Monday, August 13, 2007

കുറുമാനാണു താരം (ബാംഗ്ലൂരിലും)-1

കര്‍ക്കിടകമാസം ഇരുപത്താറാം തിയതി (മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ആഗസ്റ്റ്‌ പതിനൊന്ന്‌).പതിവു പോലെ തന്നെ ഒരു കൂട്ടം പട്ടികളുടെ കുരയോടു കൂടി അന്നും ബാംഗ്ലൂര്‍ നഗരത്തില്‍ പ്രഭാതം പൊട്ടിവിടര്‍ന്നു.ചരിത്രത്തിന്റെ താളുകളില്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ പോവുന്ന സുവര്‍ണ്ണമുഹൂര്‍ത്തത്തിന്‌ ഇന്നു വേദിയൊരുങ്ങുകയാണ്‌.

എല്ലാ കണ്ണുകളും കൃഷ്ണാ ഫാമിലേക്ക്‌.പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ നഗരത്തില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരാപ്പീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.എന്തിനേറെ പറയുന്നു, ആ ശുഭമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു നിന്നു ഒരു മിനിട്ടു നേരം മൗനമാചരിക്കാന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ പോലും തൊഴിലാളികള്‍ക്ക്‌ ഗ്രൂപ്പ്‌ മെയില്‍ അയച്ചു. തിരക്കു മുന്‍കൂട്ടി കണ്ട്‌ നഗരത്തിന്റെ മുക്കിലും മൂലയിലും നിന്നു ടി-ഫാമിലേക്കു BMTC സ്പെഷ്യല്‍ ബസ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടുത്തി. ആരാധകരെയും മാധ്യമപ്രതിനിധികളെയും നിയന്ത്രിക്കന്‍ കന്നട പട്ടാളം ഒരു ദിവസം മുന്‍പേ തന്നെ അവിടെ തമ്പടിച്ചു.പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കന്നട പരിജ്നാനം കണക്കിലെടുത്ത്‌ ഒരു കൂട്ടം മലയാളം-കന്നട തര്‍ജ്ജമക്കാരെയും കൂടി കൂലിക്കെടുത്തത്തോടെ ബാംഗ്ലൂര്‍ ബ്ലോഗ്ഗെര്‍സ്‌ മീറ്റിന്റെ തയ്യറെടുപ്പുകള്‍ പൂര്‍ത്തിയായി.

സ്വപ്നലോകത്തില്‍ നിന്നും ഇനി യാഥാര്‍ത്ഥ്യത്തിലെക്ക്‌.....

സമയം ഉച്ചയ്ക്ക്‌ ഒരു മണി.സൂര്യന്‍ പോലും അക്ഷമനായി ഇടയ്ക്കിടക്ക്‌ താഴേക്കെത്തി നോക്കുന്നു.ഇനിയും രണ്ടു മണിക്കൂര്‍ കൂടിയുണ്ട്‌ മീറ്റ്‌ തുടങ്ങാന്‍. ഉള്ളതില്‍ വച്ച്‌ നല്ല കുപ്പായമൊക്കെ എടുത്തിട്ട്‌ ഒരു മണിക്കൂറായി ഞാന്‍ ഒരുങ്ങിയിരിക്കാന്‍ തുടങ്ങിയിട്ട്‌.ബോറാടി മാറ്റാന്‍ വേണ്ടി ഇതിനകം തന്നെ പതിനൊന്നു പ്രാവശ്യം പൗഡറിട്ടു കഴിഞ്ഞു.അങ്ങനെ ഒരു വിധത്തില്‍ രണ്ടു മണിയായി കിട്ടി.

