Tuesday, August 08, 2006

മൂന്നാം ബാംഗ്ലൂര്‍ മീറ്റ്

ബാംഗ്ലൂര്‍ പ്ലസ്സ് പ്രോഗ്രാമിലേക്ക് സ്വാഗതം.

ഇന്റര്‍നെറ്റിലെ ഒരു കൂട്ടായ്മയുടെ കഥയാണ് ഇന്ന് മെട്രോപ്ലസ്സില്‍. ഇന്റര്‍നെറ്റില്‍ ബ്ലോഗെഴുതുന്നവരുടെ ഒരു ഒത്തുചേരല്‍ ഇന്നലെ ബാംഗ്ലൂര്‍ നടക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങളുമായി നമ്മുടെ റിപ്പോര്‍ട്ടര്‍ ബ്ലോഗുണ്ണി ലൈനിലുണ്ട്.

ബ്ലോഗുണ്ണി, കേള്‍ക്കാമോ

കേള്‍ക്കാം സ്പോട്ടുണ്ണീ, പറയൂ.

എന്താണ് അവിടെ നടന്നത്, ഒന്ന് വിശദമാക്കാമോ?

മലയാളത്തില്‍ ബ്ലോഗെഴുതുന്ന ബാംഗ്ലൂരില്‍ നിന്നുള്ളവരുടെ അത്യപൂര്‍വ്വമായ ഒരു സൌഹൃദ‌ ഒത്തുചേരലാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. ഇവര്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഒത്തുചേരുന്നത്.

ബ്ലോഗുണ്ണി തമാശ പറയുകയാണോ? കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രണ്ട് തവണ കണ്ടവര്‍ ഒന്നും കൂടി ഒത്ത് ചേരുന്നതാണോ അത്യപൂര്‍വ്വകൂടിക്കാഴ്ച?

തീര്‍ച്ചയായും സ്പോട്ടുണ്ണീ, മലയാളികള്‍ ഇങ്ങനെ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഒരോ തവണ കാണുമ്പോഴും‍ കൂടുതല്‍ അടുക്കുകയും, ഓരോ തവണ പിരിയുമ്പോഴും‍ വീണ്ടും അടുത്ത് തന്നെ കാണണമെന്ന് പറഞ്ഞ് പിരിയുകയും ചെയ്യുന്നത് നമ്മള്‍ മലയാളികളില്‍ അപൂര്‍വ്വം തന്നെയാണ്.

ശരി തന്നെ. മീറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പറയൂ ബ്ലോഗുണ്ണീ.

വൈകീട്ട് അഞ്ച് മണിക്കാണ് എല്ലാവരും ഒത്ത് കൂടാന്‍ തീരുമാനിച്ചിരുന്നത്. ആഗ്രാലേയ്ക്കിനരികിലുള്ള ലെമണ്‍ഗ്രാസ് എന്ന ഹോട്ടലില്‍. അവിടെ ആദ്യം എത്തിയത് ശ്രീജിത്ത് ആണ്. തുടര്‍ന്ന് കൂഞ്ഞന്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ തന്നെ ആറ് കൈകളുള്ള ഒരു വണ്ടി അവിടെ എത്തി. കുട്ടപ്പായി ഓടിച്ചിരുന്ന കാറില്‍ നിന്ന് കുട്ടപ്പായിയും മഴനൂലും കൊച്ചനുമെല്ലാം ഇലക്ഷന്‍ പ്രചരണത്തിനെന്നപോലെ കൈ പുറത്തിട്ട് വീശീക്കൊണ്ടിരുന്നത് കൊണ്ടാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്.

ഹ ഹ. ബ്ലോഗുണ്ണീ, അത് കൊള്ളാം, എന്നിട്ട്?

