല്ലേ.

അതെ സ്പോട്ടുണ്ണീ, പിന്നീട് അവിടെ നടന്നതിന് അങ്കംമെന്ന് മാത്രം പറഞ്ഞാല്‍പ്പോര, മാമാങ്കം എന്ന് തന്നെ പറയണം. പരസ്പരപാരകളും, പാട്ടുകളും, ഫോട്ടോയെടുപ്പുകളും, തമാശയ്ക്കുള്ള അടികളും, വാശിക്കുള്ള കുടികളും, നിര്‍ത്താതെയുള്ള തീറ്റയും ഒക്കെയായി അവര്‍ ആഘോഷിക്കുക തന്നെയായിരുന്നു.

ബ്ലോഗുണ്ണീ, അരാണ് അവിടെ പാടുകയും മറ്റ് കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഒക്കെ ചെയ്തവര്‍?

കൊച്ചന്‍ ആണ് ആദ്യം പാട്ടിന് തുടക്കമിട്ടത്. കൊച്ചന്‍ തനിക്കറിയാവുന്ന രീതിയില്‍ നന്നായി പാടിയപ്പോള്‍, മറ്റുള്ളവര്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ വാഹ് വാഹ് വിളിച്ചും, കൂടെപ്പാടിയും ആസ്വദിച്ചു. തുടന്ന് മഴനുല്‍ രണ്ട് ഗസലുകള്‍ പാടി. മഴനൂല്‍ കഴിഞ്ഞ മീറ്റിനും പാട്ട് പാടി എല്ലാവരേയും പുളകിതനാക്കിയ ഒരു വ്യക്തിയാണെന്നറിയാമല്ലോ. പിന്നീട് പാടിയത് കുമാരേട്ടനായിരുന്നു. അതോടെ എല്ലാവരും ആ കലാപരിപാടിയില്‍ ഉള്ള താത്പര്യം നിര്‍ത്തുകയാണുണ്ടായത്.

മറ്റെന്തൊക്കെയായിരുന്നു അവര്‍ ചെയ്തത്?

ശ്രീജിത്തിന്റെ ശ്രദ്ധ മുഴുവന്‍ നേരവും കുമാറിന്റെ ക്യാമറയില്‍ തന്നെയായിരുന്നു. ഒരു സ്ക്രൂഡ്രൈവര്‍ ഉണ്ടായിരുന്നെങ്കില്‍ ശ്രീജിത്ത്, കുമാറിന്റെ ക്യാമറ മുല്ലപ്പൂവിന്റെ ടെമ്പ്ലേറ്റ് പോലെ ആക്കിയേനെ എന്ന് ഒരു അനോണി പറയുകയുണ്ടായി. ചന്ദ്രക്കാറന്‍ ബ്ലോഗുകളെക്കുറിച്ചും നവീന ബ്ലോഗിങ്ങ് പ്രവണതകളെക്കുറിച്ചും ഒരു പ്രബന്ധം അവതരിപ്പിച്ചു. അത് ശ്രദ്ധിച്ചവര്‍ ആരുമില്ലാത്തതിനാല്‍ എനിക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മഴനൂല്‍ മദ്യനുലായി മാറിക്കൊണ്ടിരുന്ന നിമിഷങ്ങളില്‍ ഒരു മലയാളി മദ്യപിച്ചാല്‍ എങ്ങിനെ ഇരിക്കും എന്ന മിമിക്രി അവതരിപ്പിച്ചു. അത് മിമിക്രി ആയിരുന്നില്ല, ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു മഴനൂല്‍ എന്നും സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകളുണ്ട്. അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രീജിത്ത് കൊണ്ട് വന്ന അടിയന്തിരപ്രമേയം, അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്ന ആര്‍ദ്രം പോലും കേട്ടിട്ടില്ലെന്നതാണ് ഇപ്പോള്‍ പറയുന്നത്. തുടര്‍ന്നു ബ്ലോഗുകളുടെ വിശ്വാസ്യതയെക്കുറിച്ചു സംസാരിച്ച കുമാര്‍, മദ്യത്തില്‍ മുങ്ങിയ തന്റെ സാന്നിധ്യം എല്ലായിടത്തും എത്താന്‍ ഒരു പറവയെപ്പോലെ ബ്ലോഗ്ഗേര്‍സിനിടയില്‍ പാറി നടന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനം വേണമല്ലോ. ഈ കൂടിച്ചേരല്‍ എപ്പോള്‍ അവസാനിച്ചു എന്നും കൂടെ ഒന്ന് പറയൂ.

