Wednesday, October 25, 2006

--ഒക്ടോബര്‍ ഫെസ്ട്‌--

സുഹ്രുത്തുക്കളേ,

ഐ ടി സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ബാംഗ്ലൂരിനു മറ്റൊരു പേരു കൂടിയുണ്ട്‌, ഗാര്‍ഡന്‍ സിറ്റി. ഒരു പറ്റം കമ്പ്യൂട്ടര്‍ ഗീക്കുകളും കൂറ്റന്‍ ചില്ലുമേടകളും ആദ്യം പറഞ്ഞ പേരിനു തെളിവായി കാണിക്കാനുണ്ടെങ്കില്‍, വഴിനീളെ കാണുന്ന മരങ്ങളും, വര്‍ഷാവര്‍ഷ്ഷം നടത്തിപ്പോരുന്ന ഫ്ലവര്‍ ഷോകളും രണ്ടാമത്തെ പേരിനെ സാധൂകരിക്കുന്നു.

നല്ല രണ്ടു പേരുകളുള്ളപ്പോള്‍ ഒരല്‍പം തിരിഞ്ഞ പേരും വേണ്ടേ? ഉണ്ടല്ലോ, പബ്‌ സിറ്റി. തെളിവു വേണോ, എല്ലാ നൂറു മീറ്ററിലും ഒരു മദ്യശാല, അല്ലെങ്കില്‍ ഒരു റീട്ടേല്‍ ഷാപ്‌, നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ നല്ല അഴകുള്ള പബ്ബുകള്‍, അതില്‍ നിന്നും എല്ലായിപ്പോഴും അകത്തേക്കും പുറത്തെക്കും ഒഴുകുന്ന യുവാ-യുവതികള്‍, കണ്ണിനും സുഖം വയറിനും സുഖം തലക്കും സുഖം, പിന്നെ ദിവസവും രണ്ടെണ്ണം വിട്ടാല്‍ ഹാര്‍ട്ട് അറ്റാക്ക്‌ വരില്ലത്രേ.

അങ്ങനെ പേരെടുത്ത ബാംഗ്ലൂര്‍ ഒന്നുറങ്ങിപ്പോയോ എന്നു പബ്ബുടമകള്‍ക്കൊരു സംശയം. ഉറക്കം തൂങ്ങുന്ന നാട്ടിന്‍പുറങ്ങളെ ഉണര്‍ത്താന്‍ ഉത്സവങ്ങള്‍ നടത്തുമല്ലോ, അതു പോലെ ഒരു മദ്യഉത്സവം വരുന്നു --ഒക്ടോബര്‍ ഫെസ്ട്‌-- സംഗതി നടക്കുന്നത്‌ പാലസ്‌ ഗ്രൌണ്ടില്‍, തീയതികള്‍ ഈ മാസം 27, 28, 29. 27 വെള്ളിയാഴ്ച 4 മണി മുതല്‍ക്കു തുടങ്ങുന്ന ആഘോഷപരിപാടികളില്‍ ബിയര്‍ ഒഴുക്കിനു പുറമേ, റൊക്ക്ഷോ, ബോഡി ആര്‍ട്‌, പലതരം ഗെയിംസു തുടങ്ങിയവ കാണും.

ജര്‍മ്മനിയില്‍ ഇതുപോലൊന്നു നടത്തി അദ്ഭുതവിജയം നേടിയത്‌ ഇവിടെയും ആവര്‍ത്തിക്കുകയാണ്‌ സംഘാടകരുടെ ശ്രമം. ഇന്‍ഡ്യയില്‍ ബാംഗ്ലൂര്‍ തിരങ്ങെടുത്തതിന്റെ കാരണം നേരത്തേ വിവരിച്ചുവല്ലോ. ഒരാള്‍ക്കു 350 രൂപയാണ്‌ എന്‍ട്രി ഫീസ്‌, ബൂലോകവാസികള്‍ ഒന്നാഞ്ഞുപ്പിടിച്ചു ഇതൊരു മഹാവിജയം ആക്കണമെന്നാണ്‌ എന്റെ ആഹ്വാനം. ഈ വിവരം കേട്ട കുറച്ചു ബൂലോകര്‍ മറ്റൊരു ബാംഗ്ലൂര്‍ മീറ്റിനുള്ള വട്ടം കൂട്ടല്‍ തുടങ്ങിയെന്നാണ്‌ അറിഞ്ഞത്‌.

ബാംഗ്ലൂര്‍ വിശേഷങ്ങളുടെ ഈ എപിസോഡ്‌ ഇവിടെ പൂര്‍ണ്ണമാകുന്നു... :)

http://www.thegreatindianoctoberfest.com/beer.htm