തുടര്‍ന്ന് നളനും, സിനുവും, ചന്ദ്രക്കാറനും ആര്‍ദ്രവും എത്തിച്ചേര്‍ന്നു. വര്‍ണ്ണമേഘങ്ങള്‍ ചില സ്വകാര്യതിരക്കുകള്‍മൂലം വൈകുമെന്ന് പറഞ്ഞിരുന്നു. അന്നത്തെ പ്രത്യേക ക്ഷണയിതാവായ കുമാറും ബാംഗ്ലൂരില്‍ താന്‍ വന്ന കാര്യത്തിന്റെ ഔദ്യോഗികമായ തിരക്കുകളില്‍ പെട്ടുപോയതിനാല്‍ വൈകുമെന്ന് വിളിച്ചറിയിച്ചു. ഉടനേ തന്നെ വിളിച്ച അജിത്തും ഇതേ പോലെ വൈകുമെന്ന് പറയുകയേ ഉള്ളൂ എന്നെല്ലാവരും കരുതിയെങ്കിലും, ഏവരേയും ഞെട്ടിച്ചുകൊണ്ട് താന്‍ ഓഫീസിലെ തിരക്കുകള്‍‍ മൂലം വരില്ലെന്നറിയിക്കുകയാണുണ്ടായത്. കിരണ്‍സ് പനിമൂലം ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് ആദ്യമേ അറിയിച്ചിരുന്നു. ഇങ്ങനെ പ്രതീഷിച്ചിരുന്ന പന്ത്രണ്ട് പേരും ആയതോടെ ചടങ്ങുകള്‍ക്ക് തിരി തെളിഞ്ഞു. അതിശയകരമായ കാര്യം, ഇതെല്ലാം വെറും അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ നടന്നു എന്നുള്ളതാണ്. മലയാളികളെങ്കിലും ഇത്രയ്ക്ക് കൃത്യനിഷ്ഠ അപൂര്‍വ്വം തന്നെ സ്പോട്ടുണ്ണീ.

ബ്ലോഗുണ്ണീ, അപ്പോള്‍ എത്രയായിട്ടുണ്ടാകും സമയം?

അപ്പോള്‍ ഒരു ഉദ്ദേശ്യം അഞ്ചര, ആറ് ആയിക്കാണണം.

ബ്ലോഗുണ്ണീ, എന്നിട്ടെന്ത് സംഭവിച്ചു എന്ന് പറയൂ.

തുടര്‍ന്ന് ഇവര്‍ ലെമണ്‍ ഗ്രാസ് ഹോട്ടലിനകത്ത് കയറി പന്ത്രണ്ട് സീറ്റുള്ള ടേബിളിനു ചുറ്റും ഉപവിഷ്ഠരായി. ആദ്യം അസ്സോസിയേഷന്‍ തീരുമാനിച്ചിരുന്നത് ഈ കൂട്ടായ്മ കുട്ടപ്പായിയുടെ പിറന്നാള്‍ ആഘോഷമായി കണക്കാക്കാനായിരുന്നു. എന്നാല്‍ ഇത്രയധികം ആളുകള്‍ വന്ന് ചേര്‍ന്നപ്പോള്‍ ഇത് ഒരാള്‍ മാത്രം ചിലവ് ചെയ്യുന്നതാക്കണ്ട, ഒരു ബാംഗ്ലുര്‍ ബ്ലോഗേര്‍സ് മീറ്റ് തന്നെയാക്കാം എന്ന് അസ്സോസിയേഷന്‍ മാറ്റി തീരുമാനിച്ചു. പരിപാടികളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ അസ്സോസിയേഷനു അധികാരമുണ്ടെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നതുമാണല്ലോ.

നോട്ടീസില്‍ ഒരു നാടകത്തിനെ കാര്യവും പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ച് പറയൂ ബ്ലോഗുണ്ണീ.