നളന്‍ വളരെ നേരത്തേ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി വിട വാങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഒരു പത്ത് മണിയോടുകൂട് അവരവരുടെ ഗൃഹം ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍, ചന്ദ്രക്കാരന്റെ സ്നേഹം നിറഞ്ഞ ക്ഷണം നിരസിക്കാനാവാതെ കുമാറും, മഴനുലും, ശ്രീജിത്തും അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. അവരുടെ മീറ്റിങ്ങ് വീണ്ടും തുടര്‍ന്നുവെങ്കിലും അതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.

നന്ദി ബ്ലോഗുണ്ണി, ഇത്രയും വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിന് നന്ദി. ഇപ്പോള്‍ നമ്മളുടെ കൂടെ വര്‍ണ്ണമേഘങ്ങള്‍ സ്റ്റുഡിയോയില്‍ ഉണ്ട്. നമുക്ക് അദ്ദേഹത്തോട് ഈ കൂടിച്ചേരലിനെക്കുറിച്ച് സംസാരിക്കാം.

സ്വാഗതം വര്‍ണ്ണം.

നന്ദി.

താങ്കള്‍ വൈകിയാണല്ലോ അവിടെ എത്തിച്ചേര്‍ന്നത്. എന്താണ് വൈകാന്‍ കാരണം.

എന്റെ ഭാര്യയ്ക്ക് ചുമയുടെ അസുഖം വന്നത് കാരണം അവളേയും കൂട്ടി ഡോക്റ്ററുടെ അടുത്ത് പോയിരുന്നു. അതാണ് വൈകിയത്.

താങ്കള്‍ വളരെ സ്നേഹമുള്ള ഒരു ഭര്‍ത്താവാണല്ലേ.

അതുകൊണ്ടൊന്നുമല്ല. മരുന്ന് വാങ്ങിക്കൊടുത്തില്ലെങ്കില്‍ അവള്‍ ചുമച്ച് ചുമച്ച് എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ല. അത് കൊണ്ടാണ്.

അത് ശരി. താങ്കളെ അവര്‍ അസ്സോസിയേഷന്റെ അനൌദ്യോഗിക പ്രസിഡന്റ് എന്നാണ് വിളിക്കുന്നത് എന്ന് കേട്ടല്ലോ. അത് ശരിയാണോ?

അതവര്‍ സ്നേഹം കൊണ്ട് വിളിക്കുന്നതാണ്. ഈ അസ്സോസിയേഷനില്‍ എല്ലാവരും പ്രസിഡന്റാണ് എന്നതാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നയം.

സംഘടനയുടെ നയങ്ങളെക്കുറിച്ച് വ്യക്താമാക്കാമോ?

ബാംഗ്ലുരില്‍ ഉള്ള മലയാളി ബ്ലോഗേര്‍സിനെ ഒന്നിച്ച് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സംഘടന ചെയ്യുന്ന കാര്യങ്ങള്‍ പുതിയ ബ്ലോഗേര്‍സിന്റെ ബ്ലൂലോകവുമായി പരിചയപ്പെടുത്തിക്കൊടുക്കുക, ഇടയ്ക്കിടെ ഇങ്ങനെ ഓരോ മീറ്റിങ്ങ് കൂടുക, അംഗങ്ങളുടെ പിറന്നാളുകള്‍ സമുചിതം ആഘോഷിക്കുക എന്നിവ മാത്രമാണ്. ബാലാരിഷ്ടതകള്‍ മാറുന്നതോടുകൂടി കൂടുതല്‍ വ്യക്തമായ അജന്‍ഡകള്‍ ഉരുത്തിരിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇക്കഴിഞ്ഞ കൂടിക്കാഴ്ചയെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?