"അപ്പോ ശരി . ഞാന്‍ പോട്ടേ. പിന്നേ ചിലപ്പോ ഞാന്‍ ലേറ്റായിട്ടേ എത്തൂ.അതുകൊണ്ട്‌ വിശേഷങ്ങളൊക്കെ ഇന്നു പറയാന്‍ പറ്റീന്നു വരില്ല. സാരമില്ല നാളത്തെ പത്രത്തില്‍ എല്ലാ വിവരങ്ങളുമുണ്ടാകും. അപ്പോള്‍ വായിച്ചാല്‍ മതി"

ഒരു ബ്ലോഗ്ഗറിനു വേണ്ട അത്യാവശ്യം അഹങ്കാരമൊക്കെ പ്രകടിപ്പിച്ച്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.നേരെ പോയത്‌ മാര്‍ക്കറ്റിലേക്കാണ്‌. കാര്യം മൂന്നു മണീന്നൊക്കെ പറഞ്ഞാലും ഇത്തിരി വൈകി ചെല്ലുന്നതാ അതിന്റെയൊരിത്‌.എങ്ങനെയെങ്കിലും ഒരു അരമണിക്കൂറെങ്കിലും വൈകിചെല്ലണം.മീറ്റു നടക്കുന്നതിനിടയിലേക്കു ' സോറി കാറ്‌ വഴിക്കു വച്ച്‌ ബ്രേക്ക്‌ ഡൗണായതു കൊണ്ട്‌ അല്‍പ്പം വൈകിപ്പോയി' എന്നു പറയുന്നത്‌ മനസ്സില്‍ ഒരു പത്തു പ്രാവശ്യം റിഹേര്‍സല്‍ എടുത്തു.അപ്പോഴതാ ഫോണ്‌ കരയുന്നു.

"ഹലോ ത്രേസ്യേച്ചിയാണോ"

"ആര്‌..സോറി റോംഗ്‌ .... അയ്യോ അല്ല അതേ ഞാന്‍ അതുതന്നെയാ"

"ഞാന്‍ ജാസൂട്ടിയാ. ചേച്ചി എവിടെയാ. ഞങ്ങള്‍ കാത്തിരിക്കുകയാ.എന്നോടു തഥാഗതന്‍ പറഞ്ഞു ചേച്ചിയെ വിളിക്കാന്‍"

ഓഹോ അപ്പോള്‍ സമയം സമാഗതമായി.

"ഓക്കെ ഓക്കെ .എന്നെ കാത്തിരിക്കണ്ട.പരിപാടി തുടങ്ങിക്കോളൂ ഞാനെത്തിക്കോളാം"

പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു.ഓടി ഓട്ടോയില്‍ കയറുന്നു.വഴി പറയുന്നു.ഫാമിലെത്തുന്നു.

'ചേട്ടാ ഇത്തിരി മാറ്റിനിര്‍ത്തിയേക്കണേ' എന്നു പറയാന്‍ പറ്റുന്നതിനു മുന്‍പെ തന്നെ സ്നേഹം മൂത്ത്‌ ആ ഡ്രൈവര്‍ ഫാമിന്റെ ഗേറ്റില്‍ തന്നെ കൊണ്ടു ചെന്നു നിര്‍ത്തി. ഇതാരെങ്കിലും കണ്ടാല്‍ എന്റെ 'കാര്‍ സ്റ്റോറി' പൊളിയുമല്ലോ എന്നു പേടിച്ച്‌ ഒന്നു ചുറ്റും നോക്കിയപ്പോഴതാ അവിടെ മൂന്നാലു പേര്‍ ക്ലോസപ്പിന്റെ പരസ്യം പോലെ വെളുക്കെ ചിരിച്ചു കൊണ്ട്‌ നില്‍ക്കുന്നു.

"ത്രേസ്യ അല്ലേ??"

കൂട്ടത്തില്‍ ഗുരുവായൂര്‍ കേശവന്റെ തലയേടുപ്പുള്ള മാന്യദേഹം നല്ല ബാസുള്ള ശബ്ദത്തില്‍ ചോദിച്ചു.

"അതേ" (വിനയം)

“ഞാന്‍ തഥാഗതന്‍" എന്റമ്മോ അപ്പോള്‍ ഇദ്ദേഹമാണദ്ദേഹം

" ഞാന്‍ ഫോട്ടൊ കണ്ടിട്ടുണ്ട്‌" (വീണ്ടും വിനയം)

"ഇവരു ചെന്നൈ ബ്ലോഗ്ഗേര്‍സാ"

മറുപടിയായി തലയൊന്നു കുലുക്കി ഒരു പുഞ്ചിരി പാസ്സാക്കി.