നാടകം അവിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ചില കാര്യങ്ങളുടെ സൂചന മാത്രമായിരുന്നു. അസ്സോസിയേഷന്‍ നടത്താനുദ്ദേശിച്ചിരുന്ന പരിപാടികള്‍, ഹോട്ടലിന്റെ വിദേശമദ്യത്തിന്റെ മെനു കണ്ട് കണ്ണ് മഞ്ഞളിച്ച ചില പേരുകേട്ട മദ്യഅസ്സോസിയേഷന്‍ മെമ്പേര്‍സ് പാടെ വിസ്‌മൃതിയിലാഴ്തി എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

ബ്ലോഗുണ്ണീ, ഒന്ന് ചോദിച്ചോട്ടെ, ഈ വന്ന പ്രവര്‍ത്തകരൊക്കെ തമ്മില്‍ അറിയുന്നവരായിരുന്നോ?

ആദ്യ രണ്ട് മീറ്റിങ്ങുകള്‍ക്കുണ്ടായിരുന്ന അഞ്ച് പ്രവര്‍ത്തകര്‍ ഒഴിച്ച് ബാക്കി എല്ലാവരും പുതുമുഖങ്ങളായിരുന്നു. അല്ലെങ്കിലും ഒരു മദ്യക്കുപ്പിക്ക് ചുറ്റും ഇരിക്കുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ എത്ര നേരം വേണം. കുപ്പികള്‍ കൂട്ടിമുട്ടുമ്പോള്‍ സൌഹൃദം ജനിക്കുന്നു എന്നാണല്ലോ പഴമൊഴി. സ്പോട്ടുണ്ണിയെ ഞാന്‍ പരിചയപ്പെടുന്നതും...

ബ്ലോഗുണ്ണീ, കണ്ട്രോള്‍. വിഷയത്തില്‍ നിന്ന് നമ്മള്‍ മാറിപ്പോകുന്നു. ആളുകള്‍ ലൈവായി കാണുന്ന ഒരു പ്രോഗ്രാം ആണെന്ന് മറക്കണ്ട.

സ്പോട്ടുണ്ണീ, സോറി. അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇവര്‍ പരിചയപ്പെട്ടതിനെക്കുറിച്ചാണ്. ആദ്യം കണ്ടതിനും ഹോട്ടലിനു അകത്ത് കയറി ഓരോരോ പെഗ് ഓര്‍ഡര്‍ ചെയ്തതിനും ഇടയ്ക്ക് ഇവര്‍ തമ്മില്‍ വളരെ അടുത്തുകഴിഞ്ഞിരുന്നു. അതാണ് ബ്ലോഗുകളുടെ പ്രത്യേകത ബ്ലോഗുണ്ണീ, മനസ്സ് തുറന്നെഴുതുന്ന ബ്ലോഗുകള്‍ വായിച്ചാല്‍ തന്നെ എഴുത്തുകാരനുമായി മാനസികമായി വളരെ അടുക്കും നമ്മള്‍. ആദ്യം കാണുമ്പോള്‍ തന്നെ വളരെ നാളത്തെ പരിചയമുള്ളവരായി തോന്നും അവര്‍ക്ക് തമ്മില്‍ തമ്മില്‍.

ബ്ലോഗുണ്ണീ, ഞാന്‍ മനസ്സിലാക്കുന്നു. ഇത് പറയൂ, വൈകിയെന്നറിയിച്ചവര്‍ എപ്പോഴാണ് ഇവരുടെ കൂടെ ചേര്‍ന്നത്?

ഇവര്‍ ഒന്ന് രണ്ട് പെഗുകള്‍ തീര്‍ക്കുന്നതിനു മുന്നേ തന്നെ വര്‍ണ്ണമേഘങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഭക്ഷണപാത്രത്തില്‍ നിന്ന് കണ്ണെടുത്ത്, ഉയര്‍ത്തിപ്പിടിച്ച ഗ്ലാസ്സ് മുഖത്തിനു മുന്നില്‍ നിന്ന് മാറ്റി നോക്കാന്‍ സാവകാശം കിട്ടിയവര്‍ മാത്രമേ അത് ശ്രദ്ധിച്ചുള്ളൂ എന്ന് മാത്രം. സന്ധ്യ ആയതോടുകൂടി ഹോട്ടല്‍ ജീവനക്കാര്‍ കൊതുകിനെത്തുരത്താന്‍ അവിടെ കുന്തിരിക്കം കത്തിച്ചു വച്ചു. പരിസരമാകെപ്പരന്ന പുകമറയ്ക്കുള്ളില്‍ നിന്നും ഒരു നിഴല്‍ പോലെ ഒരാള്‍ നടന്ന് വന്ന് അശരീരി പോലെ പറഞ്ഞു, "ഞാന്‍ ഗന്ധര്‍വന്‍". അത് മറ്റാരുമായിരുന്നില്ല, അസ്സോസിയേഷന്റെ പ്രത്യേകക്ഷണയിതാവ് കുമാര്‍ തന്നെ ആയിരുന്നു.