ഇതു വരെ നടന്ന മീറ്റിങ്ങുകളില്‍ വച്ച് ഏറ്റവും പങ്കാളിത്തവും അവേശവും അവകാശപ്പെടാവുന്നത് ഈ മീറ്റിങ്ങിനാണ്. ഓരോ മീറ്റിങ്ങുകള്‍ കഴിയുമ്പോഴും പരസ്പര സ്നേഹവും, അടുപ്പവും ഒക്കെ കൂടിക്കൂടി വരുന്നുണ്ടെന്നത് വളരെ നല്ല കാര്യമാണ്. പോരാണ്ട് മഴനൂല്‍ പോലെയുള്ളവരുടെ കപ്പാസിറ്റിയും വര്‍ദ്ധിപ്പിക്കാന്‍ ഈ മീറ്റിങ്ങുകള്‍ സഹായിക്കുന്നുണ്ടെന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അസ്സോസിയേഷന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?

വളര്‍ന്ന് വരുന്ന മലയാളീ ബ്ലോഗേര്‍സിനെ പ്രോത്സാഹിപ്പിക്കുക. കഴിയുമെങ്കില്‍ പുതിയ ബ്ലോഗേര്‍സിനെ വാര്‍ത്തെടുക്കാന്‍ ഒരു അക്കാദമി സ്ഥാപിക്കുക. സ്ഥിരമായി കൂടാന്‍ ഒരു ബാര്‍ അറ്റാച്ച്ഡ് ഓഡിറ്റോറിയം പണിയുക എന്നിങ്ങനെ പലതും ഉണ്ട്. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല.

നന്ദി വര്‍ണ്ണമേഘം സ്റ്റുഡിയോയില്‍ വന്നതിന്.

നന്ദി.

ബാംഗ്ലൂര്‍ പ്ലസ്സ് എന്ന പ്രോഗ്രാം സമയക്കുറവ് മൂലം ഇവിടെ അവസാനിക്കുകയാണ്. പ്രോഗ്രാം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് കരുതട്ടെ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക. ഞങ്ങളുടെ വിലാസം.

ബാംഗ്ലൂര്‍ പ്ലസ്സ്,
ബൂലോകം,
ബാംഗ്ലൂര്‍.

Saturday, August 05, 2006

ബൂലോഗ‌ ക്ലബ്ബ്‌: നാടകവിവരങ്ങള്‍ക്ക്‌...

ബൂലോഗ‌ ക്ലബ്ബ്‌: നാടകവിവരങ്ങള്‍ക്ക്‌...: "നേരത്തെ തീരുമാനിച്ചപ്രകാരം ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ നാളെ അതായതു ആഗസ്റ്റ്‌ 5നു നാടകവേദിയില്‍ ഒത്തുചേരുന്നു. സര്‍ജാപ്പുര്‍ റോഡിലുള്ള ലെമണ്‍ ഗ്രാസ്‌ റെസ്റ്റോറന്റിലാണു സ്റ്റേജു കെട്ടിയിരിക്കുന്നതു. സമയം വൈകിട്ടു 5 മണി."

Thursday, August 03, 2006

ബൂലോഗ‌ ക്ലബ്ബ്‌: നാടക നോട്ടീസ്

ബൂലോഗ‌ ക്ലബ്ബ്‌: നാടക നോട്ടീസ്

പ്രിയമുള്ള തീറ്റപ്രേമികളേ, കള്ള്‍‌സ്നേഹികളേ,

ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകം ഉടന്‍ പ്രദര്‍ശനമാരംഭിക്കുന്നു. നാടകത്തിന്റെ പേര് "കുട്ടപ്പായിയുടെ കളസം കീറി". ച്ഛില്‍‌ല്‍‌ല്‍.....