'എന്നെ സ്വീകരിക്കാന്‍ വേണ്ടി ഇവിടെ വന്നു നില്‍ക്കേണ്ടിയിരുന്നില്ല. ഞാനങ്ങു വന്നേനേല്ലോ' എന്നും പറഞ്ഞു വിനയാപ്രസാദാകുന്നതിനു മുന്‍പു തന്നെ ഗുഹയില്‍ നിന്നു വരുന്ന പോലെ എക്കോയോടു കൂടിയ ശബ്ദം പിന്നേം

"അതാ അങ്ങോട്ടു ചെന്നോളൂ.ഒരാളു കുറെ നേരമായി കാത്തിരിക്കുന്നു."

‘ഒരാളോ!!! അപ്പോ ബാക്കിയള്ളവരോ!!!'

ഉറക്കെ ചോദിക്കാന്‍ ധൈര്യം വന്നില്ല.ചൂണ്ടിക്കണിച്ചു തന്ന വഴിയേ ഒരു കാടിനുള്ളിലേക്കു ഓടി.നല്ല പ്രകൃതിമരണീയമായ സ്ഥലം.ചേറിനുള്ളിലെ ചെന്താമര പോലെ. ആ മനുഷ്യവാസമില്ലാത്ത ഏരിയയില്‍ ഇത്രയും സുന്ദരമായ സ്ഥലം. കണ്ണൂരിലെ ഒരു പറമ്പ്‌ അങ്ങനെ കോപ്പി+പേസ്റ്റ്‌ ചെയ്ത്‌ വെച്ചപോലുണ്ട്‌.അവിടെയതാ ഒരു സ്റ്റേജ്‌.അതിന്റെ മുകളിലതാ ഒരു കസേര. അതിന്റെം മുകളിലതാ ഒരു രൂപം .സൂക്ഷിച്ചു നോക്കി. തല മുതല്‍ കാലു വരെ മൂടിപ്പുതച്ച്‌ ഒരു പെണ്‍കുട്ടി ഘോരഘോരം ഫോണില്‍ സംസാരിക്കുന്നു.മട്ടും ഭാവവും കണ്ടാല്‍ തോന്നും നാസേടെ അടുത്ത പ്രോഗ്രാം പ്ലാന്‍ ചെയ്യുകയാണെന്ന്‌.ഒന്നൂടെ അടുത്തു ചെന്നപ്പഴാ മനസ്സിലായത്‌ പീജീലെ കൊതുകുകടിയും ഭക്ഷണത്തിലെ കല്ലുമൊക്കെയാണ്‌ സംഭാഷണവിഷയം.ഹച്ചിന്റെ പരസ്യം പോലെ ഒരു പട്ടിയും അടുത്തു തന്നെ ഇരിപ്പുണ്ട്‌.എന്നെ കണ്ടതും പട്ടി ബഹുമാനത്തോടെ(?) എഴുന്നേറ്റു പോയി. കുട്ടി ഞെട്ടിയെഴുന്നേറ്റു.എന്നെ കണ്ടിട്ടല്ല. അപ്പോഴാണ്‌ ഇത്രേം നേരം പട്ടീടെ തോളത്തു കയ്യിട്ടോണ്ടാ ഇരുന്നതെന്ന്‌ പാവം അറിഞ്ഞത്‌.അങ്ങനെ ഞാന്‍ അടുത്ത ബ്ലോഗ്ഗറെ പരിചയപ്പെട്ടു.

പട്ടിയുടെ കൂടെയിരുന്ന ആ കുട്ടിയായിരുന്നു കൂട്ടരേ ജാസൂട്ടി!!!(ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌)

അടുത്ത സീനില്‍ സ്റ്റേജും രണ്ടുകസേരയും ..അതിനു മുകളില്‍ ബാക്കിയുള്ള ബ്ലോഗ്ഗേര്‍സിനെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന രണ്ടു ബ്ലോഗിണികളും....

തുടരും.....(മൂഡുണ്ടെങ്കില്‍ മാത്രം)

19 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി..

“കണ്ണൂരിലെ ഒരു പറമ്പ്‌ അങ്ങനെ കോപ്പി+പേസ്റ്റ്‌ ചെയ്ത്‌ വെച്ചപോലുണ്ട്‌“

ഒരു സ്പെഷല്‍ കയ്യടി... എന്നാലും അത്രേം പാമ്പു കണ്ണൂരിലെ ഒരൂ പറമ്പിലുമില്ലായിരുന്നു.