അത് കൊള്ളാം. നല്ല വരവ് തന്നെ. എന്നിട്ടുള്ള വിശേഷങ്ങള്‍ പറയൂ.

കുമാര്‍ വന്നതോടുകൂടി അതുവരെ ഉറങ്ങിക്കിടന്ന പ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക ഓജസ്സും ഉന്മേഷവും വന്ന് ചേര്‍ന്നു. അതു വരെ ഇല്ലാതിരുന്ന ഒരു ആവേശത്തോടും മാത്സര്യഭാവത്തോടും കൂടി അവര്‍ കൂടുതല്‍ പെഗ്ഗുകള്‍ക്കും സ്റ്റാര്‍ട്ടറുകള്‍ക്കും ഓര്‍ഡര്‍ ചെയ്യുന്നത് കാണാമായിരുന്നു.

അപ്പോള്‍ അങ്ങിനെ ശരിയായ അങ്കത്തിന് കളമൊരുങ്ങി അല്ലേ.

അതെ സ്പോട്ടുണ്ണീ, പിന്നീട് അവിടെ നടന്നതിന് അങ്കംമെന്ന് മാത്രം പറഞ്ഞാല്‍പ്പോര, മാമാങ്കം എന്ന് തന്നെ പറയണം. പരസ്പരപാരകളും, പാട്ടുകളും, ഫോട്ടോയെടുപ്പുകളും, തമാശയ്ക്കുള്ള അടികളും, വാശിക്കുള്ള കുടികളും, നിര്‍ത്താതെയുള്ള തീറ്റയും ഒക്കെയായി അവര്‍ ആഘോഷിക്കുക തന്നെയായിരുന്നു.

ബ്ലോഗുണ്ണീ, അരാണ് അവിടെ പാടുകയും മറ്റ് കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഒക്കെ ചെയ്തവര്‍?

കൊച്ചന്‍ ആണ് ആദ്യം പാട്ടിന് തുടക്കമിട്ടത്. കൊച്ചന്‍ തനിക്കറിയാവുന്ന രീതിയില്‍ നന്നായി പാടിയപ്പോള്‍, മറ്റുള്ളവര്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ വാഹ് വാഹ് വിളിച്ചും, കൂടെപ്പാടിയും ആസ്വദിച്ചു. തുടന്ന് മഴനുല്‍ രണ്ട് ഗസലുകള്‍ പാടി. മഴനൂല്‍ കഴിഞ്ഞ മീറ്റിനും പാട്ട് പാടി എല്ലാവരേയും പുളകിതനാക്കിയ ഒരു വ്യക്തിയാണെന്നറിയാമല്ലോ. പിന്നീട് പാടിയത് കുമാരേട്ടനായിരുന്നു. അതോടെ എല്ലാവരും ആ കലാപരിപാടിയില്‍ ഉള്ള താത്പര്യം നിര്‍ത്തുകയാണുണ്ടായത്.

മറ്റെന്തൊക്കെയായിരുന്നു അവര്‍ ചെയ്തത്?

ശ്രീജിത്തിന്റെ ശ്രദ്ധ മുഴുവന്‍ നേരവും കുമാറിന്റെ ക്യാമറയില്‍ തന്നെയായിരുന്നു. ഒരു സ്ക്രൂഡ്രൈവര്‍ ഉണ്ടായിരുന്നെങ്കില്‍ ശ്രീജിത്ത്, കുമാറിന്റെ ക്യാമറ മുല്ലപ്പൂവിന്റെ ടെമ്പ്ലേറ്റ് പോലെ ആക്കിയേനെ എന്ന് ഒരു അനോണി പറയുകയുണ്ടായി. ചന്ദ്രക്കാറന്‍ ബ്ലോഗുകളെക്കുറിച്ചും നവീന ബ്ലോഗിങ്ങ് പ്രവണതകളെക്കുറിച്ചും ഒരു പ്രബന്ധം അവതരിപ്പിച്ചു. അത് ശ്രദ്ധിച്ചവര്‍ ആരുമില്ലാത്തതിനാല്‍ എനിക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മഴനൂല്‍ മദ്യനുലായി മാറിക്കൊണ്ടിരുന്ന നിമിഷങ്ങളില്‍ ഒരു മലയാളി മദ്യപിച്ചാല്‍ എങ്ങിനെ ഇരിക്കും എന്ന മിമിക്രി അവതരിപ്പിച്ചു. അത് മിമിക്രി ആയിരുന്നില്ല, ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു മഴനൂല്‍ എന്നും സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകളുണ്ട്. അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രീജിത്ത് കൊണ്ട് വന്ന അടിയന്തിരപ്രമേയം, അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്ന ആര്‍ദ്രം പോലും കേട്ടിട്ടില്ലെന്നതാണ് ഇപ്പോള്‍ പറയുന്നത്. തുടര്‍ന്നു ബ്ലോഗുകളുടെ വിശ്വാസ്യതയെക്കുറിച്ചു സംസാരിച്ച കുമാര്‍, മദ്യത്തില്‍ മുങ്ങിയ തന്റെ സാന്നിധ്യം എല്ലായിടത്തും എത്താന്‍ ഒരു പറവയെപ്പോലെ ബ്ലോഗ്ഗേര്‍സിനിടയില്‍ പാറി നടന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനം വേണമല്ലോ. ഈ കൂടിച്ചേരല്‍ എപ്പോള്‍ അവസാനിച്ചു എന്നും കൂടെ ഒന്ന് പറയൂ.

നളന്‍ വളരെ നേരത്തേ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി വിട വാങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഒരു പത്ത് മണിയോടുകൂട് അവരവരുടെ ഗൃഹം ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍, ചന്ദ്രക്കാരന്റെ സ്നേഹം നിറഞ്ഞ ക്ഷണം നിരസിക്കാനാവാതെ കുമാറും, മഴനുലും, ശ്രീജിത്തും അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. അവരുടെ മീറ്റിങ്ങ് വീണ്ടും തുടര്‍ന്നുവെങ്കിലും അതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.

നന്ദി ബ്ലോഗുണ്ണി, ഇത്രയും വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിന് നന്ദി. ഇപ്പോള്‍ നമ്മളുടെ കൂടെ വര്‍ണ്ണമേഘങ്ങള്‍ സ്റ്റുഡിയോയില്‍ ഉണ്ട്. നമുക്ക് അദ്ദേഹത്തോട് ഈ കൂടിച്ചേരലിനെക്കുറിച്ച് സംസാരിക്കാം.

സ്വാഗതം വര്‍ണ്ണം.

നന്ദി.

താങ്കള്‍ വൈകിയാണല്ലോ അവിടെ എത്തിച്ചേര്‍ന്നത്. എന്താണ് വൈകാന്‍ കാരണം.

എന്റെ ഭാര്യയ്ക്ക് ചുമയുടെ അസുഖം വന്നത് കാരണം അവളേയും കൂട്ടി ഡോക്റ്ററുടെ അടുത്ത് പോയിരുന്നു. അതാണ് വൈകിയത്.

താങ്കള്‍ വളരെ സ്നേഹമുള്ള ഒരു ഭര്‍ത്താവാണല്ലേ.