ഓടോ:ആരേലും അത്യാവശ്യമായി ഒരു നാലു “മൂഡ്” കപ്പ എത്തിക്കണം മൂഡില്ലേല്‍ ഇതിന്റെ ബാക്കി എഴുതൂലാന്ന്!!!!

Unknown said...

ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റും കുറുമാന്റെ പുസ്തക പ്രകാശനവും- എനിക്കു തോന്നിയ പോലെ പോസ്റ്റുന്നു.ഇതിനു കിട്ടുന്ന പ്രതികരണങ്ങളനുസരിച്ച്‌ ഡിസ്‌ക്ലൈമര്‍ ഇടുന്നതായിരികും.

Promod P P said...

ഉം ത്രേസ്യാമ്മേ.. എനിക്കിട്ടു തന്നെ താങ്ങി അല്ലെ..നടക്കട്ടെ നടക്കട്ടെ..
അടുത്ത മീറ്റ് ഉടനെ ഒന്നും ഇല്ലാത്തത് ഭാഗ്യം (ഉണ്ടെങ്കില്‍ ഒരു പാട്ടു പാടിച്ചേ വിടു അല്ലതെ വേറെ ഒന്നും ഇല്ല)

Kalesh Kumar said...

കൊള്ളാം!
ബാക്കി എഴുത്....

ശ്രീ said...

ഹ ഹ... കലക്കി...
എന്നാല്‍ അടുത്തതു പോരട്ടെ!

ചാത്താ... കപ്പയുടെ കാര്യം നമുക്കങ്ങ് ഏറ്റാലോ?
ഇനീപ്പോ അതു കാരണം എഴുതാണ്ടിരിക്കണ്ട.
അപ്പോ ആ പട്ടികളെയും പാമ്പുകളെയും (സോറി, ആരെയുമല്ല, ശരിക്കും ഒറിജിനല്‍ പട്ടികളെയും പാമ്പുകളേയും തന്നെയാട്ടോ) ആരും വിളിച്ചിട്ടു വന്നതല്ലാല്ലേ!

[തഥേട്ടാ... അടുത്ത മീറ്റ് അധികം വൈകണ്ടാന്ന് മിന്യാപ്പോളീസീന്ന് ശ്രീജിത്തിന്റെ സ്പെഷല്‍ അരിയിപ്പുണ്ടായിരുന്നൂട്ടോ...]

ഗുപ്തന്‍ said...

ഇതെന്തോന്ന് കുറുമാനാണ് താരം എന്നു കണ്ടു വന്നപ്പം പടം മാറ്റി കുറുമാന്‍ ചരിതം ഒന്നാം ഘണ്ഡം ആക്കിയോ... ത്രേസ്യാമ്മോ... ബാക്കി ബാക്കി...

കുട്ടിച്ചാത്തോ..ഇതെന്താണ് ഈ പോസ്റ്റിനു പോസ്റ്റിടുന്നേനു മുന്നേ കമന്റിട്ടാ... ലേശം ഒതുങ്ങിക്കോളൂട്ടോ...

Mubarak Merchant said...

കൊള്ളാം കൊച്ചുറേസ്യാ.
തുടരൂ

കുട്ടന്‍സ്‌ | S.i.j.i.t.h said...

നിര്‍ത്തി നിര്‍ത്തി എഴുതാതെ തുടരൂ കുട്ടീ...

:)

ഏറനാടന്‍ said...

ഭീകരനോവല്‍ തുടങ്ങും പോലെ ആരംഭിച്ചപ്പോള്‍ ഇതൊരൊന്നൊന്നര ചിരിയമിട്ടാവുമെന്നതറിഞ്ഞീല.. കൊള്ളാം ബാക്കി ബാഗളൂരുവിശേഷലു വരട്ടലു... :)

ജാസൂട്ടി said...