അതുകൊണ്ടൊന്നുമല്ല. മരുന്ന് വാങ്ങിക്കൊടുത്തില്ലെങ്കില്‍ അവള്‍ ചുമച്ച് ചുമച്ച് എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ല. അത് കൊണ്ടാണ്.

അത് ശരി. താങ്കളെ അവര്‍ അസ്സോസിയേഷന്റെ അനൌദ്യോഗിക പ്രസിഡന്റ് എന്നാണ് വിളിക്കുന്നത് എന്ന് കേട്ടല്ലോ. അത് ശരിയാണോ?

അതവര്‍ സ്നേഹം കൊണ്ട് വിളിക്കുന്നതാണ്. ഈ അസ്സോസിയേഷനില്‍ എല്ലാവരും പ്രസിഡന്റാണ് എന്നതാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നയം.

സംഘടനയുടെ നയങ്ങളെക്കുറിച്ച് വ്യക്താമാക്കാമോ?

ബാംഗ്ലുരില്‍ ഉള്ള മലയാളി ബ്ലോഗേര്‍സിനെ ഒന്നിച്ച് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സംഘടന ചെയ്യുന്ന കാര്യങ്ങള്‍ പുതിയ ബ്ലോഗേര്‍സിന്റെ ബ്ലൂലോകവുമായി പരിചയപ്പെടുത്തിക്കൊടുക്കുക, ഇടയ്ക്കിടെ ഇങ്ങനെ ഓരോ മീറ്റിങ്ങ് കൂടുക, അംഗങ്ങളുടെ പിറന്നാളുകള്‍ സമുചിതം ആഘോഷിക്കുക എന്നിവ മാത്രമാണ്. ബാലാരിഷ്ടതകള്‍ മാറുന്നതോടുകൂടി കൂടുതല്‍ വ്യക്തമായ അജന്‍ഡകള്‍ ഉരുത്തിരിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇക്കഴിഞ്ഞ കൂടിക്കാഴ്ചയെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?

ഇതു വരെ നടന്ന മീറ്റിങ്ങുകളില്‍ വച്ച് ഏറ്റവും പങ്കാളിത്തവും അവേശവും അവകാശപ്പെടാവുന്നത് ഈ മീറ്റിങ്ങിനാണ്. ഓരോ മീറ്റിങ്ങുകള്‍ കഴിയുമ്പോഴും പരസ്പര സ്നേഹവും, അടുപ്പവും ഒക്കെ കൂടിക്കൂടി വരുന്നുണ്ടെന്നത് വളരെ നല്ല കാര്യമാണ്. പോരാണ്ട് മഴനൂല്‍ പോലെയുള്ളവരുടെ കപ്പാസിറ്റിയും വര്‍ദ്ധിപ്പിക്കാന്‍ ഈ മീറ്റിങ്ങുകള്‍ സഹായിക്കുന്നുണ്ടെന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അസ്സോസിയേഷന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?

വളര്‍ന്ന് വരുന്ന മലയാളീ ബ്ലോഗേര്‍സിനെ പ്രോത്സാഹിപ്പിക്കുക. കഴിയുമെങ്കില്‍ പുതിയ ബ്ലോഗേര്‍സിനെ വാര്‍ത്തെടുക്കാന്‍ ഒരു അക്കാദമി സ്ഥാപിക്കുക. സ്ഥിരമായി കൂടാന്‍ ഒരു ബാര്‍ അറ്റാച്ച്ഡ് ഓഡിറ്റോറിയം പണിയുക എന്നിങ്ങനെ പലതും ഉണ്ട്. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല.

നന്ദി വര്‍ണ്ണമേഘം സ്റ്റുഡിയോയില്‍ വന്നതിന്.

നന്ദി.

ബാംഗ്ലൂര്‍ പ്ലസ്സ് എന്ന പ്രോഗ്രാം സമയക്കുറവ് മൂലം ഇവിടെ അവസാനിക്കുകയാണ്. പ്രോഗ്രാം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് കരുതട്ടെ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക. ഞങ്ങളുടെ വിലാസം.

ബാംഗ്ലൂര്‍ പ്ലസ്സ്,
ബൂലോകം,
ബാംഗ്ലൂര്‍.

20 comments:

മുല്ലപ്പൂ said...

നല്ല ഒഴുക്കുള്ള വിവരണം
അതില്‍ ഒലിച്ചു പോയ എല്ലാര്‍ക്കും കൂടി ആണൊ പുതിയ ഒരു ബ്ലൊഗ് തന്നെ ?

:)

അരവിന്ദ് :: aravind said...

സൂപ്പറായി എന്നു പറഞ്ഞാല്‍ വളരെക്കുറഞ്ഞ് പോകും :-))
ഇത്രയും സരസമായി എഴുതിയ ഒരു റിപ്പോര്‍ട്ട് അടുത്തകാലത്ത് വായിച്ചിട്ടില്ല...
കലക്കീണ്ടാ മക്കളേ :-))
(വെറുതേ ഒരാവേശത്തിന് വിളിച്ചതാ...പ്രശ്നാക്കല്ല് :-))

Unknown said...

ശ്രീജ്യേ,
ചിരിച്ച് ചിരിച്ച് മൂലക്കല്ലെളകി മ്വോനേ...
അടിപൊളി എന്നുള്ള ക്ലീഷേ ക്ലീന്‍ഷേവല്ലാതെ വേറെ ഒന്നും വായില്‍ വരുന്നില്ലല്ലോ ബ്ലോഗനാര്‍ കാവിലമ്മേ....

(ഓടോ:ഈ ടെമ്പ്ലേറ്റ് ആമ്പ്ലേറ്റിന്റെ മോളില്‍ (മകള്‍ അല്ല) ഒരു കണ്ണുണ്ടായ്ക്കോട്ടെ ട്ടാ.. ചുള്ളന്‍ ഇടയ്ക്ക് പ്രശ്നണ്ടാക്ക്ണ്ട്)

Rasheed Chalil said...

മോനേ സ്പോട്ടുണ്ണീ (ശ്രീചിത്ത്) സൂപ്പര്‍ റിപ്പോര്‍ട്ട്.. റിപ്പോര്‍ട്ടര്‍ ആയാല്‍ ഇങ്ങിനെ വേണം..

RR said...

ശ്രീജിത്തേ, നന്നായിട്ടുണ്ട്‌. നല്ല വിവരണം. ചിരിച്ചൊരു വഴിക്കായി..
(ആത്മഗതം : എന്തെങ്കിലും ഒക്കെ എഴുതാന്‍ ഉള്ള കഴിവുണ്ടായിരുന്നുവെങ്കില്‍ അടുത്ത മീറ്റില്‍ പങ്കെടുക്കാമായിരുന്നു :( )

qw_er_ty

കുറുമാന്‍ said...

ശ്രീജിത്തേ, നീയാളൊരു സംഭവമാണല്ലോ. സൌന്ദര്യത്തിനു സൌന്ദര്യം, നര്‍മ്മ ഭാവനക്ക് നര്‍മ്മ ഭാവന, വിദ്യാഭ്യാസത്തിന്നു വിദ്യയും അഭ്യാസവും, ജോലിക്ക്, നല്ലോരു ജോലി അതും പണിചെയ്യേണ്ടാത്ത ജോലി....ഭാഗ്യവാന്‍..

Visala Manaskan said...

കിടിലം‍. അതികിടിലം.
മുല്ലപ്പുവിന്റെ ടെമ്പ്ലേറ്റ് പോലെയായി ത്രേ!

രാജേഷ് പയനിങ്ങൽ said...

ശ്രീജിത്തെ....ഞെട്ടി കെട്ടോ....അന്ന് 5-6 മണിക്കൂര്‍ പോയതറിഞ്ഞില്ല...

myexperimentsandme said...

നല്ല ഒഴുക്കുള്ള ഒന്നാന്തരം വിവരണം.. ഒറ്റയിരുപ്പിന് വായിച്ചു.