എനിക്കിട്ടു താങ്ങി അല്ലേ...
"ഞാന്‍ വന്നപ്പൊ ജാസൂട്ടി ആ പട്ടിയുടെ കൂടെയായിരുന്നു " എന്ന് വരുന്നവരോടും പോകുന്നവരോടും ഒക്കെ വിശദീകരിക്കുന്നതു കേട്ടപ്പോഴേ തോന്നിയിരുന്നു എന്നെയും ആ മിണ്ടാപ്രാണിയെയും ചേര്‍ത്ത് കഥയുണ്ടാക്കുമെന്നു...

പാവമായ എന്നോട് പാപിയായ ഈ കൊച്ച് ചെയ്യുന്നതൊന്നും നീ കാണുന്നില്ലേ?
---നന്നായി...തുടരൂ ...ഞാന്‍ സഹിക്കാന്‍ തയാറാണ്‌...

കൊച്ചുത്രേസ്യ said...

അതിനു ജാസൂട്ടിയല്ലല്ലോ ആ പട്ടിയല്ലേ വികാരഭരിതനാകേണ്ടത്‌.ശുനകന്മാരുടെ വല്ല ബ്ലോഗ്ഗേര്‍സ്‌ ഗ്രൂപ്പുമുണ്ടായിരുന്നെങ്കില്‍ ഇതില്‍ പ്രതിഷേധിച്ച്‌ എന്നെ വ്യക്തിഹത്യ ചെയ്തേനെ. സ്മെയിലി സ്മയിലി

മെലോഡിയസ് said...

ഇതെന്താ എല്ലാവരും തുടരന്‍ ആക്കിയാണൊ പോസ്റ്റിടുന്നത്? വേഗം അടുത്തത് പോസ്റ്റ് ചെയ്യു.

കുറുമാന്‍ said...

കൊച്ചു ത്രേസ്യാ, താന്‍ കൊച്ചുത്രേസ്യയല്ല വല്യ ത്രേസിയാ (ജനാര്‍ദ്ധനന്‍ സ്റ്റൈല്‍)

അടുത്തത് പോരട്ടെ വേഗം

Rasheed Chalil said...

മീറ്റ് ഫസ്റ്റ് എപ്പിഡോസാണല്ലേ... തുടരൂ... തുടരൂ (ഞാന്‍ മീറ്റിനില്ലാത്തത് കൊണ്ട് ധൈര്യസമേതം) തുടരൂ...

സാല്‍ജോҐsaljo said...

പറയൂ, പറയൂ...

Sreejith K. said...

ആ പട്ടിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയാണ് ജാസൂട്ടി. ഹൊ, എന്താ ഒരു പ്രാസം. കലക്കി കൊച്ചുത്രേസ്യാക്കൊച്ചേ. വേണമെങ്കില്‍ ട്ട ഉള്ള മറ്റ് വാക്കുകളായ പട്ടിണി, പട്ടണം, പട്ടയം, പട്ടം, കെട്ട്, ഞൊട്ട്, കൊട്ട്, തട്ട്, മുട്ട്, പഷ്ട് എന്നിവ ഒക്കെ ഉപയോഗിക്കാമായിരുന്നു. ;)

Kiranz..!! said...

ഹ.ഹ..കലക്കി ത്രേസ്യാവേ..ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പങ്ങട് ക്ഷ,ണ്ണ പിടിച്ചു :)

ചാത്താ പോണപോക്കില്‍ ഇതിനേക്കൂടി ആ കാറില്‍ കയറ്റാര്‍ന്നു,പൂവര്‍ ഗേള്‍,ഓട്ടോയിലാ വന്നതെന്ന്.. ഛായ്..!

asdfasdf asfdasdf said...

നന്നായിട്ടുണ്ട് മീറ്റ് വിശേഷങ്ങള്‍.
തുടരൂ...

ഷാനവാസ്‌ ഇലിപ്പക്കുളം said...

അടുത്ത എപ്പിഡോസ്‌ ഇനിയെന്നാണാവോ? ഏതായാലും നനഞ്ഞിറങ്ങിയില്ലേ, കുളിച്ച്‌ കയറിക്കോ! കൃഷ്ണാ ഫാമിലെ ക്രൂരകൃത്യങ്ങള്‍ തുടരട്ടെ. പോസ്റ്റ്‌ കൊള്ളാം കേട്ടോ ത്രേസ്യാകൊച്ചേ.