ശ്രീജിത്തേ, ആ കണ്ണൊന്ന് ടെസ്റ്റ് ചെയ്തേക്കണേ. കുറുമാന്‍ കണ്ണുവെച്ചു :)

ബിന്ദു said...

കൊള്ളാം. അപ്പോള്‍ തന്നെ ക്യമറയില്‍ നോട്ടമിട്ടതു കുമാര്‍ കണ്ടുപിടിച്ചു അതാണ്‌ അവിടെ.... :)നല്ല രസമുള്ള വിവരണം.

Unknown said...

എടാ കള്ളത്തിരുമാലീ, നീ കുമാറേട്ടന്റെ ക്യാമറയുടെ അടപ്പു പോലും ഊരാതെ പടമെടുത്ത കാര്യം വിട്ടു കളഞ്ഞു അല്ലേ?

മുസാഫിര്‍ said...

നന്നായി,അധികം മസിലു പിടിക്കാത്ത വിവരണം.

ശനിയന്‍ \OvO/ Shaniyan said...

ആഗ്രാ ലേയ്ക്ക് എന്നത് അഗര ലേയ്ക്ക് എന്ന് തിരുത്തി വായിക്കാനുള്ള അപേക്ഷ കൂടെ ഇട്ടോ.. ഇല്ലെങ്കില്‍ കണ്ണ് ഫ്യൂഷനായി പോവും.

:-)

കല്യാണി said...

കഴിഞ്ഞ മീറ്റിന്‍, വെള്ളമടി മീറ്റാ, കല്യാണി വരണ്ടാ എന്ന് പറഞ്ഞത് ഞാന്‍ ക്ഷമിച്ചു. ഇത്തവണയും...അതും ഞാന്‍ സ്ഥലത്തില്ലാത്ത സമയം നോക്കി :-(

റിപ്പോര്‍ട്ട് നന്നായീന്ന് ഇനി പറയേണ്ടല്ലോ?

സു | Su said...

ബ്ലോഗേഴ്സ് മീറ്റുകള്‍ പെണ്‍‌സാന്നിദ്ധ്യമില്ലാതെ ആകുന്നതില്‍ പ്രതിഷേധിക്കുന്നു. അടുത്ത മീറ്റില്‍ കല്യാണിയേയും, പറ്റുമെങ്കില്‍ എന്നേയും വിളിക്കേണ്ടതാണ്.

കല്യാണി said...

സു വരുമെങ്കില്‍ ഞാന്‍ റെഡി. ശ്രീജിത്തെ, എപ്പോഴാ അടുത്ത മീറ്റ്?

Sreejith K. said...

അടുത്ത മീറ്റ് മിക്കവാറും നമ്മുടെ ആഗസ്റ്റ് അവസാനവാരം വിവാഹിതനാകുന്ന സിനോജിന്റെ ബാച്ചിലേര്‍സ് പാര്‍ട്ടി ആയിരിക്കും. അതിനും നിങ്ങളെ വിളിക്കണമെങ്കില്‍ അസ്സോസിയേഷനിലെ അബ്‌കാരികള്‍ വിചാരിക്കണം. ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധി ആണ് യുവര്‍ ഓണര്‍.

കല്യാണി said...

:-( ബാക്കി ചേട്ടന്മാര്‍ക്കൊന്നും പറയാനില്ലേ?

bodhappayi said...

പണ്ടൊരു എഴുത്തുകാരന്‍ പറഞപോലെ, ഓരോ കശ്മലന്മാര്‍ ഓരോന്നു ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഞാന്‍ എന്‍റെ മാസചിലവില്‍ നിന്നും ഒരോ സാധങള്‍ കുറക്കുകയായിരുന്നു. അവസാനം എല്ലാരും അപ്നാ അപ്നാ എന്നു പറഞപ്പോളാണു ശ്വാസം നേരേ വീണതു... :)

Anonymous said...

The seat of our culture is our mind/intellect. There are some people in this world who wish to carry throughout their life,un-adulterated pure mind whose edges are not damaged by external object. They don't mind losing anything else. They might be a minority. They don't drink.